മലയാളികള്‍ക്ക് ആന പ്രേമം എങ്ങനെയാണോ അതിലുമേറെയാണ് ഖത്തറികള്‍ക്ക് ഫാല്‍ക്കണ്‍ (നമ്മുടെ നാട്ടിലെ പ്രാപ്പിടിയന്‍) പക്ഷികളോടുള്ള ഇഷ്ടം. മിഡില്‍ ഈസ്റ്റിലെ മുഴുവന്‍ രാജ്യങ്ങളിലും ഏറെക്കുറെ അങ്ങനെയാണ്. ഫാല്‍ക്കണ്‍ പക്ഷികളെ വളര്‍ത്തുന്നത് ആഡംബരത്തിന്റെ പ്രതീകമായാണ് ഇവര്‍ കാണുന്നത്. നമ്മുടെ നാട്ടിലെ പരുന്തിന്റെ വിഭാഗത്തില്‍പെട്ടതാണ് ഈ പക്ഷികള്‍. ഇറാന്, പാകിസ്ഥാന്, മംഗോളിയ, കസാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നാണ് വന്‍ വില കൊടുത്ത് പക്ഷികളെ ഇവര്‍ വാങ്ങുന്നത്. കോഴി, കാട, പ്രാവ് എന്നിവയാണ് ഫാല്‍ക്കണുകളുടെ പ്രധാന ഭക്ഷണം.
ഫാല്‍ക്കണുകള്‍ ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഫാല്‍ക്കണുകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു ആനയ്ക്ക് കൊടുക്കേണ്ട വിലയേക്കാള്‍ ഇരട്ടി അധികമാണ്. 2,20,000 രൂപ മുതല്‍ 15 കോടി രൂപയിലേറെയുണ്ട്. സാമ്പത്തികമായി അത്ര വലിയ നിലയില്ലാത്ത ഖത്തറികള്‍ വില കുറഞ്ഞവയെ വളര്‍ത്തും. അതേസമയം സാമ്പത്തികസ്ഥിതിയുള്ളവര്‍ക്ക് ഫാല്‍ക്കണുകള്‍ ഒരു പ്രദര്‍ശന വസ്തുവും ഉല്ലാസവേട്ടയ്ക്കുള്ള ആയുധവുമാണ്. മറ്റ് പക്ഷികളെ വേട്ടയാടിപ്പിടിക്കല്‍ വിനോദം മാത്രമല്ല, മത്സരവുമാണ്. ഖത്തറി ഷെയ്ക്കുമാരുടെ പ്രധാന വിനോദം കൂടിയാണ് ഫാല്‍ക്കണ്‍ പക്ഷികളെ ഉപയോഗിച്ചുള്ള വേട്ട. തണുപ്പുകാലത്ത് അറബികള്‍ അള്ജീരിയയിലും മൊറോക്കോയിലും മംഗോളിയയിലുമൊക്കെ ഫാല്‍ക്കണുമായി പോയി വേട്ടയാടുക പതിവ്. രാജകുടുംബാംഗങ്ങള്‍ ഫാല്‍ക്കണുകളുമായി സ്വന്തം വിമാനത്തില്‍ പോയി വേട്ടയാടും. അതിന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കരാര്‍ പോലുമുണ്ട്.
ഫാല്‍ക്കണുകള്‍ക്ക് മികച്ച കാഴ്ചശക്തിയുണ്ട്. അറേബ്യന്‍ ഫാല്‍ക്കണുകളുടെ സാധാരണ കാഴ്ച മനുഷ്യന്റെ കാഴ്ചയേക്കാള്‍ 2.6 മടങ്ങ് കൂടുതല്‍. ഭൂമിയിലെ ഏറ്റവും വേഗതയേറിയ പക്ഷികളുമാണ്. മണിക്കൂറില്‍ ഏകദേശം 320 കിലോമീറ്ററാണ് ഫാല്‍ക്കണുകള്‍ ഇരയെയും പിടിച്ച് പറക്കുന്നത്. മരുഭൂമികളില്‍ കാണപ്പെടുന്ന ഹൊബാറകളാണ് ഫാല്‍ക്കണിന്റെ ഏറ്റവും വലിയ ഇര. ഇവയെ വേട്ടയാടി പിടിച്ചാല്‍ ഉടനെ പരിചാരകര്‍ അതിന്റെ ശ്രദ്ധ തിരിച്ച് ഹൊബാറകളെ മാറ്റി പ്രാവിനെ തീറ്റയായി നല്‍കും. എല്ലാ ഫാല്‍ക്കണുകളുടെയും ശരീരത്തില്‍ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാകും. അതുകൊണ്ട് കത്യമായി ഇവയുടെ യാത്ര മനസിലാക്കാം. മരുഭൂമിയില്‍ എത്തി ഷെയ്ക്കുമാരും കൂട്ടരും ടെന്റ് കെട്ടി താമസിച്ചാണ് വേട്ടയ്ക്കിറങ്ങുന്നത്. അഞ്ചു തരത്തിലുള്ള ഫാല്‍ക്കണുകളാണുള്ളത്.
സഖര്‍, ഷെഹീന്‍, ജീര്, ജബിലിയ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഇതില്‍ ഏറ്റവും കാഴ്ച ശക്തി ഫാല്‍ക്കണ്‍ ഷെഹീനാണ്. എത്ര ഉയരത്തില്‍ പറന്നാലും അവയ്ക്ക് ഇരയെ കാണാനാകും.
ഒരോ വര്‍ഷവും പഴയ ചിറകുകള് കൊഴിഞ്ഞ് പുതിയത് വരും. ഇവയ്ക്ക് തണുപ്പുകാലമാണ് കൂടുതല്‍ ഇഷ്ടം. ഖത്തറിന്റെ ദേശീയ പക്ഷിയായ ഫാല്‍ക്കണുകള്‍ക്കായി പ്രത്യേക കായിക മത്സരങ്ങളും പ്രദര്‍ശനവുമൊക്കെ നടത്താറുണ്ട്. ഫാല്‍ക്കന്‍ഡറി എന്ന മത്സരം വളരെ ആവേശകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: