തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി. വിരമിച്ച ജഡ്ജിയെ ചാന്‍സലറാക്കണമെന്ന നിര്‍ദേശം തള്ളിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ട് ആ സ്ഥാനത്ത് വിദ്യാഭ്യാസ വിചക്ഷണരെയോ, അല്ലെങ്കില്‍ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം ഉള്ളവരെയോ നിയമിക്കുക എന്നതാണ് ബില്ലിന്റെ ഉള്ളടക്കം. കഴിഞ്ഞ ബുധനാഴ്ചയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി പി.രാജീവാണ് ബില്‍ അവതരിപ്പിച്ചത്.
അതേസമയം ബില്‍ തട്ടിക്കൂട്ടിയതാണെന്ന തടസവാദം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ചാന്‍സലര്‍ സ്ഥാനത്തേക്കുള്ള നിയമനം അഞ്ചുവര്‍ഷമായിരിക്കും. എന്തെങ്കിലും സ്വഭാവദൂഷ്യ ആരോപണമോ മറ്റു പ്രശ്നങ്ങളോ ഉണ്ടായാല്‍ ചാന്‍സലറെ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാരിന് അധികാരം നല്കുന്നതുകൂടിയാണ് പുതിയ ഭേദഗതിബില്‍. എന്നാല്‍, തന്നെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു നീക്കാനുള്ള ബില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതോടെ ബില്ലില്‍ അന്തിമതീരുമാനം രാഷ്ട്രപതിയുടേത് ആകുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: