കൊല്ലം: ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ സമഗ്രവികസനത്തിനായി ഹാബിറ്റാറ്റ് തയ്യാറാക്കിയ 100 കോടി രൂപ ചെലവ് കണക്കാക്കുന്ന മാസ്റ്റര്‍ പ്ലാന്‍ ജില്ലാ പഞ്ചായത്ത് അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കിയത്.
ആയുര്‍വേദ പഠനത്തിനും ഗവേഷണത്തിനും ചികിത്സക്കുമുള്ള പ്രധാനപ്പെട്ട ഇടമായി ജില്ലാ ആയുര്‍വേദ ആശുപത്രി മാറും. എല്ലാ ബ്ലോക്കുകളിലേക്കും പാലിയേറ്റീവ് യൂണിറ്റുകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തും. ആശുപത്രിയുമായി ബന്ധപ്പെട്ട സ്റ്റാഫ് കോട്ടേജ്, ആയുര്‍വേദ സസ്യ ഉദ്യാനം, പേ വാര്‍ഡ്, ഇ ടോക്കണ്‍ സംവിധാനം, ആധുനികവത്ക്കരിച്ച ലൈബ്രറി എന്നിവ സജ്ജീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോടെ കേന്ദ്രത്തില്‍ നിന്നുള്ള ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭരണാനുമതിയോടെ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി.കെ. ഗോപന്, ജെ. നജീബത്ത്, അനില്‍ എസ്. കല്ലേലിഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ബിനുന്‍ വാഹിദ്, ഹാബിറ്റാറ്റ് ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: