ലുസൈല്‍: പറങ്കികള്ക്കൊരു ലോക കിരീടം വേണം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന സൂപ്പര്‍ താരത്തിന്റെ പകിട്ടില്‍ ഇത്തവണയെങ്കിലും അതിനാകുമെന്ന അവരുടെ പ്രതീക്ഷയ്ക്കു മുന്നില്‍ ഷെര്ദാന് ഷാക്കീരിയുടെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വെല്ലുവിളി. ഗ്രൂപ്പ് എച്ചില് നിന്ന് ഒന്നാമതായാണ് പോര്‍ച്ചുഗല്‍ അവസാന പതിനാറില്‍ ഇടംപിടിച്ചത്. രണ്ട് കളി ജയിച്ചപ്പോള്‍ ഒന്നില്‍ തോറ്റു. അവസാന കളിയില്‍ ദക്ഷിണ കൊറിയക്കെതിരെ അടിതെറ്റി. ഗ്രൂപ്പില്‍ ആറ് ഗോളടിച്ച അവര്‍ നാലെണ്ണം വഴങ്ങി. ഘാനക്കെതിരെ ആദ്യ കളിയില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ ഒരു ഗോളടിച്ചതൊഴിച്ചാല് പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
2006ലെ ലോകകപ്പില്‍ നാലാം സ്ഥാനം നേടിയതൊഴിച്ചാല്‍ പിന്നീട് ഒരിക്കല്‍ പോലും ക്വാര്‍ട്ടറില്‍ കളിക്കാന്‍ പോര്‍ച്ചുഗലിന് കഴിഞ്ഞിട്ടില്ല. ക്രിസ്റ്റ്യാനോയ്ക്ക് പുറമെ ജാവോ ഫെലിക്സും റാഫേല്‍ ലിയോയും ആന്‍ഡ്രെ സില്‍വയും ബ്രൂണോ ഫെര്‍ണാണ്ടസും ബെര്‍ണാഡോ സില്‍വയും പെപെ, റൂബന്‍ ഡയസ്, നുനൊ മെന്‍ഡസ് തുടങ്ങിയവരടങ്ങുന്ന താരനിര അതിശക്തര്‍. എങ്കിലും പെപെ നയിക്കുന്ന പ്രതിരോധത്തില്‍ ചില പ്രശ്നങ്ങള്‍ കഴിഞ്ഞ കളിയില്‍ കണ്ടു. മധ്യനിരയും ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ പ്രതിരോധ-മധ്യ-മുന്നേറ്റനിര മിന്നിത്തിളങ്ങിയാല്‍ പോര്‍ച്ചുഗലിന്റെ ക്വാര്‍ട്ടര്‍ സ്വപ്നം പൂവണിയും.
മറുവശത്ത് ബ്രസീലിന് പിന്നില്‍ ഗ്രൂപ്പ് ജി രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ഗ്രൂപ്പില്‍ നാല് ഗോളടിച്ച അവര്‍ മൂന്നെണ്ണം വഴങ്ങി. 1954-ല്‍ ക്വാര്‍ട്ടര്‍ കളിച്ചതൊഴിച്ചാല്‍ പിന്നീടൊരിക്കലും സ്വിറ്റ്സര്‍ലന്‍ഡിന് അവസാന എട്ടില്‍ ഇടംപിടിക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് ലോകകപ്പിലും പ്രീ ക്വാര്‍ട്ടറില്‍ വീണു. പ്രതിരോധത്തിലാണ് അവര്‍ക്ക് കാര്യമായ പിഴവ് സംഭവിക്കുന്നത്. പ്രതിരോധം കെട്ടുറപ്പുള്ളതാക്കിയാകും അവര്‍ മൈതാനത്തിറങ്ങുക.
ഗ്രാന്റ് ഷാക്ക, ഷക്കീരി, റെമോ ഫ്ര്യൂലര്‍, എംബൊളൊ, റൂബന്‍ വര്‍ഗാസ്, മുഹമ്മദ് സൊ, റിക്കാര്‍ഡോ റോഡ്രിഗസ് തുടങ്ങിയ പ്രമുഖര്‍ അണിനിരക്കുന്നതാണ് സ്വിസിന്റെ കരുത്ത്. ഗോള്‍വലയ്ക്ക് മുന്നില്‍ യാന്‍ സൊമ്മറും എത്തുമ്പോള്‍ ക്രിസ്റ്റ്യാനോയും കൂട്ടരും കുറച്ച് ബുദ്ധിമുട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. മുന്‍പ് 25 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അതില്‍ പോര്‍ച്ചുഗല്‍ ഒന്‍പതില്‍ വിജയിച്ചപ്പോള്‍ സ്വിസ് സ്വന്തമാക്കിയത് 11 എണ്ണം. അഞ്ചില്‍ സമനിലയും. അവസാനം ഏറ്റുമുട്ടിയപ്പോള്‍ ജയിച്ചതും സ്വിറ്റ്സര്‍ലന്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: