അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലെ 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വടക്ക്, മധ്യ ഗുജറാത്തില്‍പ്പെട്ട ബനസ്‌കന്ത, പടാന്‍, മഹേശന, സബര്‍കാന്ത, അര്‍വല്ലി, ഗാന്ധിനഗര്‍, അഹമ്മദാബാദ്, ആനന്ദ്, ഖേഡ, മഹിസാഗര്‍, പഞ്ച്മഹല്‍സ്, ദാഹോദ്, വഡോദര, ഛോട്ടാ ഉദയ്പൂര്‍ എന്നീ 14 ജില്ലകളിലാണ് തെരഞ്ഞെടുപ്പ്.
833 സ്ഥാനാര്‍ത്ഥികളുണ്ട്. 2.54 കോടി വോട്ടര്‍മാരുണ്ട്. 26,409 പോളിങ് ബൂത്തുകളിലായി 36,000 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. 29,000 പ്രിസൈഡിംഗ് ഓഫീസര്‍മാരെയും 84,000 പോളിംഗ് ഓഫീസര്‍മാരെയും തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍(ഘട്‌ലോദിയ), ബിജെപി നേതാക്കളായ ഹാര്‍ദിക് പട്ടേല്‍ (വിരംഗം), അല്‍പേഷ് താക്കൂര്‍ (ഗാന്ധിനഗര്‍ സൗത്ത്), ഡോ. പായല്‍ മനോജ് കുക്രാനി (നരേദ) എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 8.30ന് അഹമ്മദാബാദ് റാണിപിലെ നിഷാന്‍ സ്‌കൂളിലെ പോളിങ് ബൂത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാവിലെ 10.30ന് അങ്കൂര്‍ നരന്‍പുരയിലെ മുനിസിപ്പല്‍ സബ് സോണല്‍ ഓഫീസിലെ പോളിങ് ബൂത്തിലും മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍ രാവിലെ ഒന്‍പതിന് അഹമ്മദാബാദിലെ ഷിലാജ് പ്രൈമറി സ്‌കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തും.
സൗരാഷ്‌ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 മണ്ഡലങ്ങളില്‍ ഡിസംബര്‍ ഒന്നിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 63.31 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തുടര്‍ഭരണം ഉറപ്പിച്ചിരിക്കുകയാണ് ഭരണകക്ഷിയായ ബിജെപി. പ്രതിപക്ഷമായ കോണ്‍ഗ്രസും അക്കൗണ്ട് തുറക്കാന്‍ ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: