അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 93 മണ്ഡലങ്ങളില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമാണ് മണിനഗറും ഘട്ലോദിയയും. ബിജെപിയുടെ ഉരുക്കുകോട്ടകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലങ്ങളാണിവ. 1990 മുതല്‍ ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള അഹമ്മദാബാദ് ജില്ലയിലെ 16 മണ്ഡലങ്ങളില്പെട്ടതാണ് ഇവ.
പട്ടേല്‍ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഇതില്‍ മിക്കവയും. 2017ലെ തെരഞ്ഞെടുപ്പില്‍ 16ല്‍ 12 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേലാണ് ഘട്ലോദിയയില്‍ നിന്ന് വീണ്ടും ജനവിധി തേടുന്നത്. പട്ടേല്‍ സമരം ശക്തമായി നടന്ന 2017ല്‍ പോലും ഭൂപേന്ദ്രപട്ടേല്‍ 1.17ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്. അതിന് മുമ്പ് മുഖ്യമന്ത്രിയായിരുന്ന ബിജെപിയുടെ ആനന്ദിബെന്‍ പട്ടേലാണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭാംഗം അമി യാജ്നികാണ് ഇത്തവണ ഘ്ടലോദിയയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുടര്‍ച്ചയായി മൂന്നുതവണ നിയമസഭയില്‍ എത്തിച്ച മണ്ഡലമാണ് മണിനഗര്‍. ബിജെപിയുടെ മറ്റൊരു ഉരുക്കുകോട്ടയെന്ന് ഇതിനെ വിശേഷിപ്പിക്കാം. 1985നുശേഷം ബിജെപിയാണ് ഇവിടെ നിന്ന് വിജയിക്കുന്നത്. നരേന്ദ്രമോദി 2002, 2007, 2012 വര്‍ഷങ്ങളിലാണ് ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം എംഎല്‍എ സ്ഥാനം രാജിവെച്ചു. തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുരേഷ്ഭായ് ധന്‍ജിഭായ് പട്ടേല്‍ സീറ്റ് നിലനിര്‍ത്തി. 2017 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുരേഷ്പട്ടേല് 75,199 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ ശ്വേത ബ്രഹ്മഭട്ടിനെ പരാജയപ്പെടുത്തി. ഇത്തവണ അമുല്ഭായ് ഭട്ടിനെയാണ് ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. സി.എം. രാജ്പുത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വിപുല്‍ഭായ് പട്ടേലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 16ല്‍ 14 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ദരിയാപൂര്‍, ഡാനിലിംഡ എന്നീ രണ്ട് സീറ്റുകളാണ് ലഭിച്ചത്. 2017ല്‍ ബാപ്പുനഗര്‍, ജമാല്പൂര്ഖാദിയ, ദരിയാപൂര്‍, ഡാനിലിംഡ എന്നീ നാല് സീറ്റുകളായി കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി. ഘട്ലോദിയ, തക്കര്ബാപ്പ നഗര്‍, സബര്‍മതി, മണിനഗര്‍, നിക്കോള്‍, നരോദ എന്നിവയാണ് പട്ടേല്‍ സമുദായത്തിന് ഗണ്യമായ ആധിപത്യമുള്ള മണ്ഡലങ്ങള്‍. ജമാല്പൂര്ഖാദിയ, ദരിയാപൂര്‍ സീറ്റുകള്‍ മുസ്ലീം സമുദായത്തിന് ആധിപത്യമുള്ളവയാണ്. എസി സംവരണ മണ്ഡലമായ ഡാനിലിംഡ, വെജല്‍പൂര്‍ എന്നിവിടങ്ങളിലും ഗണ്യമായ എണ്ണം മുസ്ലീം വോട്ടര്‍മാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: