Categories: Article

ശബരിമല ക്ഷേത്രവും ദേവസ്വം ഭരണസംവിധാനങ്ങളും

മതേതരത്വത്തിലെ വിരോധാഭാസം എന്നല്ലാതെ മറ്റൊന്നും ഇതിനു ന്യായീകരണമില്ല. ക്ഷേത്ര ഭരണം കയ്യാളുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഭണ്ടാരത്തില്‍ വീഴുന്ന കാശിന്റെ കണക്കെടുക്കുന്നതില്‍ മാത്രമാണ് താല്പര്യം. ഭക്തരുടെ ക്ഷേമം അവരുടെ മുന്നിലുള്ള വിഷയമേയല്ല.

ഡോ. രാജഗോപാല്‍ പി.കെ.

(‘രാഷ്‌ട്രീയം, ഭരണം, മതം: കേരളത്തിലെ ഹിന്ദു ആരാധനാലയങ്ങളുടെ ഭരണത്തെക്കുറിച്ചുള്ള ഒരു പഠനം’എന്ന ഗ്രന്ഥത്തിന്റെ രചയിതാവും ക്ഷേത്ര ഭരണത്തില്‍ ഗവേഷണബിരുദ ധാരിയുമാണ് ലേഖകന്‍)

ശബരിമല തീര്‍ത്ഥാടനം തുടങ്ങി ഒരു മാസം ആകാറായി. ഇപ്പോഴും അയ്യപ്പന്മാര്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ദര്‍ശനം നടത്തി തിരികെ നാട്ടിലെത്തുന്നത്. യാത്രക്കൂലി കൂട്ടി കെഎസ്ആര്‍ടിസി ഭക്തരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല. മുസ്ലിം സമുദായം തങ്ങളുടെ പരിപാവനമായ ഹജ്ജ് കര്‍മങ്ങള്‍ക്കായി പോകുമ്പോള്‍ യാത്രക്കായി സബ്സിഡിയും അവരുടെ ക്ഷേമത്തിനായി ഹജ്ജ് കമ്മിറ്റിയും ഒക്കെ ഉള്ളനാട്ടിലാണ് സ്വാമിമാര്‍ വന്‍ തുക യാത്രക്കൂലി നല്‍കി ദര്‍ശനത്തിനായി സന്നിധാനത്തെത്തുന്നത്. ഒരു ഭാഗത്തു പ്രീണനവും മറുഭാഗത്തുപീഡനവും. മതേതരത്വത്തിലെ വിരോധാഭാസം എന്നല്ലാതെ മറ്റൊന്നും ഇതിനു ന്യായീകരണമില്ല. ക്ഷേത്ര ഭരണം കയ്യാളുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഭണ്ടാരത്തില്‍ വീഴുന്ന കാശിന്റെ കണക്കെടുക്കുന്നതില്‍ മാത്രമാണ് താല്പര്യം. ഭക്തരുടെ ക്ഷേമം അവരുടെ മുന്നിലുള്ള വിഷയമേയല്ല.

സാമൂഹിക-സാമ്പത്തിക, രാഷ്‌ട്രീയ, പാരിസ്ഥിതിക, ആത്മീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഏറെചര്‍ച്ച ചെയ്യുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമലക്ഷേത്രം. ഭരണത്തിലെ അഴിമതി, കെടുകാര്യസ്ഥത, ഫണ്ട് ദുര്‍വിനിയോഗം, ക്ഷേത്രത്തിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ, ക്ഷേത്രത്തിന് വനഭൂമി അനുവദിക്കുന്നതിലെ പ്രശ്‌നങ്ങള്‍, അടിസ്ഥാനസൗകര്യങ്ങളുടെയും ശരിയായ ശുചിത്വത്തിന്റെയും അഭാവം, തീര്‍ഥാടകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ ശബരിമലയെ സംബന്ധിച്ച് പ്രസക്തമാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബര്‍ 28ലെ സുപ്രീം കോടതി വിധിയും അതിനു ശേഷമുള്ള ബോര്‍ഡിന്റെ നിലപാടുകളും ദേവസ്വം ബോര്‍ഡിന്റെ ഭാവി തന്നെ ചോദ്യം ചെയ്യുന്ന നിലയില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ വന്‍ കുറവുണ്ടായി. സര്‍ക്കാര്‍ വാഗ്ദാനം വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി.

സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വരുമാനത്തില്‍ മുന്‍പന്തിയിലാണ് ശബരിമല. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ഉത്സവ സീസണില്‍ പ്രതിവര്‍ഷം കോടിക്കണക്കിന് തീര്‍ഥാടകര്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഈ ബാഹുല്യം എങ്ങനെ കൈകാര്യം ചെയ്യും എന്ന വിഷയത്തില്‍ ബോര്‍ഡ് ഇരുട്ടില്‍ തപ്പുന്ന അവസ്ഥയിലാണ്. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ റാങ്കില്‍ഉള്ള ഒരു ഉദ്യോഗസ്ഥനെ ക്ഷേത്ര ഭരണ ചുമതല നല്‍കി കുറെ ഉദ്യോഗസ്ഥരെ നിയമിച്ചാല്‍ തീരുന്ന ഉത്തരവാദിത്തം മാത്രമേ ദേവസ്വത്തിനുള്ളൂ. ക്ഷേത്രഭരണം ഉടച്ചു വാര്‍ക്കണം എന്ന കാര്യത്തില്‍ രണ്ടാഭിപ്രായം ഇല്ല.

ക്ഷേത്ര ഭരണത്തിന്റെ ചരിത്രം

തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത ധര്‍മ സ്ഥാപന നിയമ പ്രകാരം 1948 ക്ഷേത്രങ്ങളുടെ പരിപാലനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിഷിപ്തമാക്കിയപ്പോള്‍ ക്ഷേത്ര ആചാരങ്ങള്‍, വിശ്വാസങ്ങള്‍ ഒക്കെ പാലിക്കപ്പെടാന്‍ കൂടി ഉത്തരവാദിത്വം ബോര്‍ഡില്‍ എത്തിച്ചേരുകയുണ്ടായി. ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ ഒക്കെ ഇന്ത്യന്‍യൂണിയനില്‍ ലയിപ്പിച്ചപ്പോള്‍ തിരുവിതാംകൂര്‍ കൊച്ചി നാട്ടുരാജ്യങ്ങള്‍ കൂടി ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് ഒപ്പിട്ട കവനന്റിലെ വ്യവസ്ഥ പ്രകാരം രാജാക്കന്മാരുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ക്ഷേത്രങ്ങളുടെ പരിപാലനത്തിനായി രൂപീകരിച്ച ദേവസ്വം ബോര്‍ഡുകള്‍ ഇന്ന് ഭരിക്കുന്നത് ഈശ്വര വിശ്വാസം എന്തെന്ന് അറിയാത്ത രാഷ്‌ട്രീയ യജമാനന്മാരാണ്. അധികാര സ്ഥാനത്തുണ്ടായിരുന്ന കേരളത്തിലെ പ്രബല ഹിന്ദു സമുദായങ്ങളായ നായര്‍ ഈഴവസമുദായങ്ങളുടെ നേതാക്കളെ പുറത്താക്കിയാണ് രാഷ്‌ട്രീയ യജമാനന്മാര്‍ ഭരണം കയ്യാളിയത്. മന്നത്തു പദ്മനാഭനും ആര്‍ ശങ്കറും ഇരുന്ന കസേരയില്‍ ഇന്ന് ഇരിക്കുന്നത് രാഷ്‌ട്രീയ നേതാക്കന്മാരാണ്. അവര്‍ മോശക്കാരാണ് എന്ന് ആരും പറയില്ല. പക്ഷേ ഹിന്ദുവിശ്വാസികളുടെ ആരാധനാ കേന്ദ്രങ്ങളില്‍ ഇക്കൂട്ടര്‍ ഇരിക്കുമ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞ ഈശ്വര വിശ്വാസം കൂടി ഇക്കൂട്ടര്‍ക്കുണ്ടായിരിക്കണം. അതുപോലും നോക്കാതെ കക്ഷിരാഷ്രീയത്തിന്റെഭാഗമായ ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം പോലെ ദേവസ്വം കൂടി പങ്കിടുന്നത് അവസാനിപ്പിക്കണം. പാര്‍ട്ടിക്കാരെ തിരുകി വയ്‌ക്കുമ്പോള്‍ നിയമനത്തില്‍ഇടപെട്ട് കാര്യം നേടാന്‍ കഴിയും. പന്തളം രാജാവിന്റെ ക്ഷേത്ര നിയന്ത്രണം പോലും ചോദ്യം ചെയ്യുന്ന രാഷ്‌ട്രീയക്കാര്‍ ഓര്‍ക്കണം,  ക്ഷേത്രത്തിന്റെ താക്കോല്‍ കൂട്ടവും തിരുവാഭരണവും ഇന്നും പന്തളം കൊട്ടാരത്തിന്റെ നിയന്ത്രണത്തിലാണ്. തിരുവിതാംകൂര്‍ രാജവംശം നല്‍കിയ തിരുവാഭരണം അല്ലാതെ ദേവസ്വം ബോര്‍ഡിന്റെ വക എന്ത് സംഭാവന അവിടെ ഉണ്ട്.  

വേണം ബദല്‍ ഭരണം  

തീര്‍ഥാടകരുടെ തിരക്ക്  നിയന്ത്രിക്കുവാന്‍ ടിഡിബിയും സര്‍ക്കാരും ചേര്‍ന്ന് മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കി നടപ്പാക്കിയിട്ടും തീര്‍ഥാടന കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. കേരളഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (കെഎഫ്ആര്‍ഐ) 2000-ല്‍ സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് വരുമാന കേന്ദ്രീകൃത സമീപനത്തേക്കാള്‍ തീര്‍ത്ഥാടക കേന്ദ്രീകൃത സമീപനം സ്വീകരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ശബരിമല ക്ഷേത്രഭൂമി ഒഴിവാക്കി, പരിസ്ഥിതിയുടെ വിശാലമായ പരിഗണനയ്‌ക്കും അനുസൃതമായി പ്രദേശത്തിന്റെ ദീര്‍ഘകാല വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കാന്‍ വി.കെ.മല്‍ഹോത്ര കമ്മിറ്റി നിര്‍ദ്ദേശിച്ചു. പടിഞ്ഞാറന്‍ ഹിമാലയത്തിലെ വൈഷ്‌ണോദേവിക്ഷേത്രത്തിന് സമാനമായി തീര്‍ഥാടക മാനേജ്മെന്റില്‍ ഒരു പ്രൊഫഷണല്‍ സമീപനവും ശബരിമലയുടെ ഭരണത്തിനായി ഒരു നിയമപരമായ ബോഡി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും കമ്മിറ്റി ഊന്നിപ്പറഞ്ഞു. കേരള നിയമസഭയുടെ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് ശബരിമലയുടെ ശാന്തതയും പവിത്രതയും സംരക്ഷിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ നിര്‍ദ്ദേശിക്കുന്നു. വനത്തിന്റെ സ്വാഭാവിക പരിസ്ഥിതിയെ ബാധിക്കാതെ തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതൊന്നും നടപ്പില്‍ വരുത്താതെ ശബരിമലയോട് കാട്ടുന്ന വിവേചനം മാപ്പര്‍ഹിക്കാത്ത ഒന്നാണ്.

പഠനങ്ങളും ശുപാര്‍ശകളും

ടിഡിബിയും വിവിധ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളും അംഗങ്ങളായി ജസ്റ്റിസ് ചന്ദ്രശേഖരമേനോന്‍ കമ്മീഷന്‍ ശബരിമല ക്ഷേത്രഭരണത്തിന് ബദല്‍ നിര്‍ദേശം മുന്നോട്ടു വച്ചിട്ടുണ്ട്.സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ പ്രതിനിധി, ദേവസ്വംബോര്‍ഡ്, തന്ത്രി, പന്തളം രാജകുടുംബത്തിന്റെ പ്രതിനിധി, കേരളഹൈക്കോടതി നിയോഗിച്ച മൂന്ന് ഹിന്ദുക്കള്‍ എന്നിവരടങ്ങുന്ന ഒരു നിയമാനുസൃതബോഡിയും ശുപാര്‍ശ ചെയ്തു. 2008ല്‍ ശബരിമല ക്ഷേത്രത്തിന് കാര്യക്ഷമമായ ഭരണംഏര്‍പ്പെടുത്തുന്നതിനായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ മാതൃകയില്‍ ശബരിമല ക്ഷേത്രത്തിന് ഭരണസംവിധാനം രൂപീകരിക്കാന്‍ അന്നത്തെ ദേവസ്വം അഡീഷണല്‍ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ അധികാരം നല്‍കി. അദ്ദേഹം തിരുമല ക്ഷേത്രം സന്ദര്‍ശിക്കുകയും സംവിധാനത്തെക്കുറിച്ച് പഠിക്കുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ആ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റിലെ ഏതോ അലമാരയില്‍ പൊടിപിടിച്ചു കിടക്കുന്നുണ്ടാകാം. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ മാത്രമേ ശബരിമല വികസനം സാധ്യമാകൂ. ശങ്കരന്‍ നായര്‍ കമ്മീഷന്‍, ടിഡിബിയുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത വികസന പരിപാടിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടുണ്ട്. പരിപാടിയുടെ ചെലവുകള്‍ വാര്‍ഷിക സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തണം. ശബരിമലയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരവധി മനുഷ്യ-പാരിസ്ഥിതിക പഠനങ്ങളും ആഘാത വിലയിരുത്തലും നടത്തിയചരിത്രകാരന്മാരും ഗവേഷകരും ഒക്കെ ശബരിമലയെ ദേവസ്വവും സര്‍ക്കാരും പണമുണ്ടാക്കാനുള്ള ഒരു സ്ഥലമായി മാത്രം കണക്കാക്കുന്നുവെന്ന് ആരോപിച്ചു. ശങ്കരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശബരിമല ക്ഷേത്രഭരണത്തോട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിരുത്തരവാദപരമായ സമീപനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ശബരിമല ക്ഷേത്രഭരണത്തിന് കമ്മീഷന്‍ ചില ശുപാര്‍ശകള്‍ നിര്‍ദ്ദേശിച്ചു. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇനിപ്പറയുന്നവയാണ്.

എ). ശബരിമല ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതി രൂപീകരിക്കണം. അഡീഷണല്‍ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കണം. അഡ്മിനിട്രേറ്റര്‍ ക്ഷേത്രത്തിലും ആരാധനയിലും വിശ്വാസിയായിരിക്കണം.

ബി). ദേവസ്വം ബോര്‍ഡ് അംഗങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളും ഉള്‍പ്പെട്ട വിദഗ്ധ സമിതി രൂപീകരിക്കണം. തന്ത്രിയുടെയും അയ്യപ്പസേവാസംഘത്തിന്റെയും പ്രതിനിധികളെയും ഇതില്‍ ഉള്‍പ്പെടുത്തണം.

സി) ശബരിമല ക്ഷേത്രത്തിനായി ഭക്തജനപ്രതിനിധികള്‍, ക്ഷേത്രജീവനക്കാര്‍,തന്ത്രി, അയ്യപ്പസേവാസംഘം എന്നിവരടങ്ങുന്ന ഒന്‍പതംഗ ക്ഷേത്രകമ്മിറ്റിരൂപീകരിക്കണം.

ഡി.) ശബരിമല ക്ഷേത്രത്തിന് മതിയായ വനഭൂമി കാലതാമസം കൂടാതെ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.  

ശബരിമലയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് തിരുവിതാംകൂറിലെ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നതെന്നതിനാല്‍ ശബരിമല ക്ഷേത്രത്തിന് വിവിധകമ്മീഷനുകള്‍ ശുപാര്‍ശ ചെയ്യുന്ന പ്രത്യേക ഭരണസംവിധാനം അപ്രായോഗികമാണെന്ന് ദേവസ്വം വാദം അംഗീകരിക്കാന്‍ കഴിയില്ല.  ക്ഷേത്ര വികസനത്തിന് ശാശ്വത പരിഹാരത്തിന് പരിസ്ഥിതി സൗഹൃദവും തീര്‍ഥാടക സൗഹൃദവുമായ സമീപനം ദേവസ്വംഅധികൃതരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകണം. ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം. പകരം പന്തളം രാജ കൊട്ടാരം പ്രതിനിധിയും ക്ഷേത്ര തന്ത്രിയും അയ്യപ്പ സേവാ സംഘത്തിന്റെയും സേവാ സമാജത്തിന്റെയും ക്ഷേത്ര സംരക്ഷണസമിതിയുടെയും പ്രതിനിധികളും ഹിന്ദു സമുദായ പ്രതിനിധ്യവും ഉള്‍പ്പെടെയുള്ള ഭരണസമിതി രൂപീകരിക്കണം. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയും ഉള്‍പ്പെടുന്ന  ഒരുസമിതിയെ ശബരിമല ഭരണം ഏല്‍പ്പിക്കണം. ക്ഷേത്ര ഭരണത്തില്‍ നിന്നും സര്‍ക്കാര്‍പിന്മാറ്റം അനിവാര്യമാണ്. ക്ഷേത്ര പുരോഗതി ലക്ഷ്യം വച്ചുള്ള ഏതു നടപടിയും സ്വാഗതാര്‍ഹമാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക