ഇന്ത്യ എന്തുകൊണ്ട് ലോകകപ്പിൽ കളിക്കുന്നില്ല, ഒളിമ്പിക്സിൽ മെഡൽ നേടുന്നില്ല എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇടയ്‌ക്കിടയ്‌ക്ക് ഉയർന്നു വരാറുള്ളതാണ്. ഇതിനു വലിയ താത്വിക അവലോകനമൊന്നും ആവശ്യമില്ല. ഒളിമ്പിക്സിൽ നൂറു മീറ്റർ ഫൈനലിൽ എത്തുന്ന എട്ടു അത്‌ലിറ്റുകളെ നോക്കുക. മിക്കവാറും എട്ടു പേരും കറുത്ത, ആഫ്രിക്കൻ വംശജരായിരിക്കും. ജമൈക്ക പോലുള്ള പടിഞ്ഞാറൻ ആഫ്രിക്കക്കാർ. വേഗം കുറഞ്ഞ മാരത്തോൺ പോലുള്ള മത്സരങ്ങൾ നോക്കിയാൽ കെനിയ, എത്യോപ്യ തുടങ്ങിയ കിഴക്കൻ ആഫ്രിക്കക്കാരായിരിക്കും കൂടുതൽ. അവർ പ്രതിനിധീകരിക്കുന്നത് അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളെയായിരിക്കാം. തലമുറകളായി ആഫ്രിക്കക്ക് പുറത്തു താമസിക്കുന്നവരായിരിക്കാം. എങ്കിലും കറുത്ത വർഗ്ഗക്കാർ തന്നെ മുൻപിൽ.
1980ൽ അലൻ വെൽസിന്റെ വിജയത്തിന് ശേഷം ഒരു വെള്ളക്കാരൻ പോലും ഒളിമ്പിക്സ് നൂറുമീറ്റർ ജേതാവായിട്ടില്ല. എന്തുകൊണ്ട് ഒരു വെള്ളക്കാരൻ ദശകങ്ങളായി നൂറു മീറ്ററിൽ ഒന്നാം സ്ഥാനത്തെത്തുന്നില്ല എന്ന് ആരും ചോദിക്കാറില്ല. അതുപോലെ തന്നെയാണ് സ്വിമ്മിങ്ങിന്റെ കാര്യം. എന്തുകൊണ്ട് ഒളിമ്പിക്സ് 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ കറുത്ത വർഗ്ഗക്കാരെ കാണുന്നില്ല എന്നും ആരും ചോദിക്കാറില്ല. ഇവിടെ മിക്കവാറും വെള്ളക്കാരെ മാത്രമേ കാണൂ.
അപ്പോൾ ജനിതകത്തിനു പ്രാധാന്യമുണ്ടാകാം. പക്ഷെ, ജനിച്ച വംശമല്ലാ ശരീരത്തിന്റെ ചില പ്രത്യേകതകളാണ് കൂടുതൽ മികച്ച പ്രകടനം നടത്താൻ ഉപകരിക്കുന്നതു എന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്. കറുത്തവരുടെ ശരീര പ്രകൃതി അവർക്കു ഓട്ടത്തിൽ മുൻതുക്കം നൽകുന്നു, അതുപോലെ വെള്ളക്കാർക്കു നീന്തലിലും. വെള്ളക്കാരുടെ ഈ മുൻതൂക്കം നീന്തലിൽ ഏഷ്യക്കാർക്കുമുണ്ട്. പക്ഷെ, ഉയരക്കുറവ് പ്രശ്നമാണ്. ഉയരം കൂടിയ ഏഷ്യക്കാരന് ഈ തടസ്സം മറികടക്കാവുന്നതേയുള്ളൂ. ഫുട്‌ബോളിലും ഉയരത്തിന്റെ പ്രശ്നമുണ്ട്. ഏഷ്യൻ പുരുഷന്മാരുടെ ആവറേജ് ഉയരം 167.5 സെന്റിമീറ്റർ ആണെങ്കിൽ യൂറോപ്പിലേതു 180തും തെക്കേ അമേരിക്കയിലേതു 171 മാണ്.
സാമൂഹിക കാരണങ്ങളും ഉണ്ടാകാം. പാശ്ചാത്യ രാജ്യങ്ങളിൽ കറുത്ത വർഗക്കാരെ സ്വിമ്മിങ് പൂളുകളിൽ കയറാൻ പോലും അനുവദിച്ചിരുന്നില്ല എന്ന് ഇംഗ്ലണ്ടിന്റെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരിയായ ഒളിമ്പിക്(2020) സ്വിമ്മർ ആലീസ് ഡിയറിങ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും ഇംഗ്ലണ്ടിലെ നീന്തൽക്കാരിൽ ഒരു ശതമാനം മാത്രമാണ് കറുത്ത വർഗ്ഗക്കാർ. ഇതിനു കാരണം ചരിത്രപരവും സാംസ്കാരികവുമായ വംശീയതയാണെന്നാണ് ഡിയറിങ് പറയുന്നത്. നീന്തൽ കുളത്തിൽ കറുത്ത വനിതയുടെ മേൽ ആസിഡ് ഒഴിച്ച സംഭവങ്ങൾ വരെയുണ്ട് ഇംഗ്ലണ്ടിൽ. നൂറ്റാണ്ടുകൾക്കു മുൻപൊന്നുമല്ല. 1960കളിൽ.
കടുത്ത മത്സരങ്ങൾ നേരിട്ടാലേ ഫുട്‌ബോളർ മെച്ചപ്പെടൂ. അത് നൽകാൻ കഴിവുള്ള ക്ലബ്ബുകൾ ഇന്ത്യയിലില്ല. ദേശീയ ടീമിന്റെ നിലവാരം ഉയരണമെങ്കിൽ ലീഗിൽ കളിക്കുന്ന ക്ലബ്ബുകളുടെ നിലവാരവും ഉയരണം. യൂറോപ്പിലെ കളിക്കാർ എപ്പോഴും ശക്തരായ എതിരാളികളെ നേരിട്ടാണ് സ്വന്തം നിലവാരം ഉയർത്തുന്നത്. ഖത്തർ, സൗദി പോലുള്ള സമ്പന്ന രാജ്യങ്ങൾ യൂറോപ്പ്യൻ ടീമുകളെ ക്ഷണിച്ചു വരുത്തി കളിക്കാർക്ക് പരിശീലനം നൽകുന്നുണ്ട്.
ശാരീരികമായി ഉയർന്ന കായികക്ഷമത ഉണ്ടായാൽ മാത്രം കാര്യമില്ല. നല്ല പരിശീലനം കൂടി വേണം. ഫുട്‌ബോളിന്റെ കാര്യം എടുക്കുകയാണെങ്കിൽ ലോകകപ്പിൽ കളിക്കുന്ന ആഫ്രിക്കൻ കളിക്കാർ ഭൂരിഭാഗവും യൂറോപ്പ്യൻ സ്പോർട്സ് അക്കാദമികളിൽ പരിശീലനം നേടി യൂറോപ്യൻ ക്ലബ്ബുകളിൽ കളിച്ചു വളർന്നവരാണ്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ തിരഞ്ഞെടുത്തു ഫുട്‌ബോൾ അക്കാദമികളിൽ പ്രത്യേക പരിശീലനം നൽകുന്ന രീതിയാണ് യൂറോപ്പിലും മറ്റുമുള്ളത്. ഇത്രയും പ്രാധാന്യം ഫുട്‌ബോളിന് കൊടുക്കുന്ന ഒരു സംസ്കാരം ഏഷ്യൻ രാജ്യങ്ങളിലില്ല. ഫുട്‌ബോളോ മറ്റു സ്പോർടിസോ ഒരു പ്രൊഫഷൻ ആയി എടുക്കുന്ന രീതി ഇവിടങ്ങളിലില്ല. പാരമ്പരാഗത വിദ്യാഭ്യാസത്തിനാണ് കൂടുതൽ പ്രാധാന്യം. പ്രൊഫഷനാക്കാൻ തക്ക അവസരങ്ങളൊന്നും ഇവിടങ്ങളിലില്ല എന്നത് മറ്റൊരു കാര്യം.
മക്കളെ ഡോക്ടറും എൻജിനീയറും ആക്കേണ്ട ഫുട്‌ബോളർ ആക്കിയാൽ മതി എന്ന് ഒരു വലിയ വിഭാഗം മാതാപിതാക്കൾ തീരുമാനിക്കുന്നകാലത്തു ഇവിടെയും മെസ്സിയും നെയ്‌മറുമൊക്കെ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: