മലയാള വിമര്‍ശനസാഹിത്യത്തിലെ സാത്വികവിശുദ്ധി എന്നു വിശേഷിപ്പിക്കാവുന്ന കെ.പി. ശങ്കരന് മാഷിന് ഇന്ന് ശതാഭിഷേകം. 2009 ല്‍ അദ്ദേഹത്തിന്റെ സപ്തതി ആഘോഷിച്ചപ്പോള്‍ ആഘോഷസമിതി പുറത്തിറക്കിയ സ്മരണികയുടെ പേര് ‘സൗമ്യസ്പര്‍ശം’ എന്നായിരുന്നു. ശങ്കരന് മാഷ് ജീവിതത്തിലും എഴുത്തിലും സൗമ്യവും ദീപ്തവുമായ സാന്നിധ്യമായതുകൊണ്ടാണല്ലോ അദ്ദേഹത്തെ അടുത്തറിഞ്ഞവര്‍ ഒരുക്കിയ സപ്തതി ഉപഹാരത്തിനും ആ പേര് കൈവന്നത്. ഖണ്ഡനം വിമര്‍ശനത്തിന്റെ അനിവാര്യതയായി ഭൂരിഭാഗം വിമര്‍ശകരും കരുതുമ്പോള്‍ കവിതയിലെയും കഥയിലെയും സൗന്ദര്യത്തെ കണ്ടെത്തുകയും കൃതിയെ ഹൃദയം കൊണ്ടാസ്വദിക്കുകയും ചെയ്യുക എന്ന വിമര്‍ശനധര്‍മ്മത്തിന് പ്രാധാന്യം നല്കിയ എഴുത്തുകാരനാണ് കെ.പി. ശങ്കരന്.
ശങ്കരന് മാഷുടെ നിരൂപണസപര്യ ഏഴ് പതിറ്റാണ്ട് പിന്നീടുമ്പോള്‍ ഈ വര്‍ഷമാണ് കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചത്. മൈസൂരിലെ റീജനല്‍ കോളജ് ഓഫ് എഡ്യുക്കേഷനില്‍ ഏറെക്കാലം നീണ്ട അധ്യാപക ജോലിക്കിടയിലും എഴുത്തുകാരനെന്ന നിലയിലും കേരളത്തിലെ തിരക്കുള്ള സാഹിത്യപ്രഭാഷകന്‍ എന്ന നിലയിലും സജീവസാന്നിധ്യമായിരുന്നു അടുത്തകാലം വരെ അദ്ദേഹം. മിക്കവാറും എല്ലാ വാരാന്ത്യത്തിലും മൈസൂരില്‍ നിന്ന് കേരളത്തില്‍, കോഴിക്കോട്ടോ തൃശ്ശൂരോ തിരുവനന്തപുരത്തോ എത്തി സാഹിത്യസമ്മേളനങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച് സ്വന്തം നാടായ തൃശ്ശൂരിലും പിന്നീട് കോഴിക്കോട്ടും താമസിച്ചപ്പോഴും സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്ക് കുറവൊന്നുമുണ്ടായില്ല. ഇപ്പോള്‍ ശാരീരികമായ ചെറിയ ബുദ്ധിമുട്ടുകള്‍ കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി യാത്രകള്‍ കുറവാണ്. എങ്കിലും കോഴിക്കോട് ചെലവൂരിനടത്തുള്ള ‘ചൈത്ര’ത്തിലിരുന്ന് വായനയും അല്പാല്പം എഴുത്തുമായി കഴിയുകയാണ് ശങ്കരന് മാഷ്. കൂട്ടിന് പത്നി കമലാദേവിയും. എന്‍.കെ. ദേശത്തിന്റെ കവിതകളെ കുറിച്ചുള്ള പഠനം തയ്യറാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍ അദ്ദേഹം.
എഴുത്തിന്റെ സൗമ്യതയും സൗകുമാര്യവും കിട്ടിയതെവിടെ നിന്നെന്ന് ചോദിച്ചാല്‍ ശങ്കരന്‍മാഷിന് കുറേപേരെ ഓര്‍ക്കാനുണ്ട്. എന്നാല്‍ ആദ്യം നാവില്‍ വരുന്ന പേര് ഗുരുനാഥനായ ഷാരടി മാഷുടേതാണ് (പ്രൊഫ. കെ.പി. നാരായണ പിഷാരടി). ഷാരടി മാഷുടെ പേര് പറയുമ്പോള്‍ തന്നെ ഭക്തിയും ആദരവും കൊണ്ട് ശങ്കരന് മാഷിന്റെ കണ്ണുകള്‍ നിറയും. തൃശ്ശൂര്‍ കേരളവര്‍മ്മ കോളജില്‍ ഷാരടി മാഷിന്റെ ശിഷ്യനായിരുന്നു അദ്ദേഹം. പിന്നീട് അതേ കോളജില്‍ തന്നെയായിരുന്നു ശങ്കരന് മാഷിന്റെ അധ്യാപന ജീവിതത്തിന് തുടക്കമായതും. അദ്ദേഹത്തിന്റെ എഴുത്തിനെയും സര്‍ഗജീവിതത്തെയും സ്വാധീനച്ചവര്‍ വേറെയും ഏറെയുണ്ട്. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, ചെറുകാട്, അക്കിത്തം, എം. ലീലാവതി, എസ്. ഗുപ്തന് നായര്‍, തിക്കോടിയന്, എന്‍.ഡി. കൃഷ്ണനുണ്ണി… തുടങ്ങി നിരവധി പേര്. ഇവരില്‍ പലരെയും പറ്റി അദ്ദേഹം എഴുതിയിട്ടുമുണ്ട്. ആ ആചാര്യസ്മരണകള്‍ സമാഹരിച്ചാണ് ‘അഭിവാദ്യം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.
സമീപനം, ഋതുപരിവര്‍ത്തനം, നവകം, അഭിവാദ്യം, അനുശീലനം, ആചാര്യസന്നിധിയില്‍, ത്രിവേണി, കുളിരും തണലും, സപ്തകം എന്നീ ഗ്രന്ഥങ്ങളിലൂടെ മലയാള നിരൂപണസാഹിത്യത്തിന് കനപ്പെട്ട സംഭാവന നല്കി ശങ്കരന് മാഷ്. അനുശീലനം എന്ന കൃതി 2004ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ഡോ. സി.പി. മേനോന് അവാര്‍ഡും കരസ്ഥമാക്കി. 2008ല്‍ ദേവീപ്രസാദം ട്രസ്റ്റ് പുരസ്കാരം ലഭിച്ചു. ഒറ്റക്കവിതാപഠനങ്ങളിലൂടെ കവിതാസ്വാദനത്തിനും കാവ്യനിരൂപണത്തിനും പുതുമയാര്‍ന്നതും പ്രയോജനപ്രദവുമായ ഒരു പാത വെട്ടിത്തുറന്നത് കെ.പി. ശങ്കരനാണ്. ‘ഇവിടെ ആവശ്യം മിക്കവാറും ഒറ്റയൊറ്റക്കവിതകളുടെ വ്യാഖ്യാനമത്രെ. സഹൃദയത്വം എന്ന് ഒഴുക്കനായി പറയുമ്പോള്‍ നാം ഓര്‍ക്കാത്ത ഒരു സംഗതിയുണ്ട്; ഒരു കാലഘട്ടം, അതിലെ ഒറ്റയൊറ്റക്കവികള്‍, പലപ്പോഴും അവരുടെ ഒറ്റയൊറ്റക്കവതികളും- ഇപ്രകാരം ചികഞ്ഞു ചെല്ലുന്തോറും സവിശേഷമായി വരുന്ന ഒന്നാണ് സഹൃദയത്വത്തിന്റെ അനുഗ്രഹം’ എന്നാണ് ഒറ്റക്കവിതാപഠനത്തെ കുറിച്ച് ശങ്കരന് മാഷ് എഴുതിയത്. ഇടശ്ശേരിയുടെ മുഴുവന്‍ കവിതകളുടെയും പഠനമെഴുതി നാല് വാള്യങ്ങളിലായി അദ്ദേഹം പ്രസിദ്ധീകരിച്ചത് മലയാള നിരൂപണസാഹിത്യത്തിന് വിലമതിക്കാനാവാത്ത സമ്പത്താണ്. എന്നാല്‍ ശങ്കരന് മാഷ് ആ പുസ്തകങ്ങളെ കുറിച്ച് ചെറുചിരിയോടെ പറയുന്നത്, അതൊന്നും അത്ര ഗൗരവമുള്ളവയല്ല എന്നാണ്. ഈ വിനയവും സൗമ്യതയുമാണ് ശങ്കരന് മാഷ്. ഔദ്യോഗികമായി അര്‍ഹതപ്പെട്ടതെങ്കിലും പ്രൊഫസര്‍ എന്ന വിശേഷണം തന്റെ പേരിന്റെ കൂടെ വെയ്ക്കാന്‍ പോലും മാഷ് ഇഷ്ടപ്പെട്ടില്ല. മാഷിന്റെ ജന്മദിനം ഔദ്യോഗിക രേഖകളില്‍ മെയ് 15 ആണ്. യഥാര്‍ത്ഥ ജന്മദിനമായ ഡിസംബര്‍ 11ന് അദ്ദേഹത്തിന് 84 വയസ്സ് തികയുന്നു. ആയിരം പൂര്ണചന്ദ്രന്മാരെ കണ്ട ആ ധന്യജീവിതത്തില്‍ ഇനിയുമിനിയും മലയാള സാഹിത്യത്തിന് നവസുഗന്ധം പകരുന്ന കൃതികളുണ്ടാകാനായി പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: