തിരുവനന്തപുരം : ഭരണഘടനയ്‌ക്കെതിരെ പരാമര്‍ശം നടത്തിയതില്‍ മുന്‍ മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. മല്ലപ്പള്ളിയിലെ സജി പ്രസംഗത്തിനെതിരെയുള്ള കേസാണ് അവസാനിപ്പിക്കുന്നത്. തെളിവില്ലെന്നും ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാനുള്ള പോലീസിന്റെ ഈ നീക്കം.
കോടതി നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് സജി ചെറിയാനെതിരെ കേസെടുത്തത്. നിലവില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ കേസില്‍ അന്വേഷണം നടത്തി ഒരു റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. ഏത് വകുപ്പുകള്‍ പ്രകാരമാണോ കേസെടുത്തത്. അത് തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് പോലീസ് നോട്ടീസും നല്‍കും.
വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രി സ്ഥാനം നഷ്ടമായത്. മന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ തന്നെ എംഎല്‍എ സ്ഥാനം കൂടി സജി രാജിവയ്‌ക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സജി എംഎല്‍എയായി തുടരട്ടെ എന്ന നിലപാടാണ് സിപിഎം അന്ന് സ്വീകരിച്ചത്. അദ്ദേഹത്തിന് പകരമായി ആരേയും മന്ത്രി സ്ഥാനത്തേയ്‌ക്ക് തെരഞ്ഞെടുത്തിട്ടുമില്ല. ഇതോടെ കേസ് തീര്‍പ്പാക്കി സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി തിരിച്ചെത്തുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
അതേസമയം പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ഹാജരാക്കിയിട്ടും സജി ചെറിയാനെതിരെ തെളിവില്ല എന്ന് പറയുന്നത് പോലീസിന്റെ നിഷ്‌ക്രിയത്വം ആണെന്ന് അഡ്വ. ബൈജു നോയല്‍ ആരോപിച്ചു. എന്നാല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചാലും കേസില്‍ നിയമപ്രശ്‌നങ്ങള്‍ ബാക്കിയുണ്ട്. അന്വേഷണം നിര്‍ത്തലാക്കിയ പോലീസ് തീരുമാനം ചോദ്യം ചെയ്ത് പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാനും അവസരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: