ചെന്നൈ: പ്രമുഖ സീരിയല്‍ നടനും സംവിധായകനുമായ മധു മോഹന്‍ മരിച്ചെന്ന വാര്‍ത്തകള്‍ക്കെതിരെ താരം തന്നെ രംഗത്ത്. മാധ്യമങ്ങളില്‍ താരം മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവരികയും അന്വേഷണങ്ങളുമായതോടെ വാര്‍ത്ത നിരസിച്ച് മധു മോഹന്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു.
മരണ വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോണില്‍ സംസാരിക്കുന്നതും മധു മോഹന്‍ തന്നെയാണ്. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാന്‍ മരിച്ചിട്ടില്ല’ എന്നുപറഞ്ഞാണ് പല ഫോണ്‍വിളികള്‍ക്കും അദ്ദേഹം തുടക്കമിടുന്നതും. ‘ഞാന്‍ മരിച്ചോ എന്നറിയാന്‍ എന്നെ തന്നെ ആളുകള്‍ വിളിക്കുന്നുണ്ട്. യൂട്യൂബിന്റെ പബ്ലിസിറ്റിക്കു വേണ്ടി ആരോ കൊടുത്ത വാര്‍ത്തയാണിത്. ഇതിന് പിന്നാലെ പോകാന്‍ നേരമില്ല. അവര്‍ പബ്ലിസിറ്റി തേടിക്കോട്ടെ അതെനിക്കും നല്ലതാണ്, ഞാന്‍ ജീവനോടെ ഉണ്ടെന്ന് ആളുകള്‍ അറിയുമല്ലോ’ മധു മോഹന്‍ പറഞ്ഞു. ഇങ്ങനെയുള്ള വാര്‍ത്തകള്‍ വന്നാല്‍ ആയുസ്സ് കൂടുമെന്നാണ് പറയാറുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
തൊണ്ണൂറുകളിലെ മലയാളികളുടെ പ്രിയ ടെലിവിഷന്‍ താരമാണ് മധുമോഹന്. ദൂരദര്‍ശനില്‍ സംവിധാനം ചെയ്ത മാനസ, സ്നേഹസീമ തുടങ്ങിയ സീരിയലുകളാണ് മലയാളി പ്രേക്ഷകര്‍ക്ക് മെഗാസീരിയല്‍ എന്താണെന്ന് മനസിലാക്കി കൊടുത്തത്. ഇവയ്ക്കു പുറമേ രണ്ട് സ്വകാര്യ ചാനലുകളിലായി മൂന്ന് സീരിയലുകള്‍ കൂടി ചെയ്തു. ഉദ്യോഗസ്ഥ, എം.ടി. കഥകള്‍, കൃഷ്ണകൃപാസാഗരം എന്നിവയായിരുന്നു അത്.
പക്ഷെ പിന്നീട് വിവിധ കാരണങ്ങള്‍ കാരണം അദ്ദേഹം സീരിയല്‍ രംഗം വിട്ടു. ചെന്നൈയിലിരുന്നിട്ട് മലയാളം ചാനലിനു വേണ്ടി സ്ഥിരമായി സീരിയല്‍ ചെയ്യുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ട് മൂലം സീരിയലുകളെ അദ്ദേഹം ഉപേക്ഷിക്കുകായിരുന്നു. ഇതോടൊപ്പം ആറ് മലയാള സിനിമകളിലും, 22 തമിഴ് സിനിമകളിലും ഒരു ഹിന്ദി സിനിമയിലും അഭിനയിച്ചു.
ചെന്നൈയിലാണ് മധുമോഹന് സ്ഥിരതാമസമാക്കിയിരിക്കുന്നത്. തമിഴ്നാടിന്റെ മുന്‍ മുഖ്യമന്ത്രി എംജിആറിന്റെ വളര്‍ത്തുമകള്‍ ഗീതയാണ് മധുമോഹന്റെ ഭാര്യ. എംജിആര്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ മാനേജിങ്ങ് ഡയറക്ടറും കറസ്പ്പോണ്ടന്റുമാണ് അദ്ദേഹം. കൂടാതെ തമിഴ് ചാനല്‍ പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: