മുസ്ലിംലീഗ് വര്‍ഗീയ കക്ഷിയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന പലതരം പ്രതികരണങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണല്ലോ. പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ കാലം മുതല്‍ മുസ്ലിംലീഗ് വര്‍ഗീയ കക്ഷിയാണെന്ന മട്ടില്‍ സിപിഎം സ്വീകരിച്ചുപോരുന്ന നയത്തിന് വിരുദ്ധമാണ് ഗോവിന്ദന്റെ പ്രസ്താവനയെന്ന നിലയ്ക്കാണ് അത് വിവാദത്തിനിടയാക്കിയിട്ടുള്ളത്. എന്നാല്‍ സിപിഎമ്മിന്റെ രാഷ്ട്രീയത്തെ ശരിയായി മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് ഇതില്‍ വലിയ പുതുമയൊന്നും തോന്നാനിടയില്ല. ലീഗ് വര്‍ഗീയ കക്ഷിയാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്സ് നിലപാടെടുത്തിട്ടുണ്ടാവാം. കക്ഷി രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി അത് കയ്യൊഴിയാന്‍ സിപിഎമ്മിന് യാതൊരു മടിയുമുണ്ടാവില്ല. കോണ്‍ഗ്രസ്സുമായി കൂട്ടുചേരില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പ്രമേയത്തിന് കടലാസിന്റെ വിലപോലും ഉണ്ടായില്ലെന്ന് ആര്‍ക്കാണറിയാത്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി കോണ്‍ഗ്രസ്സിന്റെയും ജനറല്‍ സെക്രട്ടറിയാണെന്ന് അടുത്തിടെ ആ പാര്‍ട്ടിയുടെ ഒരു പ്രമുഖനേതാവ് പ്രഖ്യാപിച്ചിട്ടും സിപിഎമ്മില്‍നിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല. അതൊരു ബഹുമതിയായി കാണുകയാണ് യെച്ചൂരി ചെയ്തത്. ലീഗ് വര്‍ഗീയ കക്ഷിയാണെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ടാവാം. ഇഎംഎസ് മറിച്ചും പറഞ്ഞിട്ടുണ്ട്. ലീഗിന്റെ പിന്തുണയോടെ ഇഎംഎസ് സര്‍ക്കാര്‍ ഭരിച്ചിരുന്ന കാര്യമാണല്ലോ ഇപ്പോള്‍ ഗോവിന്ദനും ചൂണ്ടിക്കാട്ടുന്നത്. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരിഅത്ത് വിവാദമുയര്‍ത്തി ഇഎംഎസ് വീണ്ടും സിപിഎമ്മിനെ ‘ലീഗ് വിരുദ്ധമാക്കി.’ ഹിന്ദുമുന്നണിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന ന്യൂനപക്ഷ വര്‍ഗീയതയ്ക്കെതിരായ വികാരം മുതലെടുക്കുന്നതിനായിരുന്നു ഈ അടവുനയം.
മുസ്ലിംലീഗ് വര്‍ഗീയമല്ലെന്നു പറയുന്നത് പരിഹാസ്യമാണ്. ലീഗുപോലും ഇങ്ങനെ കരുതുന്നില്ല എന്നതാണ് വസ്തുത. കേരളത്തിലെ മുസ്ലിംലീഗ് വിഭജനകാലത്തെ ലീഗല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലും തിരുത്തി, അതേ ലീഗുതന്നെയാണ് തങ്ങളെന്ന് വ്യക്തമാക്കിയിട്ടുള്ളത് ലീഗു നേതൃത്വം തന്നയാണ്. ലീഗിന്റെ ചില അഭ്യുദയകാംക്ഷികള്‍ക്കും, ഈ പാര്‍ട്ടിയുടെ ഉപ്പുംചോറും തിന്നു നടക്കുന്ന ചില മതേതരന്മാര്ക്കും രാഷ്ട്രീയ നിരീക്ഷകര്‍ക്കുമാണ് ലീഗ് വര്‍ഗീയമല്ലെന്ന് അഭിപ്രായമുള്ളത്. മതത്തിന്റെ പേരില്‍ രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ് മുസ്ലിംലീഗ്. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെടുകയും, അതു നേടിയെടുക്കുകയും ചെയ്ത കക്ഷിയുമാണ്. അന്നത്തെ നിലപാടുകള്‍ കയ്യൊഴിഞ്ഞിട്ടുണ്ടെന്ന് ലീഗ് ഒരു കാലത്തും പ്രഖ്യാപിച്ചിട്ടില്ല. എന്നിട്ടും ചിലര്‍ ലീഗ് വര്‍ഗീയമല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വിരോധാഭാസമാണ്. സിപിഎമ്മിനെ സംബന്ധിച്ചാണെങ്കില്‍ ലീഗിന്റെ രാഷ്ട്ര വിഭജനവാദത്തെ പൂര്‍ണമായി അംഗീകരിക്കുകയും, അതിനുവേണ്ടി വീറോടെ വാദിക്കുകയും ചെയ്ത പാരമ്പര്യമുള്ളവരാണ്. പാണക്കാട്ടുനിന്നുള്ള മതേതരപ്പേച്ചുകൊണ്ട് ഈ ചരിത്രമൊന്നും റദ്ദാവില്ല. രണ്ടുകൂട്ടരും ബ്രിട്ടീഷുകാരില്‍ നിന്ന് പലതരം സഹായങ്ങള്‍ കൈപ്പറ്റി രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചവരാണ്. മുന്നണി രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദഫലമായി വിരുദ്ധചേരിയില്‍ നിലയുറപ്പിക്കേണ്ടിവന്നാലും എപ്പോള്‍ വേണമെങ്കിലും ഒരുമിച്ചുചേരാന്‍ ഇവര്‍ക്ക് കഴിയും. മുന്‍കാലത്ത് അത് ഉണ്ടായിട്ടുണ്ട്. ഇനി ഉണ്ടാവുകയും ചെയ്യും. അതുകൊണ്ട് മുസ്ലിംലീഗിനെ പുകഴ്ത്തിയുള്ള സിപിഎമ്മിന്റെ നിലപാടില്‍ അതിശയോക്തിയൊന്നുമില്ല.
ഇപ്പോള്‍ എന്തുകൊണ്ടാണ് വീണ്ടും സിപിഎമ്മിന് മുസ്ലിംലീഗിനോട് ആഭിമുഖ്യമുണ്ടായിരിക്കുന്നതെന്ന് രാഷ്ട്രീയബോധമുള്ള ആര്‍ക്കും അറിയാം. ദേശീയമായി നോക്കുമ്പോള്‍ സിപിഎമ്മും ലീഗും തുല്യദുഃഖിതരാണ്. അഖിലേന്ത്യാ പാര്‍ട്ടികളാണ് രണ്ടുമെങ്കിലും ആളനക്കമുള്ളത് കേരളത്തില്‍ മാത്രം. ഇവിടെ അധികാരം ലഭിക്കുകയെന്നത് ഇരു പാര്‍ട്ടികള്‍ക്കും നിലനില്‍പ്പിന്റെ പ്രശ്നമാണ്. ചരിത്രത്തിലാദ്യമായി അധികാരത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണിക്ക് ഇനി അങ്ങനെയൊരു സാധ്യത കാണുന്നില്ല. തെരഞ്ഞെടുപ്പ് ജയിക്കാനുള്ള പിന്തുണയ്ക്ക് മുന്നണിക്ക് വെളിയിലുള്ള പാര്‍ട്ടികളെ ആശ്രയിക്കേണ്ടിവരും. മുസ്ലിംലീഗിനെയാണ് അതിന് കണ്ടുവച്ചിട്ടുള്ളത്. വര്‍ഗീയ പാര്‍ട്ടിയല്ലെന്നും മറ്റും സിപിഎം നല്കുന്ന ബഹുമതികള്‍ സ്വീകാര്യമാണെങ്കിലും മുന്നണി വിടാനില്ലെന്ന ലീഗിന്റെ നിലപാടിന് അര്‍ത്ഥം സമയമായില്ല എന്നു മാത്രമാണ്. സിപിഎമ്മിന്റെ ക്ഷണത്തിനു മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കുന്നത് ബുദ്ധിയല്ലെന്ന് അധികാര രാഷ്ട്രീയത്തിന്റെ ഗുണഫലങ്ങള്‍ യഥേഷ്ടം അനുഭവിച്ചിട്ടുള്ള ലീഗ് നേതാക്കളെ ആരും പഠിപ്പിക്കേണ്ടതില്ല. യുഡിഎഫിനൊപ്പം നിന്ന് അധികാരത്തിലെത്തുക ഇനിയുള്ള കാലം ശ്രമകരമാണെന്ന് കോണ്‍ഗ്രസ്സിന്റെ ദുഃസ്ഥിതിയില്‍നിന്ന് ലീഗ് നേതൃത്വം മനസ്സിലാക്കുന്നു. സിപിഎം ‘പച്ചച്ചെങ്കൊടി’യുടെ രാഷ്ട്രീയം പയറ്റുമ്പോള്‍ ലീഗിന്റെ മതരാഷ്ട്രീയത്തിന് നഷ്ടം സംഭവിക്കും. യുഡിഎഫിനൊപ്പം നിന്ന് അധികാരത്തിനു പുറത്താവുന്നതിനെക്കാള്‍ സിപിഎമ്മുമായി കൈകോര്‍ത്ത് ഭരിക്കാന്‍ നോക്കുക. അതാണ് ലീഗിന്റെ തന്ത്രം. വഴികാട്ടാന്‍ മാണി കോണ്‍ഗ്രസ്സുണ്ടല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: