തിരുവനന്തപുരം: ഐ എഫ് എഫ് കെ വേദിയില്‍ ‘നന്‍പകല്‍ നേരത്തെ മയക്കമെന്ന’ സിനിമയുടെ പ്രദര്‍ശനത്തിനിടെയുണ്ടായ പ്രതിഷേധത്തിൽ കലാപശ്രമത്തിന് പോലീസ് കേസെടുത്തു. വിദ്യാർത്ഥികൾ ഉൾപ്പെടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നതടക്കമുള്ള വകുപ്പുകളാണ് മ്യൂസിയം പോലീസ് ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം വഴുതക്കാട് സ്വദേശി കിഷോര്‍ (25) തൃശൂര്‍ പാവറട്ടി സ്വദേശിനി നിഹാരിക (21) കൊല്ലം ചന്ദനത്തോപ്പ് മാമ്മൂട് സ്വദേശി മുഹമ്മദ് ഹനീന്‍ (25) എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. ഡെലിഗേറ്റ് പാസോ മതിയായ രേഖകളോ ഇല്ലാതെയാണ് തീയേറ്ററിലെ ഓഫീസിനകത്ത് തള്ളിക്കയറാന്‍ ശ്രമിച്ചതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
സിനിമയ്‌ക്ക് സീറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഐഎഫ്എഫ്കെയിൽ പ്രതിഷേധം അരങ്ങേറിയത്. റിസർവേഷൻ ചെയ്തവർക്കും സീറ്റ് ലഭിച്ചിരുന്നില്ല. തിയേറ്ററിനുള്ളിൽ കയറാൻ സാധിക്കാത്ത ഡെലിഗേറ്റുകള്‍ തള്ളിക്കയറാൻ ശ്രമിക്കുകയും ഇതിനെ തുടർന്ന് സംഘർഷം ഉണ്ടാവുകയുമായിരുന്നു. തിയേറ്ററിന് മുൻപിൽ ഡെലിഗേറ്റുകൾ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.
ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഇന്നലെ രാവിലെ മുതൽ സിനിമ കാണാനായി വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. പൊലീസ് ഇടപെട്ടാണ് ഒടുവിൽ സമരക്കാരെ അനുനയിപ്പിച്ചത്. അതേസമയം, പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: