പുനലൂര്‍: നഗരസഭയിലെ ശാസ്താംകോണം വാര്‍ഡില്‍ ആരംഭിക്കുന്ന കുടിവെള്ള പദ്ധതിക്ക് ബൂസ്റ്റര്‍ ടാങ്ക് സ്ഥാപിക്കുന്നതിന് ഭൂമി ഉപയോഗിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്കി. തൃക്കോതേശ്വരം ശിവക്ഷേത്രത്തിനു (ശിവന്‍കോവില്‍) സമീപത്ത് കല്ലടയാറിനോടു ചേര്‍ന്ന് 2.50 സെന്റ് ഭൂമി ഉപയോഗിക്കാനാണ് അനുമതി. ഇതോടെ സംഭരണി സ്ഥാപിക്കുന്നതിന് ഭൂമി കണ്ടെത്തേണ്ട കടമ്പ കടന്നു.
എംഎല്‍എയായിരുന്ന കെ. രാജുവും നഗരസഭയും അനുവദിച്ച ഫണ്ടുകള്‍ ചേര്‍ത്ത് 70 ലക്ഷം രൂപ മുടക്കിയാണ് കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് പ്രധാന സംഭരണി നിര്‍മിക്കും. ഇതിനായി മണ്ണുപരിശോധന പൂര്‍ത്തിയാക്കി. നിര്‍മാണം ഉടന്‍ ആരംഭിക്കും. നഗരസഭ അനുവദിച്ച 40 ലക്ഷം രൂപ ചെലവിട്ടാണ് ബൂസ്റ്റര്‍ ടാങ്ക് സ്ഥാപിക്കുന്നത്. പി.എസ്.സുപാല്‍ എംഎല്‍എയുടെ ഇടപെടലിനൊടുവിലാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡില്‍നിന്നു ഭൂമി അനുവദിച്ചതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജാ പ്രസാദ് അറിയിച്ചു.
ജലഅതോറിറ്റിയും ദേവസ്വംബോര്‍ഡും തമ്മില്‍ കരാര്‍ വയ്ക്കുന്നതോടെ ബൂസ്റ്റര്‍ ടാങ്കിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനാകുമെന്നും ഇവര്‍ പറഞ്ഞു. കല്ലടയാറിനോടു ചേര്ന്നുകിടന്നിട്ടും വേനല്‍ക്കാലത്ത് ഏറ്റവുമധികം ജലക്ഷാമം നേരിടുന്ന വാര്‍ഡാണ് ശാസ്താംകോണം. നഗരസഭയിലെതന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ ഇവിടെ കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിന് നഗരസഭയുടെ 202122 വാര്‍ഷിക പദ്ധതിയിലാണ് രൂപംനല്കിയത്. പദ്ധതിക്കായി ശാസ്താംകോണം കുന്നിന്‍പുറത്ത് 30,000 ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണിയും ശിവന്‍കോവിലിനു സമീപം ബൂസ്റ്റര്‍ ടാങ്കും നിര്‍മിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ശാസ്താംകോണത്തും പരിസരപ്രദേശങ്ങളിലുമായി 1400 കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: