ഇടുക്കി : ആദിവാസി യുവാവ് സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയ വനം വകുപ്പ് ഉദ്യോസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കാട്ടിറച്ചി കൈവശം വെച്ചെന്ന വ്യാജ കേസില്‍ കുടുക്കിയെന്നതാണ് കേസ്. ഫോറസ്റ്റര്‍ അനില്‍കുമാര്‍ അടക്കം 13 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിഎഫ്ഒ ബി. രാഹുലിനേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. എസ്സി/ എസ്ടി കമ്മിഷന്റെ ഇടപെടലിലാണ് കേസെടുത്തിരിക്കുന്നത്.
സെപ്റ്റംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് വനം വകുപ്പ് ഉദ്യോസ്ഥരെത്തി സരുണ്‍ സജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സരുണിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മറ്റൊരു സ്ഥലത്തുനിന്ന് ലഭിച്ച കാട്ടിറച്ചി സരുണിന്റെ ഓട്ടോറിക്ഷയില്‍ കൊണ്ടുവെച്ച് കേസെടുക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
സംഭവത്തില്‍ എസ്സി/ എസ്ടി കമ്മിഷന് ഇടപെട്ടതോടെയാണ് പോലീസ് ഇടപെട്ടത്. ഫോറസ്റ്റര്‍ അനില്‍ കുമാറാണ് കേസിലെ ഒന്നാംപ്രതി. മര്‍ദ്ദിക്കാന്‍ നേതൃത്വം നല്‍കുകയും കൂട്ടുനില്‍ക്കുകയും ചെയ്തെന്നാണ് മറ്റ് 12 പേര്‍ക്കെതിരെയുള്ള കുറ്റം. മര്‍ദ്ദനം, മോശം വാക്കുകളുടെ ഉപയോഗം, അന്യായമായി കസ്റ്റഡിയില്‍ വെക്കല്‍, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദിവാസി പീഡനനിരോധന നിയമത്തിലെ ഏതാനും വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വനംവകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും സരുണിനെതിരായ കേസ് ഇതുവരെ പിന്‍വലിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: