ചാത്തന്നൂര്‍: കൊല്ലം-തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയിലെ പ്രധാന റോഡായ കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വേളമാനൂര്‍-നെട്ടയം റോഡ് സഞ്ചാരയോഗ്യമല്ലാതായി വര്‍ഷങ്ങളായി. റോഡ് സഞ്ചാരയോഗ്യമാക്കുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തതിനാല്‍ ദുരിതമനുഭവിക്കുകയാണ് നാട്ടുകാരും വഴിയാത്രികരും.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല നിയോജകമണ്ഡലത്തിലെ പള്ളിക്കല്‍ പഞ്ചായത്തിലും കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തിലുമായാണ് റോഡ് കിടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഭാഗം ഭംഗിയായി ടാര്‍ ചെയ്തിട്ടുണ്ട്. ഏഴ് വര്‍ഷത്തോളം പൊട്ടിപൊളിഞ്ഞു കുഴിനിറഞ്ഞു കിടന്ന കൊല്ലം ജില്ലയിലെ റോഡിന്റെ ഭാഗത്ത് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന് ജി.എസ്. ജയലാല്‍ എംഎല്‍എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് ടാറിംഗിനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായി രണ്ടുമാസം മുമ്പാണ് ജെസിബിയുമായെത്തി കരാറുകാരന്‍ റോഡ് മാന്തിപ്പൊളിച്ചിട്ടത്. അടുത്ത ദിവസങ്ങളില്‍ത്തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ നാളിതുവരെയായിട്ടും നിര്‍മാണ പ്രവൃത്തിയില്‍ യാതൊരുവിധ പുരോഗമനവും ഇല്ലാത്തതിനാല്‍ കാല്‍നടയാത്രപോലും ചെയ്യാന്‍ കഴിയാത്ത നിലയിലാണ്.
വേളമാനൂര്‍ ഉണ്ണിത്താംവീട് ഭാഗം മുതല്‍ നെട്ടയം ജംഗ്ഷന്‍ വരെയുള്ള റോഡിലൂടെ പോകാന്‍ ആട്ടോറിക്ഷകള്‍ പോലും തയ്യാറാകുന്നില്ല. തുലാമഴ തുടങ്ങിയതിനാല്‍ ഇപ്പോള്‍ ടാറിംഗ് നടത്തിയാല്‍ റോഡ് വേഗം നശിച്ചുപോകുമെന്നും മഴ കഴിഞ്ഞ് നിര്‍മാണം നടത്താമെന്നുമാണ് പണി നിര്‍ത്തിവയ്‌ക്കുന്നതിന് മുമ്പ് അധികൃതര്‍ നല്‍കിയ വിശദീകരണം.
തുലാം കഴിഞ്ഞു വൃശ്ചികം പകുതി കഴിഞ്ഞു ഇപ്പോഴും റോഡ് മാന്തിപൊളിച്ച നിലയിലാണ്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ എംഎല്‍എയെ കണ്ട് നിവേദനം നല്‍കിയിട്ടും കരാറുകാരനെ പഴിചാരി കയ്യൊഴിയുകയാണ് എംഎല്‍എ. നിര്‍മാണം പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: