നാഗ്പൂര്‍: കുറുക്കുവഴികളും അഴിമതിയുമാണ് മുന്‍കാലങ്ങളില്‍ രാജ്യത്തിന്റെ മുന്നേറ്റത്തിന് തടസമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഗ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ ആറാമത്തെ വന്ദേഭാരത് എക്സ്പ്രസ് (നാഗ്പുര്‍ – ബിലാസ്പുര്‍), നാഗ്പൂര്‍ മെട്രോയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍, ഹിന്ദു ഹൃദയ സമ്രാട്ട് ബാലാസാഹെബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാര്‍ഗ് എന്നു പേരിട്ടിരിക്കുന്ന നാഗ്പുര്‍ – മുംബൈ എക്സ്പ്രസ് വേ, നാഗ്പൂര്‍ എയിംസ് എന്നിവ അടക്കമുള്ളവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉദ്ഘാടനം ചെയ്തത്.
സാധാരണ ദ്വീപ് രാഷ്ട്രമായിരുന്ന സിംഗപ്പൂര്‍ ഇന്ന് സാമ്പത്തിക രംഗത്തെ വലിയ ശക്തിയാണ്. കുറുക്കുവഴിയിലൂടെയുള്ള രാഷ്ട്രീയവും നികുതി ദായകരുടെ പണം അപഹരിക്കലുമാണ് നടന്നിരുന്നതെങ്കില്‍ ആ രാജ്യത്തിന് ഇന്നത്തെ നിലയില്‍ എത്താന്‍ കഴിയുമായിരുന്നില്ല. മുമ്പ് ഇന്ത്യയിലെ അവസ്ഥ മറിച്ചായിരുന്നു.
അഴിമതി നടത്തുന്നതിനും വോട്ട് ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുമാണ് മുമ്പ് നികുതിദായകരുടെ പണം വിനിയോഗിച്ചിരുന്നത്, പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് ജനങ്ങളുടെ ചിന്താഗതിയിലും സമീപനത്തിലും മാറ്റംവരുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളും സിംഗപ്പൂരും അടക്കമുള്ളവ ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയത് അടിസ്ഥാന സൗകര്യ മേഖലയില്‍ ശ്രദ്ധയോടെ നിക്ഷേപം നടത്തിയതുകൊണ്ടാണ്.
ദക്ഷിണ കൊറിയ അടിസ്ഥാന സൗകര്യ വികസനത്തിലൂടെയാണ് വന്‍ മുന്നേറ്റം നടത്തിയത്. കഴിഞ്ഞ മൂന്നുനാല് പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യ മേഖലയില്‍ നടത്തിയ ആധുനികവത്കരണമാണ് ഗള്‍ഫ് രാജ്യങ്ങളെ മുന്നോട്ടു നയിച്ചത്. ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്ത് വികസനം ഉറപ്പാക്കണം. രാജ്യത്തിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണം അത്യാവശ്യമാണ്. അടിസ്ഥാന സൗകര്യ വികസനമാണ് വികസനത്തിന്റെ അടിസ്ഥാന ഘടകം, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: