തിരുവനന്തപുരം: കൊച്ചുമകളുടെ കാതിലെ കാല്പവന് പൊന്ന് പണയം വയ്ക്കുമ്പോള്‍ ആ വൃദ്ധന്റെ ഉള്ളൊന്നുപിടഞ്ഞു. കൈയില്‍ ചുരുട്ടിപ്പിടിച്ച നോട്ടിലേക്ക് നോക്കുമ്പോള്‍ കണ്ണീരൊഴുകി. ഹോട്ടല്‍ തൊഴിലാളിയായ താന്‍ വിചാരിച്ചാല്‍ കുഞ്ഞുമക്കളുടെ യാത്രാക്കൂലി പോലും സംഘടിപ്പിക്കാനാകില്ലെന്ന് ആ വൃദ്ധന് അറിയാം. പാലക്കാട് തയ്യാലം പറമ്പ് റയില്‍വേ പുറമ്പോക്കിലെ വീട്ടില്‍ ആകെയുള്ള പൊന്നു വില്‍ക്കാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല. കണ്ണീരോടെ ആ കമ്മല്‍ 4500 രൂപയ്ക്ക് പണയം വച്ചു. അപ്പൂപ്പന്റെ കയ്യില്‍ നിന്നും വാങ്ങിയ ആ കാശും നെഞ്ചോട് ചേര്‍ത്താണ് മുണ്ടൂര്‍ എച്ച്എസ്എസിലെ സോണിയയും അനുജന് സോഹനും തലസ്ഥാനത്തേക്ക് വണ്ടികയറിയത്. അതുകൊണ്ടുതന്നെ സീനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ 3കിലോമീറ്റര്‍ നടന്ന് സോണിയ നേടിയ വെങ്കലത്തിന് സ്വര്ണപ്പതക്കത്തേക്കാള് തിളക്കം.
സോണിയയ്ക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് അച്ഛന് സോമു തമിഴ്നാട്ടിലെ ബന്ധുവീട്ടില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിക്കുന്നത്. തമിഴ്നാട് തൃച്ചിപ്പോലീസ് വിവരം അറിയിക്കുമ്പോള്‍ നാലുദിവസം കഴിഞ്ഞിരുന്നു. സോണിയയും അനുജന് സോഹനും അമ്മ പ്രിയയും അപ്പൂപ്പന് ശശിക്കും അമ്മൂമ്മ സത്യഭാമയക്കും ഒപ്പമാണ്. ശശിയും സത്യഭാമയും കൂലിപ്പണിയെടുത്താണ് മകളെയും കുഞ്ഞുങ്ങളെയും പോറ്റുന്നത്. ശാരീരിക അവശതകള്‍ കാരണം പ്രിയയ്ക്കും വാര്‍ദ്ധക്യരോഗങ്ങള്‍ പിടിമുറുക്കിയതോടെ അമ്മൂമ്മയക്കും ജോലിക്ക് പോകാനാകില്ല.
അറുപത്തിയഞ്ച് പിന്നിട്ട, ഹൃദ്രോഹിയായ അപ്പൂപ്പന് ഹോട്ടലിലെ പണിയിലെ കൂലിയാണ് ഏക വരുമാനം. അതില്‍ നിന്നാണ് സോണിയയുടെയും അനുജന്റെയും പഠനവും പരിശീലനവും. റയില്‍വേ പുറമ്പോക്കില്‍ നിന്നും അടുത്തവര്‍ഷം ഒഴിയണമെന്ന് നോട്ടീസ് നല്കിയിരിക്കുന്നു. എസ്സി കോര്‍പ്പറേഷന്റെ സഹായത്തില്‍ വാങ്ങിയ നാലര സെന്റില്‍ കുടിലുകെട്ടാന്പോലും നിവൃത്തിയില്ല.
അച്ചന് സോമുവിന് ബന്ധുക്കളാണ് വിഷം നല്‍കിയെന്ന വിവരം അന്വേഷിച്ച് കണ്ടുപിടിക്കാന്‍ ഐപിഎസ് എടുക്കണമെന്നാണ് സോണിയയുടെ ആഗ്രഹം. പക്ഷെ ഈവര്‍ഷം പ്ലസ്ടുകഴിഞ്ഞാല്‍ തുടര്‍പഠനം എങ്ങനെയെന്നുപോലും അറിയില്ല. കമ്മല്‍ പോയതില്‍ വിഷമം ഉണ്ടോ എന്ന ചോദ്യത്തോട് പുഞ്ചിരിക്കുമ്പോഴും കണ്ണുനിറയുന്നത് മറയ്ക്കാന്‍ സോണിയ ഏറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: