തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ സമാപന ചടങ്ങില്‍ തന്റെ പേര് വിളിച്ച് സ്വാഗതം ചെയ്തപ്പോള്‍ കൂവി വിളിച്ച് പ്രതിഷേധതിനെ നാടന്‍ നായ്ക്കളുടെ കുരയോട് ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത്. ന്യൂസ് 18 ചാനലിന് നല്കിയ പ്രതികരണത്തിലാണ് പ്രതിഷേധിച്ചവരെ അവഹേളിച്ച പരാമര്‍ശം രഞ്ജിത്തില്‍ നിന്നുണ്ടായത്.
‘കൂവി വിളിച്ചതിനെ വലുതാക്കേണ്ട. ആരോ എന്തോ ബഹളമുണ്ടാക്കി. അതില്‍ വലിയ കാര്യമില്ല. വയനാട്ടില്‍ എനിക്കൊരു വീടുണ്ട്. വീട് നോക്കുന്ന ബാലകൃഷ്ണന് നാടന്‍ നായ്ക്കളെ പോറ്റാറുണ്ട്. അവര്‍ എന്നെ കാണുമ്പോള്‍ കുരയ്ക്കാറുണ്ട്. ഞാന്‍ വീടിന്റെ ഉടമസ്ഥന് ആണെന്ന യാഥാര്‍ത്ഥ്യം അറിയാതെയാണത്. എനിക്കതിനോട് ചിരിയാണ് തോന്നുന്നത്. ഈ അപശബ്ദങ്ങളെയും അത്രയേ കാണുന്നുള്ളൂ. ചില ശബ്ദങ്ങള്‍ ഉണ്ടാകും. നായ മനപ്പൂര്‍വ്വം എന്നെ ടാര്‍ജറ്റ് ചെയ്ത് കുരക്കുന്നതല്ല. വല്ലപ്പോഴും എത്തുന്ന ആള് എന്ന നിലയില്‍ എന്നോട് പരിചയമില്ലായ്മ ഉണ്ടാകാം. അതുകൊണ്ട് ഞാന്‍ ആ നായയെ തല്ലി പുറത്താക്കാന്‍ ശ്രമിക്കില്ല’ രഞ്ജിത് പ്രതികരിച്ചു. ഈ ബഹളം ഒന്നും കാര്യമായി എടുക്കാറില്ല. മേള നടത്തിപ്പില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ചലച്ചിത്ര അക്കാദമിക്ക് ഒരു തരത്തിലുള്ള പ്രശ്നവുമില്ലെന്നും അദ്ദേഹം ചാനലിനോട് പറഞ്ഞു.
തന്നെ കൂവി എന്നെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും 1977 ല്‍ എസ്എഫ്ഐയിലൂടെയാണ് താന്‍ പോരാട്ടം തുടങ്ങിയതെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് സമാപന വേദിയില്‍ രഞ്ജിത്ത് പറഞ്ഞിരുന്നു. തന്നെ സ്വാഗതം ചെയ്തതാണോ കളിയാക്കിയതാണോ എന്ന് ചോദിച്ച് കൊണ്ടാണ് രഞ്ജിത്ത് തന്റെ പ്രസംഗം ആരംഭിച്ചത്. താന്‍ സംസാരിക്കുമ്പോള്‍ ഒരു വിഭാഗം കൂവാന്‍ പദ്ധതിയിട്ടിട്ടുണ്ട് എന്ന് തന്റെ സുഹൃത്തായ മാധ്യമ പ്രവര്ത്തകന് പറഞ്ഞു. കൂവിത്തെളിയുന്നത് നല്ല കാര്യമാണ് എന്നാണ് താന്‍ മറുപടി പറഞ്ഞത്. തന്നെ കൂവിത്തോല്‍പിക്കാനാവില്ല. 1977 ല്‍ എസ്എഫ്ഐയിലൂടെ തുടങ്ങിയതാണ് ജീവിതം. അതു കൊണ്ട് കൂവി പരാജയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: