കഴിഞ്ഞ ആഴ്ചയില്‍ അത്യുത്തര കേരളത്തെപ്പറ്റിയുള്ള ഏതാനും ഓര്‍മകള്‍ പങ്കുവയ്‌ക്കുകയുണ്ടായി. പയ്യന്നൂര്‍ പുഴ മുതല്‍ ഉള്ളാല്‍പുഴ വരെ നീണ്ടുകിടന്ന ആ പ്രദേശം ഇന്നു കേരളത്തിന്റെ കാസര്‍കോട് ജില്ലയിലാണ്. വടക്കെ മലബാറിനും അപ്പുറത്താണാ സപ്തഭാഷാഭൂമി കിടന്നത്. കന്നഡവും കൊങ്കണിയും തുളുവും മലയാളവുമാണിവിടത്തെ മുഖ്യ ഭാഷകളെന്നും സൂചിപ്പിച്ചിരുന്നു. അതുപോലെ കേരള സംസ്ഥാന രൂപീകരണത്തോടെ മദിരാശി പ്രസിഡന്‍സിയില്‍നിന്ന് വേര്‍പെട്ട് പുതിയതായി രൂപീകരിക്കപ്പെട്ട കേരള സംസ്ഥാനത്തിന്റെ ഭാഗമായ മലബാറിന്റെ തെക്കെ അറ്റമായിത്തീര്‍ന്ന പൊന്നാനി താലൂക്കിനെപ്പറ്റി വിചാരിക്കയാണിപ്പോള്‍. തെക്ക് അഴിക്കോട് മുതല്‍ വടക്ക് ബേപ്പൂര്‍വരെ നീണ്ട പ്രദേശം മുഴുവന്‍ അന്നു പൊന്നാനിത്താലൂക്കിലായിരുന്നു. ബ്രിട്ടീഷ് ഭരണമവസാനിച്ചപ്പോള്‍ പൊന്നാനിപ്പുഴയ്‌ക്കു വടക്കുഭാഗം തിരൂര്‍ താലൂക്കായി. പൊന്നാനി ഭാരതപ്പുഴയ്‌ക്കു തെക്കായി. പഴയ പൊന്നാനി താലൂക്കിലായിരുന്നു മലയാളഭാഷ പിറന്നു വളര്‍ന്നു പൂത്തുല്ലസിച്ചതെന്നു പറയാം. പരപ്പനാടായിരുന്നല്ലോ ഭാരതപ്പുഴയ്‌ക്കു വടക്കുള്ള ആ പ്രദേശം. മലയാളഭാഷാപിതാവ് എന്നു നാം കരുതുന്ന തുഞ്ചത്താചാര്യന്‍ അവിടെ തൃക്കണ്ടിയൂരിലായിരുന്നു തന്റെ തുഞ്ചന്‍പറമ്പിലെ കളരി സ്ഥാപിച്ചു നടത്തിയത്. അവിടെ അദ്ദേഹം സംസ്‌കൃതത്തിന് സമാനമായ മലയാള അക്ഷരമാല ആവിഷ്‌കരിച്ചു. ആ അക്ഷരമാല ഉപയോഗിച്ച് ഹരിനാമകീര്‍ത്തനം വിരചിച്ചു. അതു കേരളത്തിലെ വിദ്യാകേന്ദ്രങ്ങളായ രാജധാനികളില്‍ പോയി അവതരിപ്പിക്കുകയും അവിടെ നിഷ്‌കര്‍ഷിച്ചു പഠിപ്പിക്കുകയും ചെയ്തു. അമ്പലപ്പുഴയിലും കൊല്ലത്തും തിരുവനന്തപുരത്തും അതിന്റെ അക്ഷരക്കളരികള്‍ സ്ഥാപിച്ചു. അവിടത്തെ നാടുവാഴികളുടെ ഉന്മുക്തമായ പ്രോത്‌സാഹനവും ലഭിച്ചു.
എഴുത്തച്ഛനും പൊന്നാനിക്കാരനായിരുന്നുവെന്നു പറയാം. പൊന്നാനിയ്‌ക്കു തെക്ക് പെരുമ്പടപ്പിലായിരുന്നു പഴയ കൊച്ചി രാജസ്ഥാനത്തിന്റെ മൂലം. പെരുമ്പടപ്പ് സ്വരൂപമെന്നാണല്ലോ പ്രസിദ്ധി. സ്ഥലരൂപ സ്ഥാനമായ ചിത്രകൂടം സാമൂതിരി കൈവശപ്പെടുത്തിയപ്പോള്‍ തന്റെ കിരീടവുമായി അദ്ദേഹം തൃപ്പൂണിത്തുറയില്‍ ആസ്ഥാനമാക്കി. ചിത്രകൂടം തിരിച്ചുകിട്ടുന്നതുവരെ കിരീടം മടിയില്‍ വെക്കുകയേയുള്ളൂ എന്നും തീരുമാനിച്ചു. നാലു നൂറ്റാണ്ടിലേറെക്കാലം ഔപചാരികച്ചടങ്ങുകള്‍ക്ക് കിരീടം മടിയില്‍വച്ചാണ് തമ്പുരാ ന്‍ എഴുന്നള്ളിയത്.
ഞാന്‍ സ്‌കൂളില്‍ താഴ്ന്ന ക്ലാസുകളില്‍ പഠിക്കുമ്പോള്‍ നിര്‍മല എന്ന ഒരു സിനിമ കണ്ടതോര്‍ക്കുന്നു. അതിലെ ഏറ്റവും ആകര്‍ഷകമായ രംഗം അത്തച്ചമയ എഴുെന്നള്ളത്തും മഹാകവി ജി. ശങ്കരക്കുറുപ്പ് രചിച്ച വഞ്ചിപ്പാട്ടുമായിരുന്നു. തമ്പുരാന്‍ തലപ്പാവണിഞ്ഞു കിരീടം മടിയില്‍വെച്ചുകൊണ്ട് പല്ലക്കില്‍ ഇരുന്നത് സിനിമയില്‍ കണ്ടു.
പഞ്ചരത്‌നത്തളികയില്‍ മെച്ചമേറും പല പൂക്കള്‍
വെച്ച വനദേവതമാര്‍ പിന്നെ നിരക്കെ
ലോലമാം നെല്ലോല നെയ്ത
നീലസാരി പുതച്ചതിന്‍
മേലനേകം കതിര്‍മാല
ലീലയില്‍ ചാര്‍ത്തിയ
ആനന്ദത്തേനരുവിയില്‍ സ്‌നാനമാടിസ്‌നഗ്ധമേനി സൂതസുരഭിലസസ്യശ്യാമളമായ്
എന്നിങ്ങനെ അതിന്റെ വരികള്‍ കുറേക്കാലം ആളുകള്‍ പാടിനടന്നു.
രാജഭരണം കഴിഞ്ഞ് ഒരു പത്തുവര്‍ഷത്തെ ജനകീയവും പോയശേഷമാണ് സംഘപ്രചാരകനായി ഗുരുവായൂര്‍ പോകാന്‍ എനിക്കവസരം ലഭിച്ചത്. ഇഎംഎസ്സിന്റെ മന്ത്രിസഭ അധികാരമേറ്റ് അധികം കഴിയുന്നതിനു മുമ്പ് ഞാന്‍ ഗുരുവായൂരെത്തി. ഗുരുവായൂര്‍ ഉള്‍പ്പെടുന്ന ചാവക്കാട് ഫര്‍ക്കയും തെക്ക് നാട്ടിക ഫര്‍ക്കയും പൊന്നാനിയില്‍നിന്നു വിടര്‍ത്തി ഒരു താലൂക്കാക്കി തൃശ്ശിവപേരൂര്‍ ജില്ലയില്‍ ചേര്‍ത്തു. പഴയ പൊന്നാനി താലൂക്കിന്റെ തെക്കുഭാഗം അങ്ങനെ ഇല്ലാതായി. ബസ്സുകള്‍ മുമ്പത്തെപ്പോലെ, കൊച്ചി രാജ്യഭാഗമായ കൊടുങ്ങല്ലൂരില്‍ പോകില്ല. ആല എന്ന സ്ഥലത്തു നില്‍ക്കയേയുള്ളൂ. യാത്രക്കാര്‍ അവിടെ ഇറങ്ങി ബസ് മാറിക്കയറണം. എന്നാല്‍ മലബാറിലെ അഴീക്കോടിലേക്കാണെങ്കില്‍ നേരേപോകാം. അഴീക്കോട് ചെന്നാല്‍ അവിടെ പഴയ തിരുവിതാംകൂറും കൊച്ചിയും മലബാറും അഭിമുഖമായിവരുന്ന ഒരു ജലസന്ധി കാണാം. അഴീക്കോട് തീരത്ത് ആയിടെ മാര്‍തോമാശ്ലീഹായുടെ തോളെല്ല്, ചീനയിലെ ഒരു പറങ്കികോളനിയില്‍നിന്ന് എഴുന്നെള്ളിച്ചുകൊണ്ടുവന്ന് പുതിയതായി നിര്‍മിക്കപ്പെട്ട പള്ളിയില്‍ തിരുശേഷിപ്പായി സ്ഥാപിച്ചിരുന്നു. മാര്‍തോമാദിനത്തിന് അവിടെ വലിയ ആഘോഷവും തീര്‍ഥാടനവും നടന്നുവരുന്നു. എ.ജെ. ജോണ്‍ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു പ്രസ്തുത ചടങ്ങ്. അന്നുമുതല്‍ അതു പൊതുഅവധിയാക്കപ്പെട്ടു. നാടന്‍രീതിയില്‍ ‘തോറാനപ്പെരുന്നാള്‍’ എന്നാണ് അതിനു പറയുക. ആ സമയത്ത് തകര്‍ത്തു കാലവര്‍ഷം പെയ്യുന്നുണ്ടാവും. ‘തോറാനപ്പെരുന്നാളിന് ആറാന’ ഒഴുകിവരുമെന്നാണ് വിശ്വാസം. ആ സ്ഥാനവും പൊന്നാനി താലൂക്കിലായിരുന്നത് കേരളം വന്നതോടെ മാറി.
ഞാന്‍ ഗുരുവായൂര്‍ പ്രചാരകനായിരുന്ന രണ്ടു കൊല്ലക്കാലവും പൊന്നാനിയില്‍ പോയിട്ടില്ല. എന്നാല്‍ അവിടെ മണത്തല ശാഖയില്‍ പങ്കെടുത്തിരുന്ന ചില ഇടക്കഴിയൂര്‍ക്കാര്‍ ജില്ലക്കപ്പുറമുള്ളവരായിരുന്നു. ഗുരുവായൂരിലെ ബാലകൃഷ്ണന്‍നായര്‍ അന്നു പൊന്നാനിയില്‍ പ്രചാരകനായിരുന്നു. അവിടത്തെ അന്തരീക്ഷത്തെ അദ്ദേഹം വിവരിച്ചുതരുമായിരുന്നു. പൊന്നാനിയിലെ മൗനത്തുല്‍ ഇസ്ലാം സഭ ദക്ഷിണഭാരതത്തിലെ ഏറ്റവും വലിയ മതപരിവര്‍തനകേന്ദ്രമായിരുന്നു. വടക്കേ മലബാറില്‍നിന്ന് പലവിധ പ്രലോഭനങ്ങളില്‍പ്പെടുത്തി തീവണ്ടിമാര്‍ഗം കൊണ്ടുവന്ന് കുറ്റിപ്പുറത്ത് ഇറക്കി പൊന്നാനിയിലെത്തിക്കുന്ന വന്‍ ഗൂഢസംഘം പ്രവര്‍ത്തിച്ചിരുന്നു. അവരെ നിരീക്ഷിക്കാനും,
വിവരങ്ങള്‍ ശേഖരിക്കാനും ശങ്കര്‍ ശാസ്ത്രി മലബാര്‍ പ്രചാരകനായിരുന്നപ്പോള്‍, ആര്യസമാജവുമായി ചേര്‍ന്നു വ്യവസ്ഥകള്‍ ചെയ്തിരുന്നു. ഏതാനും വര്‍ഷങ്ങളായി ഇസ്ലാമിക തീവ്രവാദവും മതംമാറ്റങ്ങളും ശക്തിയാര്‍ജിച്ചപ്പോള്‍ മൗനത്തുല്‍ ഇസ്ലാം സഭയും കൂടുതല്‍ ഊര്‍ജസ്വലമായി എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. ”മെക്കയില്‍ പാതി പൊന്നാനി” എന്ന വിശ്വാസംപോലുമുണ്ട് എന്ന് അവിടെ ചെല്ലുമ്പോള്‍ മനസ്സിലാകും.
കേരളീയ മേധയും പ്രതിഭയും ഏറ്റവും ഉന്നതതലത്തില്‍ പൊന്നാനിയിലാണെന്ന് നിസ്സംശയം പറയാം. രണ്ടു ജ്ഞാനപീഠങ്ങളും ഒരാസ്ഥാന മഹാകവിപ്പട്ടവും പൊന്നാനിയ്‌ക്കാണ് വന്നത്. എംടിയും അക്കിത്തവും വള്ളത്തോളും. ഒഎന്‍വിയുടെ പത്‌നിയും വള്ളത്തോള്‍ കുടുംബത്തിലെയാണല്ലൊ. സാഹിത്യനായകന്മാരെത്ര! കുറ്റിപ്പുറത്തു കേശവന്‍ നായര്‍, ഉറൂബ്, നാലപ്പാട്ട് ബാലാമണിയമ്മ, നാരായണ മേനോന്‍, ഇടശ്ശേരി, കമലദാസ്, സാമൂഹ്യപരിഷ്‌കര്‍ത്താക്കളെത്ര, ‘നമ്പൂരിയെ മനുഷ്യനാക്കാന്‍ പുറപ്പെട്ട’ വി.ടി. ഭട്ടതിരിപ്പാട്, പിന്നീട് മനുഷ്യനെ നമ്പൂരിയാക്കാനും ഒരുമ്പെട്ടു. അവിസ്മരണീയനായ എം.ഗോവിന്ദനാകട്ടെ
‘എഴുത്തോ നിന്റെ കഴുത്തോ
എന്തിനോടാണ് ഏറ്റമിഷ്ടം
എന്നു ചോദിച്ചെന്‍ മുന്നിലെത്തും മുമ്പേ
ദൈവമേ നീയുണ്മയെങ്കില്‍
എന്നെ കെട്ടിയെടുത്തേക്ക്
നരകത്തിലേക്കെങ്കിലങ്ങോട്ട്’ എന്നെഴുതിയതും മറക്കാനാവില്ല.
പുന്നയൂര്‍ക്കുളത്തെ ടി.ഡി.വിനോദിനിയമ്മയേയും കരുണാകരന്‍ നായരെയും കുടുംബത്തെയും മറക്കാനാവുമോ? എടപ്പാളില്‍ മതിലകത്തു ദേവകിയമ്മ ടീച്ചര്‍ ജനസംഘത്തിന്റെ സംസ്ഥാനാധ്യക്ഷയായി. ആ നിലയ്‌ക്കു അവര്‍ ഭാരതമാകെ സഞ്ചരിച്ചു, ‘അമ്മാജി’ എന്ന പ്രശസ്തി നേടി. പ്രധാനമന്ത്രിയായി അടല്‍ജി കോഴിക്കോടു വന്നപ്പോള്‍ അവര്‍ കാണാന്‍ പോവുകയും ഗസ്റ്റ് ഹൗസില്‍ എത്തി കളക്ടര്‍ മുഖാന്തിരം വിവരമറിയിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം എണീറ്റുവന്നാണ് അവരെ സ്വീകരിച്ചിരുത്തിയത്.
പ്രാചീന പൊന്നാനിയിലായിരുന്നല്ലൊ ‘മീന്‍ തൊട്ടുകൂട്ടാന്‍’ എഴുത്തച്ഛന്റെ ആദേശം ലഭിച്ച പട്ടേരിപ്പാട് നാരായണീയമെഴുതിയത്. സൂര്യന്‍ ഭൂമിയെയല്ല, മറിച്ചാണ് പ്രദക്ഷിണം വയ്‌ക്കുന്നതെന്നു കണ്ടെത്തിയ ആര്യഭട്ടന്‍ പൊന്നാനിയില്‍നിന്ന്, കന്യാകുമാരിയിലേക്കു കടലിലൂടെ കപ്പല്‍ യാത്ര ചെയ്തപ്പോഴാണ് അതിനു സമവാക്യങ്ങള്‍ ഉണ്ടാക്കിയതത്രേ. തന്റെ കപ്പല്‍ സ്ഥിരവും, തീരത്തെ വൃക്ഷങ്ങള്‍ പിന്‍ചലനാത്മകവുമായി കണ്ടതാണ് അതിനടിസ്ഥാനമായി സ്വീകരിച്ചത് എന്ന് പറയപ്പെടുന്നു.
അടിയന്തരാവസ്ഥയ്‌ക്കുശേഷം ജന്മഭൂമിയുടെ ഓഹരിയുമായി പുന്നയൂര്‍ക്കുളത്തിനടുത്ത് ഒരു യോഗം വിളിച്ചപ്പോള്‍ അതില്‍ പങ്കെടുത്തതില്‍ ഒരാള്‍ പാണ്ടമ്പറത്തു മനയ്‌ക്കലെ ഒരു നമ്പൂതിരി യുവാവായിരുന്നു. അദ്ദേഹവുമായി സംസാരിക്കുമ്പോള്‍ ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി വിവരിക്കുന്ന അതേ മനയാണോ എന്നന്വേഷിച്ചു. ‘അതെ’ എന്ന മറുപടി കിട്ടിയപ്പോള്‍, അതില്‍ വിവരിക്കുന്ന അനുഗൃഹീതമായ ഭരണി ഇപ്പോഴുമുണ്ടോ എന്നു ഞാന്‍ ആരാഞ്ഞു. ഹൈദരുടെയും ടിപ്പുവിന്റെയും ആക്രണകാലത്ത് അതു തകര്‍ന്നിരിക്കും, ഇപ്പോഴത്തെ മന പിന്നീടു പണിഞ്ഞതാണ് എന്ന മറുപടിയാണ് ലഭിച്ചത്. പൊന്നാനിക്കാരുടെ സത്യസന്ധതയെ കാണിക്കുന്നതാണ് കഥ. ഒരു ചീനക്കാരന്‍ വ്യാപാരി പതിവുപോലെ ഭരണികളുമായി തുറമുഖത്തടുത്തു. കച്ചവടം കഴിഞ്ഞു ബാക്കി വന്ന 12 ഭരണികള്‍ ഒരു ഇല്ലത്ത് സൂക്ഷിക്കാനേല്‍പ്പിച്ചു. ചീനയ്‌ക്കുപോയി. പിന്നീട് ഭീകരമായ ക്ഷാമം മൂലം രാജ്യം കഷ്ടപ്പെട്ടു. ഭരണിയില്‍ ഭക്ഷണസാധനമുണ്ടോ എന്നു ഗൃഹനാഥന്‍ നോക്കിയപ്പോള്‍ മുകളില്‍ മാത്രം പരിപ്പും അടിയില്‍ സ്വര്‍ണ്ണനാണയങ്ങളുമാണെന്നു മനസ്സിലായി. അതിലെ ഓരോ നാണയമെടുത്ത് വിറ്റ് അവര്‍ ചെലവ് കഴിച്ചു. അതുകൊണ്ടവര്‍ വാണിജ്യത്തിലേര്‍പ്പെട്ടു. ധാരാളം സമ്പാദിച്ചു. ചീനക്കാരന്‍ വരാന്‍ 12 വര്‍ഷമെടുത്തു. നമ്പൂതിരി അപ്പോഴേക്കു ധനാഢ്യനായി. 12 ഭരണികള്‍ക്കു പലിശയായി ഓരോ ചെറിയ ഭരണിയും വാങ്ങി നിറച്ചു വച്ചു. ചീനക്കാരന്‍ വന്നപ്പോള്‍ നമ്പൂതിരിയുടെ ഐശ്വര്യസമൃദ്ധി കണ്ട് ആശങ്കപ്പെട്ടുവെങ്കിലും അദ്ദേഹം മുഴുവന്‍ ഭരണികളും പലിശയായി ചെറുഭരണികളും കൊടുത്തതില്‍ സന്തുഷ്ടനായി ചെറുഭരണികള്‍ വാങ്ങാന്‍ കൂട്ടാക്കിയില്ലത്രേ.
പൊന്നാനിക്കാരുടെയും ചീനക്കാരുടെയും സത്യസന്ധതയും വിശ്വാസവും കാണിക്കാവുന്നതാണ് കഥ. മാപ്പിളലഹളക്കാലത്ത് പൊന്നാനിയിലെ ഹിന്ദുക്കളെ തലവീശിക്കളയാന്‍ വന്ന ആയുധധാരികളെ നോക്കി ആഹ്വാനം ചെയ്ത് ശാന്തരാക്കിയ കെ.കേളപ്പജിയുടെ ജീവിതവും പൊന്നാനിയില്‍ പ്രശോഭിച്ചു.
ഒന്നാം പൊതു തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്കു കോണ്‍ഗ്രസിനെതിരെ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയായി നിന്ന് ജയിച്ച കേളപ്പജിയാണ്, മന്ത്രിയാവാനും ഗവര്‍ണറാകാനുമുള്ള നെഹ്‌റുവിന്റെ ക്ഷണം നിരസിച്ചത്. ഗ്രാമീണ വികാസത്തിനായി റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് നെഹ്‌റുവിനോടു ചോദിച്ചനുവദിപ്പിച്ച ആ സ്ഥാപനം കേളപ്പജിയുടെ സ്വപ്‌നങ്ങളെ തകര്‍ത്തു. അദ്ദേഹത്തിന്റെ ശിഷ്യത്വം ഭാവിച്ചവര്‍ തന്നെ അതു കുട്ടിച്ചോറാക്കി.
പൊന്നാനിയെ മുഴുവന്‍ കാണാനും അറിയാനും ആര്‍ക്കും ആവില്ല. മഹാഭാരതം ഹ്രസ്വഭാരതമായി ചുരുങ്ങിയതുപോലെ ബേപ്പൂര്‍ പുഴ മുതല്‍ പെരിയാര്‍ വരെ നീണ്ട പൊന്നാനി ഭാരതപ്പുഴയുടെ പതനസ്ഥാനത്തൊതുങ്ങിപ്പോയി. തീര്‍ച്ചയായും വിസ്തൃതമായ പൊന്നാനി പ്രശസ്തി വേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: