തിരുവനന്തപുരം: ശബരിമലയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്ശന് പദ്ധതിയില്‍ ശബരിമലയെ ഉള്‍പ്പെടുത്തി 100 കോടി രൂപ അനുവദിച്ചിട്ടും അത് നടപ്പിലാക്കുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ശബരിമലയില്‍ കോടിക്കണക്കിന് ഭക്തര്‍ എത്തുമെന്ന് നേരത്തെ അറിയാവുന്നതായിട്ടും ദേവസ്വംബോര്‍ഡ് ഒരു സൗകര്യവും ഒരുക്കിയില്ല.
സന്നിധാനത്തും പമ്പയിലും ശുചിത്വം ഉറപ്പുവരുത്തുന്നതിലും സര്‍ക്കാര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഹോട്ടലുകാര്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാര്‍ അയ്യപ്പഭക്തരെ കൊള്ളയടിക്കുകയാണ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭക്തരെ ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രമുള്ളതാണ്. ഭക്തരെ കുത്തിനിറച്ച് ഒരുവിധത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ദേവസ്വംബോര്‍ഡും പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: