ദോഹ: മൂന്നാം കിരീടമാണ് ലക്ഷ്യം. ഫ്രാന്‍സിനിത് നാലാം ഫൈനല്‍ അര്‍ജന്റീനയ്ക്ക് ആറാമത്തേത്. രണ്ട് ടീമുകളും രണ്ട് തവണ കിരീടത്തില്‍ മുത്തമിട്ടു. മൂന്നാമന് ആരാകും… ഹ്യൂഗോ ലോറിസിന്റെ ഫ്രാന്‍സോ, ലയണല്‍ മെസിയുടെ അര്‍ജന്റീനയോ…
36 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതിവരുത്താനുറച്ചാണ് അര്‍ജന്റീന ഇറങ്ങുന്നത്. 1986 മറഡോണയെന്ന ഇതിഹാസം കപ്പുയര്‍ത്തിയ ശേഷം ലോകകിരീടം അവര്‍ക്ക് രണ്ട് തവണ കൈയെത്തും ദൂരത്ത് നഷ്ടമായി. 1990, 2014 ലോകകപ്പുകളില്‍. രണ്ട് തവണയും ജര്‍മനിയോടാണ് തോല്‍വി. 1978-ലാണ് ആദ്യജയം. മരിയോ കെംപസിന്റെ നായകത്വത്തില്‍. അധികസമയത്തേക്ക് നീണ്ട ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ 3-1ന് പരാജയപ്പെടുത്തി. ഈ ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഗോളടിച്ച് ടോപ് സ്കോററായതും കെംപസായിരുന്നു.
1986-ല്‍ ഡീഗോ മാറഡോണയാണ് ടീമിനെ ജയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയന്നത്. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ 3-2ന് തോല്‍പ്പിച്ചു. ഇത്തവണ 2022-ല്‍ ഖത്തറില്‍ കെംപസിന്റെയും മാറഡോണയുടെയും പിന്‍ഗാമിയായി കപ്പുയര്‍ത്താന്‍ മെസിക്ക് കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സാക്ഷാല്‍ മിഷേല്‍ പ്ലാറ്റീനിയുടെ സുവര്‍ണകാലത്തുപോലും കിരീടം സ്വന്തമാക്കാന്‍ കഴിയാതിരുന്ന ഫ്രാന്‍സിന്റെ ആദ്യ ലോക കിരീടം 1998ല്‍. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ സിനദിന്‍ സിദാന് എന്ന ഇതിഹാസത്തിന്റെ ചുമലിലേറി കുതിച്ച ഫ്രാന്‍സ് ഫൈനലില്‍ റൊണാള്‍ഡോ-റിവാള്‍ഡോ-ബെബെറ്റോ എന്നീ സൂപ്പര്‍ താരങ്ങളടങ്ങിയ ബ്രസീലിനെ 3-0ന് കീഴടക്കി.
അതിനുശേഷം 2018-ലെ റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി രണ്ടാം കിരീടവും സ്വന്തമാക്കി. ഇതിനിടെ 2006ലെ ഫൈനലില്‍ കളിച്ചെങ്കിലും ഷൂട്ടൗട്ടില്‍ ഇറ്റലിയോട് 5-3ന് പരാജയപ്പെട്ടു. ഇത്തവണ ഹ്യൂഗോ ലോറിസും കൂട്ടരും കിരീടം നിലനിര്‍ത്തുമോയെന്നും ലോകം ഉറ്റുനോക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: