വി. ശിവന്‍കുട്ടി
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി
കേരള സര്‍ക്കാര്‍ തുറന്ന മനസ്സോടെയാണ് പാഠ്യപദ്ധതി പരിഷ്കരണത്തിന് തയ്യാറെടുപ്പുകള്‍ നടത്തിവരുന്നത്. മികച്ച ഭാവി തലമുറയെ രൂപപ്പെടുത്താനുള്ള പാഠ്യപദ്ധതി രൂപീകരിക്കുന്നതിന് ഒരേ മനസ്സോടെ കേരളം മുന്നിട്ടിറങ്ങേണ്ട കാലമാണ്. കുട്ടികളുടെ ഭാവിക്ക് ഏറ്റവും ഉചിതമായത് നിശ്ചയിക്കുക എന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഏറ്റവും ശാസ്ത്രീയമായ പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫ്) 2005ന്റെ ചുവടുപിടിച്ച് കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 രൂപപ്പെടുത്തിയതിനു ശേഷം സമഗ്രമായി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനാണ് കേരളം ഒരുങ്ങുന്നത്. പന്ത്രണ്ടാം ക്ലാസുവരെ സ്കൂള്‍ പ്രായത്തിലുള്ള കേരളത്തിലെ 64.23 ലക്ഷം കുട്ടികളില്‍ 46.29 ലക്ഷം കുട്ടികള്‍ (72.06%) പഠിക്കുന്ന പൊതുവിദ്യാലയങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് സമഗ്രപരിഷ്കരണം നടപ്പിലാക്കുന്നത്. അണ് എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങളില്‍ നിശ്ചിത ശതമാനമെങ്കിലും കേരള സിലബസാണ് പിന്തുടരുന്നത്. ചുരുക്കത്തില്‍ കേരളത്തിലെ വലിയൊരു വിഭാഗം കുട്ടികള്‍ക്ക് മികച്ച ഭാവി ഉറപ്പാക്കുന്നതിനാണ് പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ കേരള സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ 2020 ല്‍ പ്രസിദ്ധീകരിച്ച ദേശീയവിദ്യാഭ്യാസ നയത്തിന്റെ തുടര്‍ച്ചയായി സംസ്ഥാനങ്ങളോട് പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീസ്കൂള്‍ വിദ്യാഭ്യാസം, സ്കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളിലായി സംസ്ഥാനം പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിക്കേണ്ടതുണ്ട്. ജനകീയ സംവാദങ്ങളിലൂടെ 2007ല്‍ തയാറാക്കിയ പാഠ്യപദ്ധതിയാണ് ഇപ്പോഴും പിന്തുടരുന്നത്. 2013 ല്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു. കഴിഞ്ഞ 10 വര്‍ഷക്കാലമായി വൈജ്ഞാനിക മേഖലയിലും സാങ്കേതിക രംഗത്തും ബോധനശാസ്ത്ര രംഗത്തും ഉണ്ടായ മാറ്റങ്ങളെ നമ്മുടെ പാഠ്യപദ്ധതി ഉള്‍ക്കൊള്ളുന്നില്ല എന്നതാണ് പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യമാക്കുന്നത്. തൊഴില്‍ മേഖലകളില്‍ ആത്മവിശ്വാസത്തോടെ ഇടപെടുന്നതിന് അറിവ്, കഴിവ്, നൈപുണി എന്നിവ ആവശ്യമാണ്. തൊഴില്‍ വിദ്യാഭ്യാസത്തെ സ്കൂള്‍ പാഠ്യപദ്ധതിയുമായി ശാസ്ത്രീയമായി ഉള്‍ച്ചേര്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ക്ലാസ് മുറികളെല്ലാം സാങ്കേതികവിദ്യാ സൗഹൃദമായെങ്കിലും ആധുനിക സാങ്കേതികവിദ്യ അനിവാര്യമായ തരത്തിലല്ല പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിലുള്ളത്. കാലാവസ്ഥാ വ്യതിയാനം കേരളത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും പ്രകൃതി ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നീ കാര്യങ്ങള്‍ സ്കൂള്‍ ഘട്ടത്തില്‍ കുട്ടികള്‍ അറിയേണ്ടതുണ്ട്. സാമൂഹ്യമായി സ്വീകരിക്കപ്പെട്ടിട്ടുള്ള വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കല്‍, പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് അനുസൃതമായും സ്കൂള്‍ പാഠ്യപദ്ധതിയെ പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ നടക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തില്‍ സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നുള്ളവരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ജനകീയമായ പാഠ്യപദ്ധതി രൂപീകരണത്തെ സഹായിക്കും.
എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി രൂപീകരിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തെപ്പോലെ വിദ്യാസമ്പന്നമായ ഒരു സമൂഹത്തില്‍ പാഠ്യപദ്ധതി തയാറാക്കുന്നതിന് ആധാരമായ നിലപാട് രേഖകള്‍ തയ്യാറാക്കുന്നതിലും ജനങ്ങളുടെ അഭിപ്രായം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. പാഠ്യപദ്ധതി പരിഷ്കരണത്തിന് നേതൃത്വം നല്കുവാന് 26 മേഖലകളുടെ അടിസ്ഥാനത്തില്‍ ഫോക്കസ് ഗ്രൂപ്പുകള്‍ നിശ്ചയിച്ചു. ഈ ഗ്രൂപ്പുകളില്‍ അതത് വിഷയത്തിന്റെ വിദഗ്ധര്‍, സര്‍വകലാശാലകളിലെ പ്രൊഫസര്‍മാര്‍, വിദ്യാഭ്യാസ വിദഗ്ധര്‍, കോളേജ്, സ്കൂള്‍ അധ്യാപകര്‍, സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ തല്പരരായ വ്യക്തികള്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. വിവിധ വിഷയങ്ങളുടെ ഫോക്കസ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള 26 മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചാക്കുറിപ്പുകള്‍ക്ക് ഫോക്കസ് ഗ്രൂപ്പുകളാണ് അന്തിമരൂപം നല്‍കിയത്. സ്കൂള്‍തലം മുതല്‍ ജില്ലാതലം വരെ വിപുലമായ ജനകീയ ചര്‍ച്ചകള്‍ക്കായി മികച്ച തയാറെടുപ്പുകളാണ് ഇത്തവണ നടത്തിയത്.
പാഠ്യപദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികളോട് അഭിപ്രായമാരാഞ്ഞു കൊണ്ടാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്കരണം പുരോഗമിക്കുന്നത്. കുട്ടികളുടെ അഭിപ്രായങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് പരിഷ്കരണ ചര്‍ച്ചയെ കുട്ടികള്‍ ഏറ്റെടുത്തു എന്നാണ് മനസ്സിലാകുന്നത്. വസ്തുനിഷ്ഠമായി കാര്യങ്ങളെ വിശകലനം ചെയ്തുകൊണ്ട് അഭിപ്രായപ്രകടനം നടത്തുവാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞു. കുട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന പാഠ്യപദ്ധതി ലോകത്തിന് തന്നെ മാതൃകയാവും. വിദ്യാലയങ്ങളില്‍ ക്രോഡീകരിച്ച കുട്ടികളുടെ അഭിപ്രായങ്ങള്‍ ബ്ലോക്കിന് കൈമാറും. ഇവ ബ്ലോക്ക് അടിസ്ഥാനത്തില്‍ വീണ്ടും വിവിധ മേഖലകളായി ക്രോഡീകരിക്കും. തുടര്‍ന്ന് എസ്സിഇആര്ടിക്ക് കൈമാറും. ക്രോഡീകരിച്ച അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആഴത്തില്‍ പരിശോധിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിലും പാഠപുസ്തക രൂപീകരണത്തിലും പ്രയോജനപ്പെടുത്തും.
ഇത്തരം ജനകീയ ചര്‍ച്ചകളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്ത നിരവധിപ്പേരുണ്ടാകുമെന്ന് അറിയാം. അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതിന് വേണ്ടിയാണ് ടെക് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഏതൊരാള്‍ക്കും വ്യക്തിഗതമായി കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള അവസരമാണ് തുറന്ന് കൊടുത്തിരിക്കുന്നത്.
പരിഷ്കരണത്തിന് ആധാരമായ 26 ഫോക്കസ് ഗ്രൂപ്പുകളുടെ നിലപാട് രേഖകള്‍ തയാറാക്കുന്നതിന് നേതൃത്വം നല്‍കുന്നത് അക്കാദമിക് വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഫോക്കസ് ഗ്രൂപ്പുകള്‍ ആണ്. ഫോക്കസ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ജനകീയ ചര്‍ച്ചകള്‍ക്കൊപ്പം തന്നെ വ്യത്യസ്തങ്ങളായ സെമിനാറുകള്‍, ചര്‍ച്ചകള്‍, പഠനങ്ങള്‍, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകരുമായുള്ള അഭിമുഖങ്ങള്‍, വിവിധ രാജ്യങ്ങളിലെ പാഠ്യപദ്ധതികളുടെ പരിശോധന എന്നിങ്ങനെ വിപുലമായ പഠനപരിപാടികള്‍ നടന്നുവരുന്നു. വ്യത്യസ്ത തലങ്ങളില്‍ ചര്‍ച്ച ചെയ്തതിനു ശേഷം നവകേരള സൃഷ്ടിക്കായുള്ള പുതിയ പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ രൂപീകരിക്കും. തുടര്‍ന്ന് പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ അടിസ്ഥാനത്തില്‍ സിലബസ് ഗ്രിഡ് രൂപീകരിക്കും. പാഠ്യപദ്ധതി സമീപനരേഖ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അക്കാദമിക വിദഗ്ധര്‍ പരിശോധിച്ചാണ് സിലബസിന് അന്തിമരൂപം നല്‍കുക. സിലബസിനെ അടിസ്ഥാനപ്പെടുത്തി പാഠപുസ്തകങ്ങള്‍ രചിക്കും.
ഇത്തരത്തില്‍ ഏറെ ജനകീയമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷകളും ആശങ്കകളും പരിഗണിച്ച് ഏറെ സുതാര്യമായി ഈ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംവാദങ്ങളും ചര്‍ച്ചകളും കേരളത്തിന് അനുകൂലമായ പാഠ്യപദ്ധതി രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ മാത്രമാണെങ്കില്‍ ആവശ്യമായ എല്ലാ അവസരങ്ങളും സര്‍ക്കാര്‍ ഒരുക്കും. ഒരു മികച്ച ഭാവിതലമുറയെ രൂപപ്പെടുത്തുന്നതിനുള്ള ചരിത്ര ദൗത്യത്തില്‍ നമുക്ക് കൂട്ടായി അണിചേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: