കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60)യെ വീട്ടിലെത്തിയ സംഘം ക്രൂരമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിൽ കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദർ (32) ആണ് ഒന്നാം പ്രതി. ഇയാൾ കുറ്റക്കാരനാണെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സി.കൃഷ്ണ കുമാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
മൂന്നാം പ്രതിയായ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ അര്‍ഷാദി (28)നെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കേസില്‍ അറസ്റ്റിലായി കര്‍ണാടകയിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സുള്ള്യ താലൂക്കിലെ അബ്ദുല്‍ അസീസി (36)നെ പോലീസ് പിടികിട്ടാപ്പുളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കേസില്‍ നാലാം പ്രതിയായ ബാവ അസീസി (29) നെ നേരത്തെ കോടതി മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.
2018 ജനവരി 17നാണ് കവര്‍ച്ചയ്ക്ക് വേണ്ടി പ്രതികള്‍ പട്ടാപ്പകല്‍ സുബൈദയുടെ വീട്ടിലെത്തിയത്. സ്ഥലം നോക്കാനെന്ന വ്യാജേനയാണ് പ്രതികള്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് കുടി വെള്ളം ആവശ്യപ്പെട്ടപ്പോള്‍, വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോകുകയായിരുന്ന സുബൈദയുടെ മുഖത്ത് സംഘം ബലമായി ക്ലോറോഫോം മണപ്പിക്കുകയും ബോധരഹിതയാക്കുകയും പിന്നീട് കഴുത്ത് ഞെരിച്ച്കൊ ലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്.
വീട്ടിലുണ്ടായിരുന്ന 27 ഗ്രാം വരുന്ന സ്വര്‍ണ വളകള്‍, കമ്മല്‍, മാല എന്നിവ കവര്‍ച്ച ചെയ്യുകയായിരുന്നു. സുബൈദയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച രണ്ട് വളകള്‍, ഒരു മാല, ഒരു ജോഡി കമ്മല്‍ എന്നിവ കാസര്‍ക്കോട്ടെ ജ്വലറിയില്‍ നിന്ന് പ്രതികളുടെ സഹായത്തോടെ കണ്ടെത്തിയിരുന്നു. വാടകയ്ക്കെടുത്ത കാറുകളിലായിരുന്നു പ്രതികള്‍ എത്തിയത്. ഒന്നാം പ്രതിയായ അബ്ദുല്‍ ഖാദര്‍ കുറച്ചുകാലം സുബൈദയുടെ വീടിന് സമീപത്തെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. സുബൈദ ഒറ്റയ്ക്ക് വീട്ടില്‍ താമസിക്കുന്നതും ദേഹത്ത് സ്ഥിരമായി ആഭരണങ്ങള്‍ ധരിക്കുന്നതും കൊണ്ട് ഇവരുടെ വീട്ടില്‍ ധാരാളം സ്വര്‍ണവും പണവും ഉണ്ടാവുമെന്ന ധാരണയിലാണ് പ്രതികള്‍ കവര്‍ച്ചയ്ക്കായി ഗൂഢാലോചന നടത്തുകയും വീട്ടിലെത്തുകയും ചെയ്തതെന്നാണ് കേസ് റിപോര്‍ടില്‍ പറയുന്നത്.
പ്രതികളെ സുബൈദ തിരിച്ചറിഞ്ഞത് കൊണ്ടാണ് വയോധികയെ കൈകാലുകള്‍ കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊന്നതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ബേക്കല്‍ സിഐ ആയിരുന്ന വി.കെ.വിശ്വംഭരനാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: