ന്യൂദല്‍ഹി: ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് സുരക്ഷിതമല്ലാതായതോടെ സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ മറ്റൊരു വഴി തേടുന്നു. ചൈനയില്‍ നിന്നും മ്യാന്മറിലേക്ക് സ്വര്‍ണ്ണം കടത്തിയ ശേഷം റോഡ് മാര്‍ഗ്ഗം ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. റവന്യൂ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഈയിടെ ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് തുടര്‍ച്ചയായി പിടിക്കപ്പെടുന്നത് സ്ഥിരംവാര്‍ത്തയാണ്. ഇതിന് കാരണം വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കിയതും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനാല്‍ എളുപ്പത്തില്‍ ഏത് രൂപത്തിലും ഒളിപ്പിച്ചുവെച്ച സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിയുന്നു എന്നതിനാലാണ്. ക്യാപ്സൂളുകളില് നിറച്ച് വിഴുങ്ങിയും മലദ്വാരത്തില്‍ ഒളിപ്പിച്ചും പേസ്റ്റാക്കി തേച്ചുപിടിപ്പിച്ചും നടത്തുന്ന കടത്തുകള്‍ കസ്റ്റംസ് അനായാസമാണ് പിടിക്കുന്നത്.
ചൈനയില്‍ നിന്നും മ്യാന്മറിലേക്ക് അനധികൃതമായി സ്വര്‍ണ്ണം കടത്തിയ ശേഷം ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലകളിലൂടെ ഇന്ത്യയിലേക്ക് എത്തിക്കാനാണ് പ്ലാന്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, മിസോറാം എന്നിവിടങ്ങളിലേക്ക് റോഡ് മാര്‍ഗ്ഗം മ്യാന്മറില് നിന്നും സ്വര്‍ണ്ണം എത്തിക്കും.
ചൈനയിലെ റൂയിലില് നിന്നും മ്യാന്മറിലെ മ്യൂസ് എന്ന നഗരത്തിലേക്കാണ് കടത്തുക. മ്യൂസില് നിന്നും മാണ്ഡലേ-കലേവാ റൂട്ട് വഴി ഇന്ത്യാ-മ്യാന്മര് അതിര്‍ത്തിയിലേക്ക് എത്തിക്കും. മ്യാന്മറില് നിന്നും ഇന്ത്യയിലേക്ക് പാസ്പോര്‍ട്ടോ വിസയോ വേണ്ട. ഇരുരാജ്യങ്ങള്‍ക്കിടയിലും 16 കിലോമീറ്റര്‍ വരെ സ്വതന്ത്രമായി യാത്ര ചെയ്യാനാകും. ഇന്ത്യയുടെ അതിര്‍ത്തിയിലുള്ളവരെ കൂടി ഉപയോഗപ്പെടുത്തിയായിരിക്കും ഈ സ്വര്‍ണ്ണക്കടത്ത്.
ചൈനയില്‍ നിന്നും മ്യാന്മറിലേക്ക് സ്വര്‍ണ്ണമെത്തിക്കുന്നതിന് പകരം മ്യാന്മറിലെ സ്വര്‍ണ്ണഖനികള്‍ ഉപയോഗിച്ചും സ്വര്‍ണ്ണം ഖനനം ചെയ്തെടുത്ത് ഇന്ത്യയിലേക്ക് കടത്താനും പദ്ധതിയുണ്ട്. ഇന്ത്യക്കാരുടെ സ്വര്‍ണ്ണത്തിനോടുള്ള ആസക്തിയാണ് കള്ളക്കടത്തുകാര്‍ മുതലെടുക്കുന്നത്. വര്‍ഷം ഏകദേശം 900 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: