ലണ്ടന്‍: വിശ്വവ്യാപകമായി ആഘോഷിച്ചു വരുന്ന ഹരിവരാസനം ശതാബ്ദിക്കു ഇംഗ്ലണ്ടില്‍ ആരംഭം കുറിച്ചു. അഞ്ചു സ്ഥലങ്ങളിലായി നടന്ന പരിപാടികളുടെ ഉദ്ഘാടന കര്‍മ്മം ബിര്‍മിങ്ഹാം ബാലാജി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കൗണ്‍സല്‍ ജനറല്‍ ഹിതേഷ് സക്സേനാ നിര്‍വ്വഹിച്ചു.
ക്ഷേത്ര ചെയര്മാന് ഡോ. എസ്. കനകരത്നം അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഹരിവരാസനം ശതാബ്ദി ആഘോഷ സമിതി കണ്‍വീനറും, ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഈറോഡ് രാജന് ഹരിവരാസനം ശതാബ്ദി ആഘോഷം പറ്റി വിശദീകരിച്ചു. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി അയ്യപ്പ പൂജ ചെയ്തു. തുടര്‍ന്ന് വീരമണി രാജുവിന്റെ നേതൃത്വത്തില്‍ അയ്യപ്പഭജന സദസ്സ് നടന്നു.
ഹാരോ അയ്യപ്പ ക്ഷേത്രം, വാല്ത്തംസ്റ്റൗ കര്‍പ്പക വിനായക ക്ഷേത്രം, മാഞ്ചസ്റ്റര്‍, ഈസ്റ്റ്ഹാം മുതലായ സ്ഥലങ്ങളില്‍ നടന്ന വിവിധ പരിപാടികളിലായി മലയാളി, തമിഴ്, തെലുങ്കു, കന്നഡ ഭാഷകള്‍ സംസാരിക്കുന്ന ആയിരക്കണക്കിന് അയ്യപ്പ ഭക്തജനങ്ങള്‍ കുടുംബ സമേതം പങ്കെടുത്തു.
2024 ജനവരി 14-ന് നടക്കാനിരിക്കുന്ന ഗ്ലോബല്‍ ഹരിവരാസന ആലാപനം, ബ്രിട്ടനില്‍ 35 സ്ഥലങ്ങളിലായി നടത്താന്‍ തീരുമാനമായി. ശബരിമല അയ്യപ്പ സേവാ സമാജം (യുകെ) ഭാരവാഹികളായ പ്രവീണ്‍, അരുണ്‍, ഗിരിഗുരുസ്വാമി (ശ്രീലങ്ക), ഗോപാല്‍സ്വാമി, മഹേഷ് മുരളി, ഡോ. വരദരാജന് മുതലായവര്‍ പരിപാടികള്‍ ആസൂത്രണം ചെയ്ത് സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: