തിരുവനന്തപുരം: കാലാവസ്ഥാമാറ്റവും വികസനവും എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവും സംസ്ഥാന പരിസ്ഥിതി വകുപ്പും ലോകബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നാളെ രാവിലെ 11.30ന് കോവളം ഹോട്ടല്‍ ലീലയില്‍ നിര്‍വഹിക്കും.
ലോകബാങ്ക് ദക്ഷിണേഷ്യ റീജിയണല്‍ ഡയറക്ടര്‍ ജോണ്‍ എ റൂം, ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് ചീഫ് ഓഫ് ഓപ്പറേഷന്‍സ് ജോഷ്വ വൈകഌഫ്, ഫ്രഞ്ച് വികസനബാങ്കായ എ.എഫ്.ഡി കണ്ട്രി ഡയറക്ടര്‍ ബ്രൂണോ ബോസ്ലെ, എം.വിന്‍സന്റ് എംഎല്‍എ, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.വി.വേണു, അഡീഷണല്‍ ചീഫ് സെക്രട്ടറിയും റീബില്‍ഡ് കേരള സി.ഇ.ഒയുമായ ബിശ്വനാഥ് സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുക്കും.
അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള വിദഗ്ധര്‍, കേന്ദ്ര സര്‍ക്കാരിലെയും വിവിധ സംസ്ഥാന സര്‍ക്കാരുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, യുവജന, സന്നദ്ധസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കും. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ കര്‍മപദ്ധതി ഉദ്ഘാടന ചടങ്ങില്‍ പ്രകാശനം ചെയ്യും. ഫ്രഞ്ച് വികസന ബാങ്കായ എ.എഫ്.ഡി. കേരളത്തിന് അനുവദിക്കുന്ന 865.8 കോടിയുടെ വികസന വായ്പാ പദ്ധതി കരാറും ഒപ്പുവയ്ക്കും.
കാലാവസ്ഥാമാറ്റത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര ഫണ്ടിങ് ഏജന്‍സികളുടെ പങ്കും മാറുന്ന മുന്‍ഗണനയും, ഈജിപ്തില്‍ നടന്ന ലോക കാലാവസ്ഥാസമ്മേളനം (ഇഛജ27) തുടങ്ങിയ വിവിധ സെഷനുകളും ഉണ്ടാകും. ഇന്ന് (ഡിസംബര്‍ 7) വൈകിട്ട് 7.30ന് കോവളം താജ് ഗ്രീന്‍ കോവ് റിസോര്‍ട്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ യുഎന്‍ പരിസ്ഥിതി പരിപാടിയുടെ ഇന്ത്യ ഗുഡ് വില്‍ അംബാസഡര്‍ ദിയ മിര്‍സ പങ്കെടുക്കും.
എട്ടിന് ജന കേന്ദ്രീകൃത കാലാവസ്ഥ സേവനം, കാലാവസ്ഥ ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള ബഹുമുഖ പ്രവര്‍ത്തനപരിപാടി, ക്ലൈമറ്റ് സ്മാര്‍ട്ട് നിക്ഷേപം തുടങ്ങിയ സെഷനുകള്‍ നടക്കും. വൈകിട്ട് 3.45ന് സമാപന സമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. നീതി ആയോഗ് സി.ഇ.ഒ. പരമേശ്വരന് അയ്യര്‍, ഡോ.വി.വേണു, രാജശ്രീ റായി, ജോണ്‍ എ.റൂം, ദീപക് സിങ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: