തിരുവനന്തപുരം : മാന്‍ഡോസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് അറബികടലിലെ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതുമൂലം സംസ്ഥാനത്ത് ശക്തമായ മഴ. ശക്തമായ കാറ്റും മഴയും മൂലം 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തമിഴ്നാട് തീരം തൊട്ട മാന്‍ഡോസ് ചക്രവാതച്ചുഴിയായി രൂപം കൊണ്ടതാണ് കേരളത്തില്‍ മഴ ഇത്രമേല്‍ ശക്തമാകാന്‍ കാരണം. ശനിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ തെക്കന്‍ ജില്ലകളില്‍ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. മാന്‍ഡോസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്താല്‍ സംസ്ഥാനത്ത് അടുത്ത മുന്ന് ദിവസം മഴ തുടരാമെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഡിസംബര്‍ 11 മുതല്‍ 13 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മാന്‍ഡോസ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാടിന്റേയും ആന്ധ്രാപ്രദേശിന്റേയും വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്. തമിഴ് നാട്ടിലെ ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. റാണിപ്പേട്ട്, വെല്ലൂര്‍, തിരുവണ്ണാമലൈ, തിരുപത്തൂര്‍, കൃഷ്ണഗിരി, ധര്‍മപുരി ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. പ്രദേശത്ത് തിങ്കളാഴ്ച കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മാന്‍ഡോസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും അഞ്ച്പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 181 വീടുകള്‍ തകര്‍ന്നു. ചെന്നൈ കോര്‍പറേഷനില്‍ 600 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നുമാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: