കെ.പി. ഹരിദാസ്
രാജ്യം സാഭിമാനം രാമരാജ്യത്തിലേക്കുള്ള പ്രയാണത്തിലാണ്. ഭാരതീയ ഋഷി പാരമ്പര്യത്തിന്റെ സന്തതിയായിരുന്ന സ്വാമി വിവേകാനന്ദന്റെ സ്വപ്നമായിരുന്നു, ഭാരത മാതാവ് ഏറ്റവും ഉയര്‍ന്ന സിംഹാസനത്തിലിരുന്ന് ലോകത്തെയാകമാനം രണ്ടു കൈകളാല്‍ അനുഗ്രഹിക്കുന്നത് എന്റെ മനക്കണ്ണാല്‍ ഞാന്‍ കാണുന്നു എന്ന ചിന്ത. സ്വാമിജിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള മഹാ പ്രയാണത്തിലാണ് നാം. സ്വാമിജി തന്നെ ഒരിക്കല്‍ പറഞ്ഞു.
”നിങ്ങളുടെ പൂര്‍വ്വീകര്‍ എല്ലാം ധൈര്യത്തോടെ നേരിട്ടു. മരണത്തെപ്പോലും. എന്നാല്‍ അവര്‍ ഒരിക്കലും അവരുടെ സംസ്ക്കാരത്തെ കൈവിട്ടില്ല. മുറുകെ പിടിച്ചു. ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളൊക്കെ വിദേശിയര്‍ തകര്‍ത്തു കളഞ്ഞു. എന്നാല്‍ അതിലും വേഗത്തില്‍ അവയെല്ലാം ഉയര്ത്തെഴുന്നേല്ക്കുകയും ചെയ്തു.”
ഈ ഉയര്‍ത്തെഴുന്നേല്‍പ്പ് വര്‍ഷങ്ങള്‍മുമ്പ് സോമനാഥത്തില്‍ നാം കണ്ടു. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിലും കേരളത്തിലുമെല്ലാം നാം കണ്ടതും, കണ്ടു കൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. കൃത്യമായി പറഞ്ഞാല്‍ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാന്ദി കുറിക്കലാണ് 92 ഡിസംബര്‍ 6ന് അയോദ്ധ്യയില്‍ ദര്‍ശിച്ചത്. രാമഭക്തരുടെ വിരാടരൂപ ദര്‍ശനത്തിന്റെ മുമ്പില്‍ അടിമത്വത്തിന്റെ മീനാരങ്ങള്‍ ഉടഞ്ഞു വീണു. മൂന്ന് പതിറ്റാണ്ടിനുമപ്പുറം അയോദ്ധ്യയില്‍ നമുക്ക് കാണാന്‍ കഴിഞ്ഞത് ഉണര്‍ന്നെണീറ്റ ഹൈന്ദവ ശക്തിയുടെ പ്രകടീകരണമായിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഭാരതത്തിന്റെ ദേശീയ മൂല്യങ്ങള്‍ നമ്മുടെ തലമുറകളിലേക്ക് പകര്‍ന്നു നല്കിയ ഭഗവാന് ശ്രീരാമചന്ദ്രന് പിറന്നുവീണ മണ്ണില്‍ ഭവ്യമായ ക്ഷേത്രം പടുത്തുയര്‍ത്തുവാന്‍ നമുക്ക് കൈവന്ന പുണ്യ ദിനമായിരുന്നു ഡിസംബര്‍ 6.
രാമജന്മഭൂമി വീണ്ടെടുക്കാന്‍ നടത്തിയ പോരാട്ടത്തിന് അഞ്ച് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1528ല്‍ ബാബറെന്ന വിദേശിയായ ആക്രമകാരി വിക്രമാദിത്യന് പണികഴിപ്പിച്ച രാമക്ഷേത്രം തകര്‍ത്ത കാലം മുതല്‍ തുടര്‍ന്നു വന്ന നിരന്തരമായ പോരാട്ടം. ബാബറുടെ കാലത്ത് തന്നെ 4 യുദ്ധങ്ങള്‍ നടന്നു. ഹുമയൂണിന്റെ കാലത്ത് 10 യുദ്ധങ്ങളും അക്ബറിന്റെ കാലത്ത് 20 യുദ്ധങ്ങളും ഔറംഗസേബിന്റെ കാലത്ത് 30 യുദ്ധങ്ങളും നടന്നു. മുഗളന്മാര്ക്ക് ശേഷമുള്ള നവാബുമാരുടെ കാലത്ത് 7 യുദ്ധങ്ങള്‍ ഉള്‍പ്പെടെ 75ല്‍ പരം യുദ്ധങ്ങളാണ് ക്ഷേത്ര വിമോചനത്തിനായി നടന്നത്. 1528 മുതല്‍ 1934 വരെ നടന്ന പോരാട്ടങ്ങളില്‍ 3 ലക്ഷത്തിലധികം പേര് ബലിദാനികളായി. 1980 കള്‍ മുതല്‍ ഇന്നിന്റെ തലമുറയില്‍പ്പെട്ട ഹിന്ദു യുവതയും ഇതില്‍ പങ്കാളികളായി. വിശ്വഹിന്ദു പരിഷത്തും ശ്രീരാമ ജന്മഭൂമി മുക്തി യജ്ഞ സമിതിയും ഈ പ്രക്ഷോഭത്തിന്റെ സാരഥ്യം ഏറ്റെടുത്തു. സന്യാസിമാരും രാജാക്കന്മാരും, കര്സേവകന്മാരും, സര്‍വ്വസാധാരണക്കാരായ രാമഭക്തന്മാരുമൊക്കെ ഇതിനായി എത്രയോ അടരാടി. കോത്താരി സഹോദരന്മാര് ഉള്‍പ്പെടെ നിരവധി രാമഭക്തരുടെ ചുടുനിണം സരയൂവിലൂടെയും രാജ്യമാസകലവും ഒഴുകി. നിരന്തരമായ സംവാദങ്ങളും വാഗ്വാദങ്ങളും സമരങ്ങളും സത്യഗ്രഹങ്ങളും എല്ലാം അരങ്ങേറി. നിയമ വിദഗ്ധരും പുരാവസ്തുഗവേഷകരും ചരിത്രകാരന്മാരും തലനാരിഴ കീറി പരിശോധിച്ചു. 70 വര്‍ഷക്കാലം കോടതി മുറികളില്‍ നിരവധി വാദപ്രതിവാദങ്ങള്‍ നടന്നു. ഒടുവില്‍ 2019 ഒക്ടോബര്‍ 17ന് ഭാരതത്തിന്റെ പരമോന്നത നീതിപീഠം തന്നെ അന്തിമമായ തീര്‍പ്പിലേക്കെത്തി ചേര്‍ന്നു. ചരിത്ര പ്രസിദ്ധമായ വിധിയിലൂടെ തര്‍ക്ക സ്ഥലം രാമജന്മഭൂമി യാണെന്നും ക്ഷേത്രം തകര്‍ത്താണ് തര്‍ക്കമന്ദിരം പണിതത് എന്നും കണ്ടെത്തി. ഇത് പൂര്‍ണ്ണമായും ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നും രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിനായി ഡിസം 31ന് അകം ട്രസ്റ്റ് രൂപീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനെ ചുമതലപ്പെടുത്തുകയും ചെയ്തു. സത്യത്തിന്റെയും നീതിയുടെയും ധര്‍മ്മത്തിന്റേയും വിജയമായിരുന്നു ഇത്. ആയിരത്താണ്ടുകള്‍ അടിമത്വത്തിലാണ്ട ഒരു ജനതയുടെ ആത്മാവിഷ്ക്കാരമാണ് അയോധ്യയില്‍ ഉയര്‍ന്നുവന്നത്.
രാമന്റെ മഹത്വം
രാമന് ധര്‍മ്മത്തിന്റെ മൂര്‍ത്തീമദ്ഭാവമാണ്. ഏതെങ്കിലും ഒരു മതത്തിന്റേയോ ജാതിയുടേയോ പ്രതീകമായിരുന്നില്ല രാമന്. സത്യവും, ധര്‍മ്മവും നീതിയും ന്യായവും വിനയവും ലാളിത്യവും എല്ലാമായിരുന്നു രാമന്റെ മുഖമുദ്ര. പ്രപഞ്ച നീതിയും മനുഷ്യനീതിയും രാമന് ഒരു പോലെയായിരുന്നു. കൊട്ടാരത്തിലും കുടിലിലും രാമന് ഒരേ ഭാവമായിരുന്നു. രാമന് പിതൃ ഭക്തനായിരുന്നു. യാഗരക്ഷകനായിരുന്നു. അദ്ദേഹം ആപത് ബാന്ധവനും പ്രജാക്ഷേമ തല്പരനുമായിരുന്നു. ഇത്രയും ശ്രേഷ്ഠനായ ഒരു ഭരണാധികാരിയെ നമുക്കെങ്ങും ദര്‍ശിക്കാനാവില്ല. ഒരു രാജാവായും പുത്രനായും ഭര്‍ത്താവായും സഹോദരനായും സുഹൃത്തായും രാമന് വിളങ്ങി. രാമന് മറ്റൊരു പകരക്കാരനില്ല. രാമന് തുല്യം ചാര്‍ത്താന്‍ ആര്‍ക്കുമാവില്ല. ധര്‍മ്മത്തിന്റെ പ്രതിപുരുഷനായിട്ടാണ് ഭാരതത്തിന്റെ മഹാനായ പുത്രന് മഹാത്മാഗാന്ധി രാമനെ വിശേഷിപ്പിച്ചത്. രാമനെ നെഞ്ചിലേറ്റിയ അദ്ദേഹം രാമ രാജ്യത്തിനായി നിലകൊണ്ടതും ഇതിനാലാണ്. ഗാന്ധിജിയുടെ ചുണ്ടില്‍ നിന്നും അവസാനമായി ഉതിര്‍ന്നു വീണതും രാമമന്ത്രം തന്നെയായിരുന്നു. രാമ രാജ്യത്തില്‍ ഓരോ വ്യക്തിയും അവരവരുടെ കര്‍ത്തവ്യം നിറവേറ്റി. യാതൊരുവിധത്തിലുമുള്ള അന്യായവും നമുക്ക് രാമ രാജ്യത്തില്‍ കാണാനാവില്ല.
രാവണന്റെ മനസ്സ്
ഈ അടുത്ത ദിവസമാണല്ലോ ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ് നമ്മുടെ പ്രധാനമന്ത്രിയെ രാവണനോട് ഉപമിച്ചത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ബാബറുടെ പിന്‍ഗാമികളും മനസ്സുള്ളവരുമാണ്. ബാബര്‍ ഒരു ദൈവദൂതനോ മഹാപുരുഷനോ ഒന്നും ആയിരുന്നില്ല. ഒരു വൈദേശിക ആക്രമണകാരി മാത്രമായിരുന്നു. നിരവധി ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തു തരിപ്പണമാക്കിയ ക്രൂരനും നിഷേധിയും ആയ ഭരണാധികാരി. ഒരു കയ്യില്‍ മത ഗ്രന്ഥവും മറു കയ്യില്‍ കൊടുവാളുമായി ഭാരതത്തിന്റെ ഹൃദയഭൂമിയിലേക്ക് കടന്നുവന്ന ഇക്കൂട്ടര്‍ക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. നമ്മുടെ സംസ്ക്കാരത്തിന്റെ കളിത്തൊട്ടിലുകളും മാനബിന്ദുക്കളുമായ ക്ഷേത്രങ്ങളെ തകര്‍ക്കുക. മതം മാറ്റം നടത്തുക. തയ്യാറല്ലാത്തവരെ കാലപുരിക്കയക്കുക. മാതൃത്വത്തിന്റെ മാനത്തിന് വില പറയുക. കൈലാസ പര്‍വ്വതമെടുത്ത് അമ്മാനമാടിയ രാക്ഷസ രാജാവായ രാവണന് ചെയ്തതും ഇതു തന്നെയായിരുന്നു. സീതാമാതാവിന്റെ മാനത്തിന് വില പറഞ്ഞ രാവണന്റെ മനസ്സുള്ളവരാണ് നമ്മുടെ ചില നേതാക്കള്‍. അവര്‍ക്ക് രാമനേക്കാള്‍ പ്രിയം രാവണനോടാണ്. അതുകൊണ്ടാണ് ഇവര്‍ നമ്മുടെ ബഹുമാന്യരും ആരാദ്ധ്യരുമായ മഹാത്മാക്കളെ രാവണനോടുപമിക്കുന്നത്. ബാബറുടെ പ്രേതവും രാവണന്റെ മനസ്സുമാണ് ഇവരില്‍ ആവാഹിക്കപ്പെട്ടിട്ടുള്ളത്. രാവണന് ഒരു ഭീരുവും സ്വയം പുകഴ്ത്തി പറയുന്നവനുമായിരുന്നു. അതുകൊണ്ടാണല്ലോ പലപ്പോഴും സീതയുടെ മുമ്പില്‍ തന്റെ വീരശൂര പരാക്രമങ്ങള്‍ വര്‍ണ്ണിക്കുന്നത്. നമ്മുടെ ചില ‘കാരണഭൂതന് ‘മാരായ നേതാക്കള്‍ ഈ രാവണസ്വഭാവക്കാരാണ്. അവരാണ് ഊരിപ്പിടിച്ച കത്തികളുടേയും വാളുകളുടെയും മുമ്പിലൂടെ നടന്നു പോയവര്‍. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലാത്തവര്‍. പ്രത്യേകമായ ചില ആക്ഷന്‍ രംഗങ്ങളിലൊക്കെ അഭിനയിക്കാന്‍ കഴിയുന്നവര്‍.
ഭാരതീയ പാതിവ്രത്യത്തിന്റെ പ്രതീകമായ സീതയുടെ മുമ്പില്‍ രാവണന്റെ ഒരു വിദ്യയും വിലപ്പോയില്ല. സീത ചോദിക്കുന്നു. ‘രാവണാ നീ ഇത്ര വലിയ പരാക്രമിയായിട്ടും ഒരു കള്ളനെപ്പോലെ എന്തിനാണ് എന്നെ കട്ടുകൊണ്ടുവന്നത്. ശ്രീരാമനുമായി യുദ്ധം ചെയ്ത് ജയിച്ച് എന്നെ കൊണ്ടുവരാനുള്ള പാടവം നിനക്കില്ലാതെ പോയല്ലോ. പലപ്പോഴായി രാവണന് തന്റെ വൈഭവങ്ങള് നിരത്തുമ്പോഴും സീത രാവണനെ ധിക്കരിച്ചു കൊണ്ട് പറയുന്നത്, ‘രാവണാ, രാമന് എന്ന രാജഹംസത്തിന്റെ കൂടെ ജീവിക്കുന്ന രാജഹംസമാണ് ഞാന്‍. അങ്ങനെയുള്ള ഞാന്‍ നിന്നെപ്പോലുള്ള കാക്കകളുടെ അഭിലാഷം മാനിക്കണമോ’, എല്ലായ്പ്പോഴും സീത രാവണനെതിരസ്ക്കരിക്കുകയാണ് ചെയ്തത്. സീതയുടെ സാഹസീകവും ധൈര്യവുരഴള്ള മനസ്സ് കാണുമ്പോള്‍ നമുക്ക് ആശ്ചര്യം തോന്നും. നിര്‍ഭയവും സമര്‍ത്ഥവും ആയ മനസ്സുള്ളവര്‍ക്കേ ഇതു സാധ്യമാകൂ. രാമന് എത്രമാത്രം ആദര്‍ശ വാനായിരുന്നുവോ അത്രമാത്രം ആദര്ശവതിയായിരുന്നു സീതയും. സീതയുടെ പോലും തന്റേടവും ധൈര്യവും ശക്തിയും ഒന്നുമില്ലാത്ത നേതാക്കള്‍ ഒരിക്കലും രാമനു വേണ്ടി ശബ്ദമുയത്തിയിട്ടില്ല. അവര്‍ എല്ലാ കാലത്തും രാവണനെയാണ് ആരാധിച്ചതും സ്വീകരിച്ചതും.
രാജ്യശ്രേയസ്സ്
ഏതൊരു രാജ്യവും ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും ആ രാജ്യത്തിന്റെ ശ്രേയസ്സിനെക്കുറിച്ചാണ്. സ്വാഭിമാനമുള്ള ഭാരതമാണ് നമ്മുടെ സ്വപ്നം. നമ്മുടെ മഹാ മനീഷികളായ പൂര്‍വ്വീകരുടെ ചിന്തയും പ്രവര്‍ത്തിയും സ്വാഭിമാന ഭാരതം കെട്ടിപ്പടുക്കല്‍ ആയിരുന്നു. ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പറഞ്ഞതിങ്ങനെയാണ്. ”രാമ ക്ഷേത്രം ഭാരതത്തിന്റെ ദേശീയ അസ്മിതയുടെ പ്രതീകമാണ്”. അതെ, ഇത് കേവലം ഒരു ക്ഷേത്രനിര്‍മ്മാണമല്ല. ഇതിലൂടെ ഭാരതത്തില്‍ സംഭവിക്കുന്നത് നമ്മുടെ ഉയര്‍ച്ചയാണ്. 2020 ഓഗസ്റ്റ് 5ന് ബുധനാഴ്ച ശിലാന്യാസത്തില്‍ സന്നിഹിതനായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഈ ദിവസം ‘സാംസ്കാരിക സ്വാതന്ത്ര്യ ദിന’മാണ് എന്നായിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സര്‍സംഘചാലക് പൂജനീയ മോഹന്‍ജി ഭഗവത് ‘ലോകമേ തറവാട്’ എന്നതാണ് നമ്മുടെ വീക്ഷണമെന്നും അതിഥിദേവോ ഭവ എന്നത് നമ്മുടെ കാഴ്ചപ്പാടാണെന്നും നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന്റെ സാഫല്യമാണിതെന്നും ബലിദാനികളെ പ്രണമിച്ചു കൊണ്ട് നമുക്കു ഒന്നിച്ച് മുന്നേറാം എന്നും പറഞ്ഞു. ഇതിലൂടെ ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്താം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാമജന്മഭൂമിയുടെ ശിലാന്യാസത്തിലൂടെ സാംസ്ക്കാരിക ഭാരതത്തിന്റെ സ്വാഭിമാനം വീണ്ടെടുക്കുന്ന, ശ്രേയസ്സിലേക്കുള്ള പ്രയാണം നാം ആരംഭിച്ചു കഴിഞ്ഞു. അതെ, ഭാരതം ഉണരുകയാണ്. ഇനിയുള്ള കാലം ഭാരതത്തിന്റെതാണ്. സാംസ്കാരിക രംഗത്തും സാമൂഹ്യ, സാമ്പത്തീക, വിദ്യാഭ്യാസ, വിജ്ഞാന, സേവന, സന്നദ്ധ സൈനീക, രംഗങ്ങളിലുമൊക്കെ ഭാരതം അടിവെച്ച് മുന്നേറുന്നു. ഇന്നലെകളില്‍ നമ്മുടെ വാക്കുകള്‍ക്ക് ചെവിയോര്ക്കാത്തവര് ഇന്ന് നമ്മെ കേള്‍ക്കുന്നു. നമ്മെ പുച്ഛിച്ചവര് പൂച്ചെണ്ടുകളുമായി കാത്തിരിക്കുന്നു. ലോകത്തിലെ ഏതു കോണിലുമുള്ള ഭാരതീയന് അവര്‍ ജീവിക്കുന്ന നാടുകളില്‍ അഭിമാനത്തോടും അന്തസ്സോടും ആഭിജാത്യത്തോടും കൂടി ജീവിക്കുന്നു. നട്ടെല്ല് വളച്ചും തല കുമ്പിട്ടും കാത്തു കെട്ടി കിടന്നും ലോക നേതാക്കന്മാരെ കണ്ടിരുന്ന കാലത്തില്‍ നിന്നും നട്ടെല്ല് നിവൃത്തിയും ശിരസ്സ് കുമ്പിടാതെയും 135 കോടി ജനങ്ങളുടെ താല്പര്യം ഉയര്‍ത്തിപ്പിടിച്ചും അതേ സമയം നമ്മുടെ രാജ്യത്തിന്റെ മുഖമുദ്രയായ സഹിഷ്ണുത കൈവിടാതെയും മുന്നേറുന്ന ഭരണാധികാരികള്‍ ഉദയം ചെയ്തിരിക്കുന്നു. ഇവര്‍ രാമന്റെ പാത പിന്തുടരുന്നവരാണ്. രാമനാണ് ഇവരുടെ ആദര്‍ശ മൂര്‍ത്തി. ഇവരിലോടുന്ന രക്തം രാമന്റെയാണ്. ഇവരെ ഇവരാക്കിയതും രാമനാണ്. യുദ്ധമില്ലാത്ത ഭൂമിയായ അയോദ്ധ്യയില്‍ പിറന്ന രാമന്റെ പിന്ഗാമികള്ക്കേ യുദ്ധത്തിനായി കൊതിക്കുന്ന നേതാക്കളോട് യുദ്ധം നമുക്ക് വേണ്ട എന്ന് പറയാന്‍ കഴിയൂ. ലോകം നമ്മുടെ വാക്കുകള്‍ക്ക് കാതോര്‍ത്തിരിക്കുന്ന കാലമാണിത്.
ഒരു ദശകം കൊണ്ട് സമ്പൂര്‍ണ്ണമായി നിര്‍മ്മാണം പൂര്‍ത്തിയാകുന്ന രാമ ക്ഷേത്രം ലോക ചരിത്രത്തിലെ തന്നെ അത്ഭുതങ്ങളില്‍ ഒന്നായി മാറും. ആദ്യത്തെ മൂന്നു വര്‍ഷം കൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാവും. 300 അടി നീളത്തിലും 280 അടി വീതിയിലുമായി 84000 ചതുരശ്ര അടി വിസ്തൃതിയില്‍ ഉയരുന്ന രാമ ക്ഷേത്രം ഭാരതീയ വാസ്തുവിദ്യയുടെ വിസ്മയമായിരിക്കും. 161 അടി ഉയരത്തില്‍ 3 നിലകളുള്ള 5 ഗോപുരങ്ങളോടു കൂടിയ ഈ തീര്‍ത്ഥ ക്ഷേത്രവും അനുബന്ധ നിര്‍മ്മാണങ്ങളും പൂര്‍ത്തീകരിക്കുവാന്‍ 2000 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. അയോദ്ധ്യയുടെ പൈതൃകം സമ്പൂര്‍ണ്ണമായും നിലനിര്‍ത്തിക്കൊണ്ട് ഉയരുന്ന രാമക്ഷേത്രം യഥാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ ഹൃദയക്ഷേത്രവും കൂടിയാണ്. കാരണം കോടിക്കണക്കിന് രാമഭക്തന്മാര് നാണയത്തുട്ടുകളുടെ രൂപത്തില്‍ സമര്‍പ്പിച്ചിരിക്കുന്നത് അവരുടെ ഹൃദയത്തെ തന്നെയാണ്. സനാതന ധര്‍മ്മത്തിന്റെ ഈറ്റില്ലമായ ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധത്തിലുമുള്ള പ്രഭാപൂരം ചൊരിയുന്ന സാകേതമായി അയോദ്ധ്യയും രാമ ക്ഷേത്രവും മാറുകയാണ്. നമ്മുടെ മുമ്പേ നടന്നുനീങ്ങിയ അശോക് സിംഘാള്ജിയെ പോലുള്ള ആയിരങ്ങളാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചത്. അവരുടെ പാദാരവിന്ദങ്ങളില്‍ പ്രണമിച്ചു കൊണ്ട് ഡിസംബര്‍ 6 ന്റെ ഹിന്ദു സ്വാഭിമാനദിനത്തെ നമുക്ക് വരവേല്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: