തിരുവനന്തപുരം : മന്‍ഡോസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച രാത്രി തുടങ്ങിയ മഴയില്‍ തെക്കന്‍ ജില്ലകളില്‍ ശപലസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയണ്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്നലെ രാത്രി തുടങ്ങിയ ഇടവിട്ടുള്ള മഴ പല സ്ഥലങ്ങളിലും തുടരുന്നുണ്ട്. മലയോര മേഖലയിലെല്ലാം ശക്തമായ മഴയുണ്ട്. എന്നാലും ഇതുവരെ എവിടേയും മണ്ണിടിച്ചിലോ മറ്റ് അനിഷ്ടസംഭവങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളും ചൊവ്വയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: