കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്റെ ഇടപാടുകള്‍ നടക്കാത്ത വിവിധ അക്കൗണ്ടുകളില്‍ നിന്നുള്ള 15.24 കോടി തട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ നല്ലൊരു പങ്ക് കളഞ്ഞ് കുളിച്ചത് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍. ഏകദേശം എട്ട് കോടിയോളം രൂപ ഇങ്ങിനെ തുലച്ചിട്ടുണ്ടാകാമെന്ന് വിവരം പുറത്തുവരുന്നു. റമ്മി ഉള്‍പ്പെടെയുള്ള പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകളാണ് കളിച്ചത്. റിജില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ അടിമയാണെന്ന് കരുതുന്നു.
തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാനേജര്‍ റിജില്‍ ഒളിവിലാണ്. കോര്‍പറേഷന്റെ പല അക്കൗണ്ടുകളിലേയും പണം ആദ്യം റിജിലിന്റെ അച്ഛന്റെ അക്കൗണ്ടിലേക്കാണ് ആദ്യം മാറ്റിയത്. ചെറിയ ചെറിയ തുകകളായി മാറ്റിയ ശേഷം പിന്നീട് അച്ഛന്റെ ബാങ്കില്‍ നിന്നും തുക റിജിലിന്റെ അക്കൗണ്ടിലേക്ക് മാറ്റി.
അച്ഛന്റെ അക്കൗണ്ടിലേക്ക് പണം മാറ്റുമ്പോള്‍ ഈ തുക എവിടെ നിന്നു വരുന്നു എന്ന കോളം പൂരിപ്പിക്കാതെ വിടുകയായിരുന്നു. സീനിയര്‍ മാനേജരുടെ അധികാരമാണ് റിജില്‍ ദുര്‍വിനിയോഗം ചെയ്തത്.
കുടുംബശ്രീ അക്കൗണ്ടുകളില്‍ നിന്നുള്ള ഏകദേശം 10.5 കോടി രൂപ കാണാതായിട്ടുണ്ട്. ആദ്യം 98 ലക്ഷം രൂപ മാത്രമാണ് കവര്‍ന്നത് എന്നായിരുന്നു ബാങ്ക് വാദിച്ചത്. എന്നാല്‍ രണ്ടരക്കോടി തട്ടിച്ചിട്ടുണ്ട് എന്ന വാദത്തില്‍ കോര്‍പറേഷന്‍ ഉറച്ചുനിന്നു. പിന്നീട് ബാങ്കിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ 2.5 കോടിയോളം റിജില്‍ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്ന് തെളിഞ്ഞപ്പോള്‍ റിജിലിനെ പിരിച്ചുവിട്ടു. ഈ തുക ബാങ്ക് കോര്‍പറേഷന് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതേ ശാഖയിലെ കോര്‍പറേഷന്റെ മറ്റ് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും പണം തട്ടിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇപ്പോള്‍ ബാങ്കിന്റെ ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നുള്ള ഓഡിറ്റിങ് വിഭാഗം കോഴിക്കോട് എത്തിയിരിക്കുകയാണ്. ഇതോടെ കൂടുതല്‍ തട്ടിപ്പ് പുറത്തുവരാമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: