ന്യൂദല്‍ഹി:ചൈനയില്‍നിന്നുള്ള യുദ്ധ ഭീഷണി ഇന്ത്യ അവഗണിക്കുകയാണെന്ന് ആരോപിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രൂക്ഷഭാഷയില്‍ മറുപടിയുമായി ബിജെപി. രാഹുലിന്റെ അപ്പൂപ്പന് ജവഹര്‍ലാല്‍ നെഹ്റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പറഞ്ഞു.
ചൈന ഇന്ത്യയുമായി യുദ്ധത്തിനു തയാറെടുക്കുകയാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഭീഷണി അവഗണിച്ച് ഉറങ്ങുകയാണെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.. ചൈന വെറും കടന്നുകയറ്റത്തിനുള്ള തയാറെടുപ്പല്ല നടത്തുന്നതെന്നും പൂര്‍ണമായ യുദ്ധത്തിനു വേണ്ടിയാണെന്നായിരുന്നു രാഹുലിന്റെ ആരോപണം. രാഹുലിന്റെ മുത്തച്ഛന് ജവഹര്‍ലാല്‍ നെഹ്റു ഉറക്കത്തിലായിരുന്നപ്പോള്‍ 37,242 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ ഭാഗം ചൈന പിടിച്ചെടുത്ത കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളത്” 1962ലെ ഇന്ത്യ-ചൈന യുദ്ധം ഓര്‍മിപ്പിച്ച് റാത്തോഡ് പറഞ്ഞു.
രാഹുല്‍ ഗാന്ധി സ്വന്തം പുനരവതരണത്തിനു വേണ്ടി രാജ്യസുരക്ഷയെക്കുറിച്ച് നിരുത്തരവാദപരമായ പരാമര്‍ശം നടത്തരുതെന്നും റാത്തോഡ് പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയെക്കുറിച്ചും അതിര്‍ത്തികളെക്കുറിച്ചും രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും സൈനികരുടെ ആത്മവീര്യം കെടുത്താനും ഉദ്ദേശിച്ചാണെന്ന് രാജ്വര്ധന് സിങ് റാത്തോഡ് കുറ്റപ്പെടുത്തി. രാഹുലിന് ചൈനയുമായി അടുത്ത ബന്ധമുണ്ടാകും, അതുകൊണ്ടാകും അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പറയുന്നതെന്നും രാജ്വര്ധന് സിങ് റാത്തോഡ് കുറ്റപ്പെടുത്തി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: