തിരുവനന്തപുരം : ആരോപണ വിധേയനായി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാനെ വീണ്ടും തിരിച്ചുകൊണ്ടുവരാന്‍ നീക്കം. ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊള്ളും. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്കി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് മന്ത്രിസഭയിലേക്ക് തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചത്.
2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്റെ പേരിലാണ് ജൂലൈ ആറിന് സജി ചെറിയാന് രാജിവെച്ചത്. മന്ത്രിസ്ഥാനത്തു നിന്നും മാറ്റിയെങ്കിലും സജിക്ക് പകരം പുതിയ മന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്കി കേസ് തീരാന്‍ കാത്തിരിക്കുകയായിരുന്നു സിപിഎം. സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതിയും തള്ളിയിരുന്നു. ഇതോടെയാണ് തിരിച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച് വീണ്ടും ചര്‍ച്ച തുടങ്ങിയത്.
തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. തിരുവല്ല ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കേടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ സജി ചെറിയാന് നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമായിരുന്നു പോലീസ് കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: