കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നതാണ് ഔദ്യോഗിക പേര്. 1964 ലാണ് പുതിയ പേരുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്). പ്രസവ വാര്‍ഡ് സ്ത്രീകള്‍ക്കുമാത്രം എന്നെഴുതുംപോലെ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്സിസ്റ്റായാലും ലെനിനിസ്റ്റായാലുമെന്ത് എന്ന് ചോദിക്കുന്നവര്‍ക്കതാകാം. പക്ഷേ മാര്‍ക്സിസ്റ്റുകാരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റെന്ന് ഊറ്റം കൊള്ളുന്നവരാണ് മാര്‍ക്സിസ്റ്റുകാരെല്ലാം. പണമുണ്ടാക്കുന്ന യന്ത്രമാകാന്‍ മാര്‍ക്സ് ഇഷ്ടപ്പെട്ടില്ലെന്നാണ് ഉപന്യാസത്തില്‍ എം.ഗോവിന്ദന് കുറിച്ചിട്ടിരിക്കുന്നത്. അതിപ്രകാരം: വിപ്ലവകാരിയായ ചിന്തകനെന്ന നിലയില്‍ മാര്‍ക്സിന്റെ ഏറ്റവും ഫലഭൂയിഷ്ഠ ഘട്ടം ലണ്ടനിലാണ് കഴിച്ചുകൂട്ടിയത്. ആദ്യമദ്ദേഹം ലണ്ടനില്‍ വന്നപ്പോള്‍ വളരെ മോശമല്ലാത്ത ഒരിടത്ത് ഒരു കൊച്ചുകെട്ടിടം വാടകയ്ക്കെടുത്തു. 1850 ലെ പൂക്കാലത്ത് വാടകബാക്കിക്ക് അദ്ദേഹം കുടിയൊഴിപ്പിക്കപ്പെട്ടു. അതിനുശേഷം സോഹോവിലെ ഒരു പാവപ്പെട്ട തെരുവിലായി താമസം. അവിടെ കുടുംബം മുഴുവനും, ആറുപേര്‍, വെട്ടംകിട്ടാത്ത രണ്ട് മുറികളില്‍ ജീവിച്ചു. വാടകകൊടുക്കാന്‍ നിര്‍വാഹമില്ലാതെ വീടൊഴിക്കപ്പെട്ട ആ ദിവസം കാറല്‍മാര്‍ക്സിന്റെ പത്നി തന്റെ ഒരു മിത്രത്തിനയച്ച കത്തില്‍ ഇങ്ങനെയാണ് വിവരിച്ചിട്ടുള്ളത്.
”ഞാന്‍ ആ ദിവസത്തെ ജീവിതം വിശദീകരിക്കാം. ഏതെങ്കിലും അഭയാര്‍ഥികള്‍ക്ക് ഇത്ര ദിനാനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നിങ്ങള്‍ക്ക് അപ്പോള്‍ വ്യക്തമാവും. പോറ്റമ്മമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ആരെയും നിയമിച്ചില്ല. എന്റെ പുറംഭാഗവും മുലകളും കഠിനമായി വേദനിപ്പിച്ച് ഞാന്‍ കുഞ്ഞിന് മുലകൊടുത്തു. (ലണ്ടനില്‍ മാര്‍ക്സും കുടുംബവും താമസമാക്കി കുറച്ചുകഴിഞ്ഞപ്പോള്‍, മാര്‍ക്സിന്റെ പത്നി ഒരാണ്‍കുട്ടിയെ പ്രസവിച്ചിരുന്നു. ആ കുഞ്ഞ് ഏറെ താമസിയാതെ മരിച്ചു.) പാവപ്പെട്ട ആ കൊച്ചുമാലാഖ മുലപ്പാലോടൊപ്പം എന്റെ ഗൂഢദുഃഖങ്ങളും വേവലാതികളും വലിച്ചുകുടിച്ചിരുന്നതിനാല്‍ അവനെപ്പോഴും സുഖക്കേടായിരുന്നു. രാവും പകലും നൊന്തുകിടന്നു. ഈ ലോകത്തില്‍ വന്നതില്‍പ്പിന്നെ അവനൊരു രാത്രിയും ഉറങ്ങിയിട്ടില്ല, തുടര്‍ച്ചയായി രണ്ടോ മൂന്നോ മണിക്കൂറിലധികം. ഇയ്യിടെയായി അവന് ജീവിതത്തിന്റെയും മരണത്തിന്റെയുമിടയില്‍ തങ്ങുകയാണ്. ഈ വേദനക്കിടയില്‍ അവന് ശക്തിയോടെ മുലകുടിക്കും; എന്റെ മുലക്കണ്ണ് മുറിഞ്ഞുപൊട്ടുന്നു: അവന്റെ പിഞ്ചുവായയില്‍ പലപ്പോഴും ചോര ചോര്‍ന്നൊലിക്കുന്നു. ഞാനിങ്ങനെയിരിക്കെ ഒരുനാള്‍, ഞങ്ങളുടെ വീട്ടുടമ വന്നുകയറി. മഞ്ഞുകാലത്ത് ഞങ്ങള്‍ അവള്‍ക്ക് കുറെ പണം കൊടുത്തിട്ടുണ്ട്. അവള് അഞ്ചു പവന്‍കൂടി ഉടനടി കൊടുത്തേ മതിയാകൂവെന്ന് ശഠിച്ചു. ഞങ്ങള്‍ കൊടുക്കാനുള്ളതാണ്, പെട്ടെന്ന് അതു കൊടുക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല.
”രണ്ട് ആമീന്‍മാര്‍ വീട്ടില്‍ പ്രവേശിച്ചു. എന്റെ എല്ലാ സാമാനങ്ങളും അവര്‍ ജപ്തിചെയ്തു. കിടക്കകള്‍, തുണികള്‍, എല്ലാം. എന്റെ പിഞ്ചുപൈതലിന്റെ തൊട്ടില്‍പോലും. പെണ്‍കുട്ടികളുടെ കളിക്കോപ്പുകളും. കണ്ണീര് നിറഞ്ഞ് അവരവിടെ നിന്നിരുന്നു. രണ്ടുമണിക്കൂറിനകം എല്ലാം കൊണ്ടുപോകുമെന്ന് ആമീന്‍മാര്‍ ഭീഷണിപ്പെടുത്തി. അങ്ങനെ സംഭവിച്ചാല്‍ ഞാനും എന്റെ കൊച്ചുങ്ങളും തണുത്തുവിറച്ച് പച്ചനിലത്തില്‍ കിടക്കണം. ഞങ്ങളുടെ സുഹൃത്ത് ഷ്റാം സഹായാര്‍ത്ഥം നഗരത്തിലേക്ക് ധൃതിപ്പെട്ടെത്തി. അയാള്‍ കുതിരവണ്ടിയിലേറിയാണ് വന്നത്. കുതിരകള്‍ നില്‍ക്കാതെ കുതിച്ചുപാഞ്ഞു. അയാള്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. ചോരയൊലിപ്പിച്ചുകൊണ്ടാണ് ഞാനും കുഞ്ഞുങ്ങളും കഷ്ടപ്പൊടില്‍ വിറച്ചുനിന്നിരുന്നിടത്തേക്ക് അയാള്‍ വന്നെത്തിയത്.”
”പിറ്റേന്ന് ഞങ്ങള്‍ക്ക് വീടുവിടേണ്ടിവന്നു. അന്നു വല്ലാത്ത ശൈത്യമുണ്ടായിരുന്നു; മഴയും. എന്റെ ഭര്‍ത്താവ് താമസിക്കാനൊരു വിടന്വേഷിച്ചുനടന്നു; നാലുകുട്ടികളുണ്ടെന്നറിഞ്ഞപ്പോള്‍ എല്ലാവരും വിസമ്മതിച്ചു. ഒടുവില്‍ ഒരു സുഹൃത്ത് ഞങ്ങളുടെ സഹായത്തിനെത്തി. ഞാന്‍ കിടക്കകള്‍ വിറ്റു, മരുന്നുപീടികക്കാരനും, റൊട്ടിക്കാരനും, ഇറച്ചിക്കച്ചവടക്കാരനും, പാല്‍ക്കാരനും മറ്റും പണം കൊടുത്തുതീര്‍ക്കാന്‍. ആമീന്‍മാര്‍ വന്നിട്ടുണ്ടെന്ന അപവാദം കേട്ട ഉടനെ ബില്ലുമായി അവരെല്ലാം ഓടിയെത്തിയിരുന്നു. ഞാന്‍ വിറ്റുകഴിഞ്ഞ കിടക്കകള്‍ പുറത്തുകൊണ്ടുവന്ന് വണ്ടിയില്‍ കയറ്റിയിരുന്നു. അപ്പോഴെന്തുണ്ടായെന്ന് നിങ്ങള്‍ക്കറിയാമോ? ഈ സമയത്ത് നേരം ഇരുട്ടിയിരുന്നു. അത്രവൈകി സാധനങ്ങള്‍ കൊണ്ടുപോകുന്നത് ഇംഗ്ലണ്ടില്‍ നിയമവിരുദ്ധമായിരുന്നു. വീട്ടുടമസ്ഥന് പോലീസിനെ കൂട്ടിവന്നു. എന്നിട്ടയാള്‍ പറഞ്ഞു, തന്റെ സാമാനങ്ങള്‍ വല്ലതും ഇക്കൂട്ടത്തിലുണ്ടോ എന്ന് പരിശോധിക്കണമെന്ന്. ഞങ്ങള്‍ അവ കട്ടെടുത്ത് വിദേശരാജ്യങ്ങളിലേക്ക് പോകയാകുമെന്ന്. രണ്ടുമൂന്നു നിമിഷത്തിനുള്ളില്‍ ഞങ്ങളുടെ വാതിലിനുമുന്നില്‍ മുന്നൂറോളം ആളുകള്‍ തിരക്കിക്കൂടി. കിടക്കകള്‍ എത്തിച്ചുകൊടുക്കാന്‍ പറ്റിയില്ല.”
പണമുണ്ടാക്കുന്ന യന്ത്രമാകാന്‍ ജെന്നി മാര്‍ക്സിനും കഴിയാത്തതല്ലെ ഈ പൊല്ലാപ്പൊക്കെ വരുത്തിയത്. ലണ്ടനില്‍ അന്ന് ക്വാറി ഉണ്ടായിരുന്നോ? ഭാര്യയുടെ പേര് ജെന്നി എന്നതിന് പകരം ആര്യയെന്നോ ഷൈലജയെന്നോ ആയിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നോ? കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തില്‍ നിന്ന് പാര്‍ട്ടി അംഗങ്ങള്‍ അല്ലാതെ സംഭാവന നല്കിയവരില് മൂന്നിലൊന്നും ക്വാറി ഉടമകളാണെന്ന കണക്ക് സിപിഐ-എം ജനറല്‍ സെക്രട്ടറിയാണ് ഇലക്ഷന് കമ്മിഷന് സമര്‍പ്പിച്ചിട്ടുള്ളത്.
സംഭാവന നല്‍കിയവരുടെ എണ്ണത്തില്‍ രണ്ടാമതുള്ളത് സമുദ്രോല്‍പ്പന്ന കയറ്റുമതി മേഖലയിലെ സ്ഥാപനങ്ങളാണ്. 20,000 രൂപയില്‍ കൂടുതല്‍ സംഭാവന ചെക്കായോ ഓണ്‍ലൈനായോ കൈമാറിയവരുടേതാണ് പട്ടിക. ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് പാര്‍ട്ടികള്‍ എല്ലാവര്‍ഷവും കമ്മിഷന് കണക്കുനല്‍കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 10 കോടി രൂപയാണ് പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ചത്. പാര്‍ട്ടി നേതാക്കളുള്‍പ്പെടെ 535 വ്യക്തികളും സ്ഥാപനങ്ങളും സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ കേരളത്തില്‍ നിന്നു പ്രത്യക്ഷത്തില്‍ പാര്‍ട്ടി അംഗങ്ങളല്ലാത്ത വ്യക്തികളും സ്ഥാപനങ്ങളും 95. അതില്‍ 33 എണ്ണമാണ് ക്വാറി മേഖലയില്‍ നിന്നുള്ളത്. ബക്കറ്റില്‍ പണമിട്ടവരുടെ കണക്ക് ഇതിനുപുറമെയാണ്. മേയറുടെ പേര് ആര്യാ രാജേന്ദ്രനെന്നുമല്ല. ഇങ്ക്വിലാബ് സിന്ദാബാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: