തിരുവനന്തപുരം: കോര്‍പ്പറേഷന്‍നിലെ കത്തുവിവാദത്തില്‍ ബിജെപി നടക്കുന്ന ജനകീയ സമരങ്ങള്‍ക്ക് മുന്നില്‍ സിപിഎമ്മിനും, കോര്പറേഷന് ഭരണ സമിതിയ്ക്കും മുട്ടുമടക്കേണ്ടി വരുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷ് പറഞ്ഞു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കുന്നത് തട്ടിപ്പും, അഴിമതിയുമാണെന്ന് സര്‍ക്കാരിന് ബോധ്യമായിട്ടും യാതൊരുനടപടിയും സ്വീകരിയ്ക്കുവാന്‍ തയ്യാറാകാത്തത് സിപിഎമ്മിന്റെയും, സംസ്ഥാന സര്‍ക്കാരിന്റെയും ഇച്ഛാശക്തിയില്ലായ്മയും, അഴിമതി മാഫിയയോട് സന്ധിചെയ്യുന്ന സമീപനവുമാണ് തുറന്നു കാട്ടുന്നതെന്ന് ബിജെപി അരോപിച്ചു. കൗണ്‍സിലില്‍ ഹാജരായവര്‍ക്ക് അറ്റന്റെന്‍സ് രേഖപ്പെടുത്തുവാന്‍ രജിസ്റ്റര്‍ പോലും നല്ലാത്തത് കേട്ടുകേഴ്വിയില്ലാത്ത കാര്യമാണ്.
അഴിമതിയ്ക്കെതിരെ സമരം ചെയ്യുന്ന കൗണ്‍സിലര്‍മാരെ സസ്പെന്റ് ചെയ്തും, അറ്റന്റെന്‍സ് മാര്‍ക്ക് ചെയ്യുവാന്‍ അനുവദിയ്ക്കാതെയും നിര്‍വീര്യമാക്കുവാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് രാജേഷ് പറഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ടായി അഴിമതി മാഫിയയ്ക്കും, സിപിഎമ്മിനും കീഴടങ്ങേണ്ടി വന്ന തിരുവനന്തപുരത്തെ ജനങ്ങളുടെ പ്രതിഷേധസ്വരമാണ് ബിജെപി സമരങ്ങളില്‍ പ്രതിഫലിയ്ക്കുന്നത്. പരമാവധി ജനപിന്തുണയാര്‍ജിച്ച് വരും ദിവസങ്ങളില്‍ തിരു:കോര്‍പ്പറേഷനിലെ അഴിമതി വിരുദ്ധ സമരം ശക്തിപ്പെടുത്തുമെന്നും വി.വി. രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: