തിരുവനന്തപുരം : വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുന്നതിനായി വീണ്ടും സമവായ ചര്‍ച്ചയ്ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ആദ്യ ചര്‍ച്ചകളില്‍ തീരുമാനം ആകാത്തതിനാലും പ്രതിഷേധങ്ങള്‍ വീണ്ടും ശക്തമാവുകയും ചെയ്തതോടെയാണ് സര്‍ക്കാരിന്റെ ഈ നടപടി. എന്നാല്‍ കൃത്യമായ ഉറപ്പ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുകയാണെങ്കില്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്നാണ് ലത്തീന്‍ അതിരൂപതയുടെ നിലപാട്.
ഇന്ന് വൈകിട്ട് മന്ത്രിസഭാ ഉപസമിതിയും സമരസമിതിയും തമ്മില്‍ ചര്‍ച്ച നടത്താനാണ് നിലവിലെ തീരുമാനം. ഈ ചര്‍ച്ചകള്‍ വിജയിച്ചാല്‍ മുഖ്യമന്ത്രിയും സമരക്കാരെ കണ്ടേക്കും. കഴിഞ്ഞ ദിവസങ്ങളിലെ അനുരഞ്ജന നീക്കങ്ങള്‍ വിലയിരുത്താനായി ഇന്നും സമരസമിതി യോഗം ചേരും.
അതേസമയം നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടുവരും. കൊച്ചിയില്‍ തുടരുന്ന കെസിബിസി ശീതകാല സമ്മേളനത്തിലും വിഴിഞ്ഞം സമരം ചര്‍ച്ച ചെയ്യും. യോഗത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടെങ്കിലും കൂടുതല്‍ വിശകലനങ്ങളിലേക്ക് പോകേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: