രാജ്ഭവനിലെ ക്രിസ്തുമസ് ദിനാഘോഷത്തിലേക്കുള്ള ഗവര്‍ണറുടെ ക്ഷണം നിരസിച്ച സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും തീരുമാനം പ്രത്യക്ഷത്തില്‍ തന്നെ സാമാന്യമര്യാദയുടെ ലംഘനവും, ഭരണഘടനയെയും കീഴ്വഴക്കങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്. രാഷ്ട്രീയമോ നയപരമോ ആയ അഭിപ്രായ വ്യത്യാസങ്ങളുള്ളപ്പോഴും ഗവര്‍ണറുടെ ക്ഷണക്കത്തു ലഭിച്ചാല്‍ രാജ്ഭവനിലെ ആഘോഷങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പങ്കെടുക്കാറുണ്ട്. സര്‍ക്കാരിന്റെ പരിപാടിയില്‍ ഗവര്‍ണറും സംബന്ധിക്കും. ജനാധിപത്യപരവും ആരോഗ്യകരവുമായ ഈ പതിവ് പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാരാണ് തെറ്റിച്ചത്. സര്‍ക്കാരിന്റെ ഇക്കഴിഞ്ഞ ഓണാഘോഷത്തിന് ക്ഷണിക്കാതിരുന്നതിനെത്തുടര്‍ന്ന് അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കൊപ്പമാണ് ഗവര്‍ണര്‍ ഓണമാഘോഷിച്ചത്. വിദ്വേഷത്തിന്റേതായ ഈ അന്തരീക്ഷം സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സൃഷ്ടിയാണ്. ഭരണഘടനാപരമായി സര്‍ക്കാരിന്റെ അധിപനായിരുന്നിട്ടും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സിപിഎം നേതാക്കളും ഗവര്‍ണര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നിരുത്തരവാദപരവും നിന്ദ്യവുമായ പ്രസ്താവനകളുടെ തുടര്‍ച്ചയാണ് രാജ്ഭവനിലെ ക്രിസ്തുമസ് ആഘോഷങ്ങളിലേക്കുള്ള ക്ഷണം നിരസിച്ചിരിക്കുന്നതും. താന്‍ വഹിക്കുന്ന പദവിയുടെ മാന്യത കണക്കിലെടുക്കാതെ മുഖ്യമന്ത്രി തന്നെ ഗവര്‍ണറെ വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ രാജ്ഭവനിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു സര്‍ക്കാര്‍ പോകാതിരിക്കുന്നതില്‍ അതിശയോക്തിയില്ല.
വിദ്വേഷം സിപിഎമ്മിന് രാഷ്ട്രീയം തന്നെയാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുന്നതില്‍ മാത്രമല്ല, ഇടപെടുന്ന എല്ലാ മേഖലയിലും അവര്‍ അത് പ്രകടിപ്പിക്കും. അധികാരം കിട്ടുമ്പോഴൊക്കെ വെറുപ്പ് ആഘോഷമാക്കി മാറ്റും. നിയമസഭയ്ക്കകത്തുപോലും ഇങ്ങനെ ചെയ്തിട്ടുള്ളതിന്റെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. അപ്പോഴും ഇക്കൂട്ടരുടെ ഇരട്ടനാവുകള്‍ സജീവമായിരിക്കും. നിയമസഭയിലെ അക്രമസംഭവങ്ങള്‍ക്ക് തെളിവില്ലെന്നാണല്ലോ കോടതിയില്‍ വാദിച്ചത്. എന്നിട്ട് സമാധാനത്തിന്റെയും പ്രതിപക്ഷബഹുമാനത്തിന്റെയുമൊക്കെ വക്താക്കള്‍ ചമയും. മതനേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും നീചമായ ഭാഷയില്‍ അധിക്ഷേപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പരമ്പരാഗത ശൈലി പോലും ഇതാണല്ലോ. ഇക്കൂട്ടരില്‍നിന്ന് മറിച്ചു പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരും. ഇത്തരം വിദ്വേഷത്തിന് പലപ്പോഴും ഇരയായിട്ടുള്ള ഇപ്പോഴത്തെ പ്രതിപക്ഷം തന്നെ ഗവര്‍ണര്‍ക്കും രാജ്ഭവനുമെതിരായ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അധിക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നു എന്നത് വിചിത്രമാണ്. സര്‍ക്കാരിനോട് ഐക്യം പ്രഖ്യാപിച്ച് ഗവര്‍ണറുടെ ക്ഷണം നിരസിച്ച് രാജ്ഭവനിലെ ക്രിസ്തുമസ് ദിനാഘോഷത്തില്‍ പങ്കെടുക്കാതിരിക്കുന്നത് എന്തു കാരണത്താലാണെന്ന് കോണ്‍ഗ്രസ്സും പ്രതിപക്ഷ നേതാവും ജനങ്ങളോട് വിശദീകരിക്കണം. ഇസ്ലാമിക മതമൗലികവാദികളുടെ കണ്ണിലെ കരടായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുസ്ലിംലീഗ് കാണുന്നത് ശത്രുവായാണ്. ലീഗിന്റെ സമ്മര്‍ദ്ദഫലമായി അവരെ പ്രീതിപ്പെടുത്താനാണോ രാഷ്ട്രീയവും നയപരവുമായ യാതൊരു പ്രശ്നങ്ങളും അന്തര്‍ഭവിക്കാത്ത രാജ്ഭവനിലെ ക്രിസ്തുമസ് ദിനാഘോഷത്തില്‍നിന്ന് കോണ്‍ഗ്രസ്സ് വിട്ടുനില്‍ക്കുന്നത്? ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ നാവുകൊണ്ട് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി സഭയില്‍ സംസാരിക്കുന്നത് ഇതുകൊണ്ടാണോ?
ആരിഫ് മുഹമ്മദ് ഖാന് എന്തുകൊണ്ടാണ് സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും അനഭിമതനായതെന്ന് എല്ലാവര്ക്കും അറിയാം. അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെ ഹൈജാക്കു ചെയ്യുകയും, പാര്‍ട്ടിവല്‍ക്കരിക്കുകയും ചെയ്യുന്നതിനെ എതിര്‍ക്കുന്നതാണ് കാരണം. സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങളും ബന്ധുനിയമനങ്ങളും ഗവര്‍ണര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങുകയും, അത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതാണ് ഗവര്‍ണറെ സര്‍ക്കാരിന്റെ ശത്രുവാക്കിയത്. അതിനു മുന്‍പ് ഓരോരോ കാര്യസാധ്യത്തിനുവേണ്ടി ഇക്കൂട്ടര്‍ രാജ്ഭവനില്‍ പാടുകിടന്നത് ആരും മറന്നിട്ടില്ല. ചാന്‍സലര്‍ പദവി ഒഴിയാന്‍ താന്‍ ഒരുക്കമാണെന്നു ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്യരുതെന്നു കത്തെഴുതിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്. അതേ മുഖ്യമന്ത്രി ഇപ്പോള്‍ ചാന്‍സലറെ പുറത്താക്കാന്‍ നിയമനിര്‍മാണം നടത്തുന്നതിലെ പരിഹാസ്യത സ്വബോധമുള്ളവര്‍ക്കൊക്കെ തിരിച്ചറിയാനാവും. ഗവര്‍ണറെ സ്വന്തം വരുതിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പരമാവധി നോക്കി. വഴങ്ങുന്നില്ലെന്നു വന്നപ്പോഴാണ് ദുര്‍മുഖം കാട്ടാന്‍ തുടങ്ങിയത്. ഓണവും ക്രിസ്തുമസുമൊക്കെ മലയാളികള്‍ പൊതുവായി ആഘോഷിക്കുന്നതാണ്. രാഷ്ട്രീയം അതില്‍ കടന്നുവരാറില്ല. രാജ്ഭവനിലെ ക്രിസ്തുമസ് ആഘോഷത്തിനില്ലെന്ന് പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാര്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ ശക്തിപ്പെടുത്തുകയും, ലീഗിനെപ്പോലുള്ള വര്‍ഗീയകക്ഷികളുടെ പിന്തുണയാര്‍ജിക്കുകയുമാണ് ഇതിനു പിന്നിലെ ദുഷ്ടലാക്ക്. ഈ വിഭാഗീയതക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: