കൊല്ലം: സ്കൂളുകളിലെ ഉച്ചഭക്ഷണവിതരണം പ്രതിസന്ധിയിലാക്കി കൊണ്ട് വിലക്കയറ്റം കുതിക്കുന്നു. അനങ്ങാപാറ നയം സ്വീകരിച്ചു വിദ്യാഭ്യാസ വകുപ്പ്. പച്ചക്കറിക്കും പാലിനും പലവ്യഞ്ജനങ്ങള്‍ക്കും വില കുടിയതാണു സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലാക്കിയത്. രണ്ടു രൂപയ്ക്കു സാമ്പാറും രണ്ടു കൂട്ടം കറിയും ഉണ്ടാക്കി വിദ്യാര്‍ഥികള്‍ക്ക് ഉച്ചയൂണ് ഒരുക്കുന്നതിന് മാന്ത്രികവിദ്യ പഠിക്കേണ്ട അവസ്ഥയിലാണു പ്രധാനധ്യാപകര്‍.
പാലിനു വില കൂടിയതിലൂടെ മാത്രം ഓരോ കുട്ടിക്കും ഒരാഴ്ച ഒരുരൂപ അധികം വേണം. സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്കു സര്‍ക്കാര്‍ അനുവദിക്കുന്ന തുകയും സാധനങ്ങളുടെ വിലയും തമ്മിലുള്ള അന്തരം കൂടിയതോടെ പദ്ധതി നടപ്പാക്കാന്‍ അധ്യാപകര്‍ പ്രയാസപ്പെടുകയാണ്. 2016ലെ നിരക്കു പ്രകാരമാണു സര്‍ക്കാര്‍ ഇപ്പോഴും ഫണ്ട് അനുവദിക്കുന്നത്. അധ്യാപക സംഘടനകളുടെ സമരത്തെത്തുടര്‍ന്ന് ഓണത്തിനു ശേഷം തുക വര്‍ധിപ്പിക്കാമെന്നു വിദ്യാഭ്യാസ വകുപ്പ് ഉറപ്പുനല്‍കിയെങ്കിലും പാലിച്ചിട്ടില്ല.
ഉച്ചഭക്ഷണത്തിനു ഫണ്ടില്ലെന്ന് അറിയിച്ചാല്‍ സ്കൂളുകളില്‍ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കാനുള്ള പുതിയ പദ്ധതികളാണു സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു. അതൊട്ട് വിജയിക്കുന്നതും ഇല്ല.
സപ്ലൈക്കോ മുഖേന അരിയും പാചകക്കാരുടെ ശമ്പളവും സര്‍ക്കാരാണു നല്‍കുന്നത്. ആഴ്ചയില്‍ 2 ദിവസം ഒരു കുട്ടിക്ക് 150 മില്ലി പാല് വീതവും ഒരു ദിവസം മുട്ടയും നല്‍കണം. പാലിനും മുട്ടയ്ക്കും മാത്രം ഒരുകുട്ടിക്ക് ഒരാഴ്ച 22.80 രൂപ വേണം. പച്ചക്കറി ഉപയോഗിച്ചു പാകം ചെയ്യുന്ന രണ്ടുകൂട്ടം കറികളും ഒഴിച്ചുകറിയും ദിവസവും വേണമെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. ഇവ ഒരുക്കാന്‍ സര്‍ക്കാര്‍ ഫണ്ട് പ്രകാരം ഒരു കുട്ടിക്ക് ദിവസം രണ്ടു രൂപയില്‍ താഴെ മാത്രമേ ലഭിക്കുന്നുള്ളൂ.
വിറകടുപ്പ് ഉപയോഗിക്കരുതെന്നു നിബന്ധനയുണ്ട്, പാചകവാതകമാണ് ഉപയോഗിക്കുന്നത്. സാധനങ്ങള്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കൂലിയും കയറ്റിറക്കു കൂലിയും അധ്യാപകര്‍ തന്നെ കണ്ടെത്തണം. ഒന്നു മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണു സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നത്.
പിടിഎയുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയാണ് പല സ്കൂളുകളിലും ഉച്ചഭക്ഷണപദ്ധതി മുടക്കം കൂടാതെ മുന്നോട്ട് പോകുന്നത്. മില്‍മ പാലിന്റെ വില കൂട്ടിയതിന് പിന്നാലെ മില്‍മ സൊസൈറ്റികളില്‍ നിന്നും എത്തുന്ന പാലിനും വിലകയറ്റമാണ്. ഇവര്‍ക്ക് കൃത്യമായി പണം കൊടുക്കണം. പ്രധാന അധ്യാപകര്‍ തന്നെയാണ് എല്ലാത്തിനും തുക കണ്ടെത്തേണ്ടത്. ശമ്പളം കിട്ടിയാല്‍ കടകളിലെ കടം തീര്‍ത്തിട്ടേ വീട്ടിലേക്ക് കൊണ്ട് പോകാനാവൂ.
ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക
കുട്ടികളുടെ എണ്ണം 150ല്‍ കുറവ്: 8 രൂപ
150 – 500 വരെ കുട്ടികള്‍: അധികം വരുന്ന ഓരോ കുട്ടിക്കും 7 രൂപ
500നു മുകളില്‍ അധികം വരുന്ന ഓരോ കുട്ടിക്കും 6 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: