ചരിത്രം ആവര്‍ത്തിക്കുകയാണ്, പൂര്‍വാധികം ശോഭയോടെ. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി ഏഴാമതും വിജയം നേടി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് പുതിയൊരു റെക്കോര്‍ഡുമായാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷം എന്നതാണത്. 150-ലേറെ സീറ്റുകള്‍ ബിജെപി നേടിയിരിക്കുന്നു. ഇതിനുമുന്‍പ് 1985-ല്‍ കോണ്‍ഗ്രസ്സിന്റെ മാധവ്സിങ് സോളങ്കിക്ക് ലഭിച്ച 149 സീറ്റിനെയാണ് ബിജെപി മറികടന്നിരിക്കുന്നത്. ബിജെപിയാണ് ഇക്കുറിയും ഗുജറാത്തില്‍ അധികാരത്തിലെത്തുക എന്നുറപ്പായിരുന്നു. എക്സിറ്റ് പോളുകള്‍ എല്ലാംതന്നെ അക്കാര്യം പ്രവചിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു പടുകൂറ്റന്‍ വിജയം പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസ് ഇക്കുറി അധികാരം പിടിക്കുമെന്നായിരുന്നു അവകാശവാദം. തീരെ യാഥാര്‍ത്ഥ്യബോധമില്ലാത്തതായിരുന്നു ഇതെങ്കിലും മോശമല്ലാത്ത സംഖ്യയില്‍ സീറ്റു നേടുമെന്ന് പലരും കരുതി. കോണ്‍ഗ്രസ് വിധേയത്വമുള്ള മാധ്യമങ്ങളും ഇങ്ങനെയൊരു പ്രചാരണം കൊഴുപ്പിച്ചു. ഗുജറാത്തില്‍ ബിജെപിയുടെ വളര്‍ച്ചയും, പാര്‍ട്ടിയുടെ സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും പരമാവധിയായെന്നും, ഒരു ഭരണമാറ്റം അനിവാര്യമാണെന്നും കരുതിയവര്‍ ഏറെയാണ്. ഇപ്പോഴത്തെ ദയനീയാവസ്ഥയില്‍നിന്ന് കോണ്‍ഗ്രസ്സിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാകുമെന്നും, ഗുജറാത്തില്‍ അതിന് തുടക്കം കുറിക്കുമെന്നും കരുതിയവര്‍ക്ക് പാടെ തെറ്റി.വെറും 15 സീറ്റുമാത്രം നേടാന്‍ കഴിഞ്ഞ ആ പാര്‍ട്ടി അത്യന്തം പരിഹാസ്യമായ ഒരു സ്ഥിതിയില്‍ എത്തിയിരിക്കുന്നു.
കോണ്‍ഗ്രസ്സിനെപ്പോലെ വലിയ അവകാശവാദങ്ങളുമായാണ് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും ഗുജറാത്തില്‍ രംഗത്തിറങ്ങിയത്. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും പ്രധാന പ്രതിപക്ഷമായി പാര്‍ട്ടി മാറുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്കി വോട്ടര്‍മാരെ വിലയ്ക്കെടുക്കാനാണ് കേജ്രിവാളും കൂട്ടാളികളും ശ്രമിച്ചത്. വമ്പന്‍ അഴിമതികളിലൂടെ നേടിയ കോടിക്കണക്കിന് രൂപ പ്രചാരണത്തിനായി ചെലവഴിക്കുകയും ചെയ്തു. പക്ഷേ ഗുജറാത്തി ജനത ഈ അധികാരമോഹികളെ വെറും അഞ്ച് സീറ്റു മാത്രം നല്കി ഒരു മൂലയ്ക്കിരുത്തിയിരിക്കുന്നു. യാതൊരു നേട്ടവുമുണ്ടാക്കാന്‍ കഴിയാതെ ഹിമാചല്‍ പ്രദേശിലും ആം ആദ്മി പാര്‍ട്ടി അപമാനം ഏറ്റുവാങ്ങി. പരാജയത്തിന്റെ പരമ്പരക്കിടയില്‍ ഹിമാചലില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവക്കാനായതില്‍ കോണ്‍ഗ്രസ്സിന് ആശ്വസിക്കാം. കോണ്‍ഗ്രസ്സിന് ഇവിടെ അധികാരത്തിലേറാന്‍ കഴിഞ്ഞാലും പാര്‍ട്ടിയിലെ ഉള്‍പ്പോരും അധികാര വടംവലിയും കണക്കിലെടുക്കുമ്പോള്‍ അത് എത്രകാലം നീണ്ടുനില്‍ക്കുമെന്ന് കണ്ടറിയണം. ഹിമാചലിലേത് ഒരു തിരിച്ചുവരവിന്റെ സൂചനയായി കോണ്‍ഗ്രസ് കൊട്ടിഘോഷിക്കുമെങ്കിലും ഗുജറാത്തില്‍ ആ പാര്‍ട്ടി തകര്‍ന്നടിഞ്ഞതിന് നെഹ്റു കുടുംബം മറുപടി പറയേണ്ടിവരും. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് കിട്ടിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി ഗുജറാത്തിനെയും നരേന്ദ്ര മോദി എന്ന ഭരണാധികാരിയെയും അപമാനിച്ചുകൊണ്ടിരിക്കുന്നതിന്റെ സ്വാഭാവിക തിരിച്ചടിയാണ് കോണ്‍ഗ്രസ്സിന് ലഭിച്ചിരിക്കുന്നത്. ഗുജറാത്തില്‍ സ്വാഭാവിക അന്ത്യം സംഭവിച്ചിരിക്കുന്ന കോണ്‍ഗ്രസ്സിനെ പിരിച്ചുവിടുകയെന്ന ഒരു കൃത്യം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ.
കോണ്‍ഗ്രസ്സിനെ മറികടന്ന് ബിജെപിക്ക് ബദലായി ദേശീയ പാര്‍ട്ടിയാവാമെന്ന മോഹത്തോടെയാണ് ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലും ഹിമാചലിലും മത്സരത്തിനിറങ്ങിയത്. ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞതോടെ ഈ പാര്‍ട്ടി അത്ഭുതങ്ങള്‍ കാഴ്ചവയ്ക്കുമെന്ന മാധ്യമഘോഷവുമുണ്ടായി. അഹങ്കാരിയും വൃത്തികെട്ട കൗശലക്കാരനും യാതൊരു തത്വദീക്ഷയില്ലാത്തവനുമായ കേജ്രിവാളിന് അര്‍ഹിക്കുന്ന തിരിച്ചടിയാണ് ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുഫലങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇനിയെങ്കിലും രാഷ്ട്രീയ സദാചാരം എന്തെന്ന് പഠിക്കാന്‍ ഈ നേതാവ് തയ്യാറാവുമെന്ന് കരുതാം. ആം ആദ്മിക്കാരുടെ ലോക്സഭാ തെരഞ്ഞെടുപ്പ് മോഹവും അസ്തമിച്ചിരിക്കുകയാണ്. ഗുജറാത്തിലെ ചരിത്രപരമായ വിജയം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നല്കുന്ന അംഗീകാരത്തെ ഐതിഹാസികം എന്നു മാത്രമാണ് വിശേഷിപ്പിക്കാനാവുക. 27 വര്‍ഷമായി ഭരണവിരുദ്ധ വികാരമില്ലാതെ ഗുജറാത്തില്‍ തുടര്‍ച്ചയായി വിജയിക്കാന്‍ കഴിയുന്നതിന് മോദി എന്ന യഥാര്‍ത്ഥ ജനനായകന്റെ പ്രഭാവം വലിയ പങ്കാണ് വഹിക്കുന്നത്. മോദി ഭരണാധികാരിയായി തുടരുന്നിടത്തോളം ഗുജറാത്ത് ബിജെപിക്കൊപ്പമായിരിക്കും എന്ന കാര്യത്തില്‍ ഒരാള്‍ക്കും സംശയം വേണ്ട. ഗുജറാത്തിലെ തിളക്കമാര്‍ന്ന ഇപ്പോഴത്തെ വിജയം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ആവര്‍ത്തിക്കാന്‍ പോകുന്ന വിജയത്തിന്റെ മുന്നോടിയാണ്. ഹിമാചലിലും ബിജെപി വോട്ടുവിഹിതത്തിന് കുറവു സംഭവിക്കാത്തതിനാല്‍ അവിടെയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സാധ്യതയെ ഒരുവിധത്തിലും ബാധിക്കാന്‍ പോകുന്നില്ല. വളരെക്കുറച്ചു വോട്ടുള്ള ചെറിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ദേശീയതലത്തില്‍ പ്രതിഫലിക്കില്ല. അവിടെ ബിജെപിയും നരേന്ദ്ര മോദിയും ബഹുദൂരം മുന്നിലാണ്. ‘ബിജെപി എന്നാല്‍ വിശ്വാസമാണ്. വിശ്വാസം എന്നത് ബിജെപിയും.’ പ്രധാനമന്ത്രി മോദിയുടെ ഈ വാക്കുകള്‍ ഒരിക്കല്‍ക്കൂടി ശരിവയ്ക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: