ന്യൂദല്‍ഹി: ഇന്റര്‍നെറ്റിന്റെ ഭാവി സംബന്ധിച്ച നയരൂപീകരണത്തിന് ഇന്ത്യയ്ക്ക് മറ്റേതെങ്കിലും രാജ്യത്തെയോ ആഗോള സമ്പ്രദായങ്ങളെയോ പിന്തുടരേണ്ടതില്ലെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
യൂറോപ്യന്‍ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന് അഥവാ ജിഡിപിആര്‍ ആണ് ഇന്റര്‍നെറ്റ് ഭരണത്തിനുള്ള സുവര്‍ണ്ണ അളവുകോലായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഞങ്ങള്‍ അതിനോട് യോജിക്കുന്നില്ല. ‘820 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ തങ്ങള്‍ക്ക് ഏതുതരം ഇന്റര്‍നെറ്റ് വേണമെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അവരുടേതായ മാര്‍ഗമുണ്ട്, അര്‍ഹതയും’. അതിനായി നമുക്ക് നമ്മുടേതായ പന്ഥാവ് നിര്‍ണ്ണയിക്കുകയും അനുയോജ്യമായ ഒരു ചട്ടക്കൂട് നിര്‍മ്മിക്കുകയും ചെയ്യാം. യുഎഇ മന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലമയുമായി ദുബായില്‍ നടന്ന ഇന്ത്യ ഗ്ലോബല്‍ ഫോറം സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പൗരന്മാരുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ ഇന്ത്യയും ഇതര രാജ്യങ്ങളുമായുള്ള പങ്കാളിത്തങ്ങളേയും നിലനിന്നുപോരുന്ന ബന്ധങ്ങളെയും ഇത് ഒരുതരത്തിലും ബാധിക്കാനോ മന്ദഗതിയിലാക്കാനോ പാടില്ലെന്നും ഇപ്പോള്‍ പൊതുജനാഭിപ്രായത്തിനായി തുറന്നു നല്‍കിയിരിക്കുന്ന ഡിജിറ്റല്‍ സ്വകാര്യ വ്യക്തിവിവര സംരക്ഷണ ബില്ലിനെക്കുറിച്ച് സൂചിപ്പിക്കവേ മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഇന്റര്‍നെറ്റിനെ ശക്തമായി നിയന്ത്രിക്കില്ലെന്നും എന്നാല്‍ തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് എന്ന അടിസ്ഥാന തത്വത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനും പൗരന്മാര്ക്കും ഇടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ഇന്ത്യ സ്റ്റാക്ക് എന്ന ആശയം സഹായിച്ചിട്ടുണ്ടെന്ന് ഡിജിറ്റല്വത്ക്കരണശ്രമങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇത് ഭരണതലത്തിലെ തടസ്സങ്ങള്‍ നീക്കുകയും ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് എളുപ്പത്തില്‍ കൈമാറുന്നതില്‍ സഹായകമാവുകയും ചെയ്തു. ഇന്ത്യ സ്റ്റാക്ക് മറ്റ് രാജ്യങ്ങള്‍ക്കും സ്വീകാര്യമാവുന്ന നിലക്ക് വളര്‍ന്നിരിക്കുന്നു. ആഗോള തലത്തിലും ഡിജിറ്റലൈസേഷന് ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത രാജ്യങ്ങള്‍ക്കും അതിവേഗം ഡിജിറ്റലൈസേഷന് യാഥാര്‍ഥ്യമാക്കുന്നതിനുള്ള അവസരമാണ് ഇതുവഴി തുറന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ആരെയും അനുകരിക്കുകയല്ല, മറിച്ച് അവര്‍ സ്വന്തം പാത സൃഷ്ടിക്കുകയാണ് ചെയ്തത്; ഇന്ന് അത് പലരും അനുകരിക്കുന്നു’വെന്ന് ഇന്ത്യ സ്റ്റാക്കിനെ അഭിനന്ദിച്ച് യു എ ഇ മന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ പറഞ്ഞു. ഇന്ത്യയെപ്പോലെ വലുതായൊരു രാജ്യത്തിന് ഒരു ദശാബ്ദത്തിനുള്ളില്‍ അത്യാധുനികമായ എന്തെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നത് നിസ്സാരമല്ല.
തെറ്റായ വിവരങ്ങള്‍ ആയുധമാക്കിയും സൈബര്ഭീഷണികളിലൂടെ ഉപയോക്താക്കള്‍ക്ക് ദോഷം വരുത്തുകയും ചെയ്യുന്നതടക്കമുള്ള പ്രശ്നങ്ങള്‍ പുതിയ ഡിജിറ്റല്‍ ഇന്ത്യ ആക്ടിലൂടെ പരിഹരിക്കപ്പെടും. ഇന്റര്‍നെറ്റിന്റെ അതിരുകളില്ലാത്ത സവിശേഷതകള്‍ കണക്കിലെടുത്ത് ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സംഭരിക്കുകയും വിവിധ ആവശ്യങ്ങള്‍ക്ക് അവ ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോള്‍ പ്രസ്തുതവിവരങ്ങള്‍ മതിയാംവണ്ണം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പോന്ന വിശ്വാസയോഗ്യമായ ഡാറ്റ ഇടനാഴികള്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: