ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായ അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും ചൈന ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യ സമര്‍ഥമായി സുഖോയ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനീസ് ഡ്രോണുകളെ തുരുത്തുകയായിരുന്നു.കഴിഞ്ഞയാഴ്ചയായിരുന്നു വ്യോമഗതാഗത നിരോധനമുള്ള അതിര്‍ത്തിയില്‍ ചൈനീസ് ഡ്രോണുകള്‍ കണ്ടത്. തുടര്‍ന്ന് ഇന്ത്യ സുഖോയ് 30 വിമാനങ്ങള്‍ അയച്ച് ഡ്രോണുകളെ ചൈനയിലേക്ക് തുരത്തി.ഡിസംബര്‍ 15,16 തീയതികളില്‍ മേഖലയില്‍ ഇന്ത്യന്‍ വ്യോമസേന പ്രത്യേക പരിശീലന പരിപാടി പ്രഖ്യാപിച്ചു. കൂടുതല്‍ യുദ്ധവിമാനങ്ങളെ വിന്യസിച്ചുകൊണ്ടുള്ള നീക്കമാണിത്. ചൈനയുടെ വ്യോമ നീക്കങ്ങളും ഇന്ത്യന്‍ റഡാറുകള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.ആസാമില്‍ എസ്-400 വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിച്ചും ബംഗാളിലെ ഹാഷിമാര വ്യോമത്താവളത്തില്‍ റഫാല്‍ യുദ്ധവിമാനങ്ങളെ വിന്യസിച്ചും ചൈനീസ് ഭീഷണി നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്.
വെള്ളിയാഴ്ച തവാങ്ങിലെ നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ തല്ലിയോടിക്കുകയായിരുന്നുവെന്ന വിവരം പുറത്തായിട്ടുണ്ട്. അമ്പതോളം ഇന്ത്യന്‍ സൈനികര്‍ ചൈനീസ് സൈനികരെ ഓടിക്കുകയും പിന്തുടര്ന്ന് ചെന്ന് ചൈനയുടെ അതിര്‍ത്തി പോസ്റ്റിന് അടുത്തുവരെയെത്തി നിലയുറപ്പിക്കുകയും ചെയ്തു. രണ്ട് റെജിമെന്റിലെ സൈനികരാണ് നിര്‍ണായക നടപടിയുടെ ഭാഗമായത്.
ഇന്ത്യന്‍ സൈന്യം ആറ് ചൈനീസ് സൈനികരെ പിടികൂടി കസ്റ്റഡിയില്‍ വച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം വിട്ടുനല്‍കി. ചൈനീസ് ആക്രമണമുണ്ടാകുമെന്ന് ഇന്ത്യന്‍ സൈന്യം മുന്‍കൂട്ടി അറിഞ്ഞിരുന്നു. മുന്നൂറോളം ചൈനീസ് സൈനികരെ അതിലധികം ഇന്ത്യന്‍ സൈനികരാണ് പ്രതിരോധിച്ചത്. വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്കും കല്ലേറിലേക്കും മാറിയതോടെ ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ ആക്രമിച്ചു. 22ലധികം ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു, ആറ് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റു.
ചൈനീസ് പോസ്റ്റിന് സമീപത്ത് എത്തിയതോടെ ചൈന മുന്നറിയിപ്പായി വെടിയുതിര്‍ത്തു, പോസ്റ്റില്‍ നിന്ന് മടങ്ങാന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈനികരും മൈക്കിലൂടെ ചൈനീസ് സൈന്യത്തിനും മുന്നറിയിപ്പ് നല്കി. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഇന്ത്യന്‍ സൈനികരെ ചൈനീസ് പോസ്റ്റിന് സമീപത്തുനിന്ന് പിന്തിരിപ്പിച്ചത്. 25 മുതല്‍ 30 മിനിറ്റ് വരെ സംഘര്‍ഷം നീണ്ടു. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ ശാന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: