ബെംഗളൂരു: നഷ്ടം കുമിഞ്ഞു കൂടിയതു മൂലം രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അടച്ചു പൂട്ടിയ കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്ഡ്സ്, അഥവാ കോളാര്‍ സ്വര്‍ണഖനി വീണ്ടും തുറക്കുന്നു. മോദി സര്‍ക്കാര്‍ മുന്‍കൈ എടുത്താണ് ഒരിക്കല്‍, ആയിരങ്ങള്‍ക്ക് അന്നമൂട്ടിയിരുന്ന, രാജ്യത്തിന് വലിയ തോതില്‍ സ്വര്‍ണം നല്‍കിയിരുന്ന കോളാറിലെ ഭാരത് ഗോള്‍ഡ് മൈന്‍സ് ലിമിറ്റഡ് തുറക്കുന്നത്.
ഇതിന്റെ ഭാഗമായി, മുന്‍പ് ഖനനം ചെയ്ത് കൂട്ടിയിട്ടിരിക്കുന്ന മണ്കൂനകളില് അവശേഷിക്കുന്ന സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള നടപടികളാരംഭിച്ചു. എന്നാല്‍ വീണ്ടും ഖനനമുണ്ടാകുമോയെന്ന് വ്യക്തമല്ല. 2001ല്‍ പൂട്ടിയ ഖനി തുറക്കാന്‍ നടപടി എടുത്തതായി കഴിഞ്ഞ ദിവസം കേന്ദ്ര ഖനി മന്ത്രി പ്രഹ്ലാദ് ജോഷി പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. കെട്ടിക്കിടക്കുന്ന 130 ലക്ഷം ടണ്‍ മണ്കൂനകളില് മാത്രം 6237 കോടിയുടെ സ്വര്ണമുണ്ടെന്നാണ്, പഠനങ്ങള്‍ നല്കുന്ന സൂചന.
ഇതിനു പുറമേ ഇവയില്‍ 25,000 കോടിയുടെ അമൂല്യ ലോഹങ്ങളായ പല്ലേഡിയവും ടങ്സ്റ്റണും ഉണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അയച്ച വിദഗ്ധ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവ ആണവ നിലയങ്ങളില്‍ അനിവാര്യമായ ലോഹങ്ങളാണ്. കോളാറില്‍ 14,000 ഏക്കറാണ് ഖനനത്തിനുള്ളത്. ഇതില്‍ 4000 ഏക്കറിലാണ് സ്വര്‍ണ ഖനനം നടന്നിരുന്നത്.
സ്വര്‍ണം വേര്‍തിരിക്കാന്‍, ചെലവു കുറഞ്ഞ, സൈനഡ് ഉപയോഗിക്കേണ്ടാത്ത പുതിയ സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. അതുപയോഗിച്ച് സ്വര്‍ണം വേര്‍തിരിക്കാനാണ് കേന്ദ്ര പദ്ധതി. കെട്ടിക്കിടക്കുന്ന മണ്‍കൂനയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കരാറുകള്‍ ക്ഷണിക്കും.
സ്വര്‍ണവും അപൂര്‍വ ലോഹങ്ങളും വഴി 1,73,859 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് കേന്ദ്ര ഖനന മന്ത്രാലയത്തിന്റെ പ്രതീക്ഷ. കോളാര്‍ ഫീല്ഡ്സ് തുറക്കുമെന്ന് ഉറപ്പായതോടെ ഖനി തുറന്ന് ജനങ്ങളുടെ വരുമാനം ഉറപ്പാക്കണമെന്ന ആവശ്യവുമായി സിപിഐ അടക്കമുള്ള ചില സംഘടനകളും ഇറങ്ങിയിട്ടുണ്ട്. ഖനനം നിലച്ചതോടെ ഉപജീവനമാര്‍ഗം മുട്ടിയ ഇവിടുത്തെ ജനങ്ങള്‍ കടുത്ത ബുദ്ധിമുട്ടിലാണ്. അടുത്തിറങ്ങിയ, ഖനിയെക്കുറിച്ചുള്ള കെജിഎഫ് എന്ന ചലച്ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും വമ്പന്‍ ഹിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: