ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊല്ലണമെന്ന് പ്രസംഗിച്ച മധ്യപ്രദേശ് മുന്‍മന്ത്രി രാജാ പട്ടേരിയ കസ്റ്റഡിയില്‍. മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കൂടിയായ പട്ടേരിയ നടത്തിയ പ്രസംഗം വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമെതിരെ ഇന്നലെ പന്ന ജില്ലയിലെ പവായ് പോലീസ് സ്റ്റേഷനില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 451, 504, 505 (1)(ബി), 505 (1)(സി), 506, 153ബി (1)(സി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പടേരിയക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെ ദാമോ ജില്ലയിലെ ഹട്ടയിലെ വസതിയില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെയാണ് പട്ടേരിയയെ കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുക്കാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
‘ന്യൂനപക്ഷവും ദളിതരും ഗോത്രവര്‍ഗ്ഗക്കാരും അപകടത്തിലാണ്. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കണമെങ്കില്‍ മോദിയെ കൊല്ലാന്‍ തയ്യാറാവണം’ മധ്യപ്രദേശിലെ പന്ന ജില്ലയില്‍ ഞായറാഴ്ച രാജ പട്ടേരിയ നടത്തിയ പ്രസംഗത്തിലെ വിവാദമായ വാചകമാണിത്. എന്നാല്‍ പ്രസംഗം വിവാദമായതോടെ കോണ്‍ഗ്രസ് മലക്കം മറിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയമായി മോദിയെ ഇല്ലാതാക്കണം എന്ന് മാത്രമാണ് പ്രസംഗിച്ചതെന്ന് വീഡിയോ സഹിതം അവതരിപ്പിച്ച് കോണ്‍ഗ്രസ് പറയുന്നു. മഹാത്മാഗാന്ധിയുടെ ശിഷ്യനാണ് താനെന്നും അതുകൊണ്ട് ആരെയെങ്കിലും കൊല്ലുന്നതിനെക്കുറിച്ച് പറയില്ലെന്നും അദ്ദേഹം പറയുന്നു.
ന്യൂനപക്ഷങ്ങളെയും ദളിതരെയും ഗോത്രവര്‍ഗ്ഗക്കാരെയും രക്ഷിക്കാന്‍ തൊഴിലില്ലായ്മ ഇല്ലാതാക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും തന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പട്ടേരിയ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: