ന്യൂദല്‍ഹി ഖത്തര്‍ ലോകകപ്പില്‍ ഇനിയാണ് പോരാട്ടം ശരിയ്ക്കും യുദ്ധമാകാന്‍ പോകുന്നത്. തോല്‍ക്കുന്നവര്‍ പുറത്തുപോകുന്ന പ്രീക്വാര്‍ട്ടര്‍ തുടങ്ങുന്നതോടെ കളിക്ക് വീറും വാശിയും കൂടും. ആരാധകരുടെ നെഞ്ചിടിപ്പും വര്‍ധിയ്ക്കും. മെസ്സിയുടെ അര്‍ജന്റീന, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, എംബാപ്പെയുടെ ഫ്രാന്‍സ്, നെയ്മറുടെ ബ്രസീല്‍ എന്നിവയാണ് അവസാന 16ല്‍ ഇടംപിടിച്ച താരാരാധന കൂടുതല്‍ ഏറ്റുവാങ്ങുന്ന ടീമുകള്‍. ബെല്‍ജിയം, മെക്സിക്കോ, ഡെന്മാര്ക്ക്, ജര്‍മ്മനി, ഉറുഗ്വേ എന്നിവയാണ് പുറത്തുപോകേണ്ടി വന്ന വമ്പന്മാര്.
എട്ട് ഗ്രൂപ്പുകളില്‍ നിന്നും 16 ടീമുകളാണ് പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തുന്നത്. ഇതില്‍ 14 ടീമുകള്‍ എത്തിക്കഴിഞ്ഞു. അവ താഴെ
ഗ്രൂപ്പ് എ- സെനഗല്‍, ഹോളണ്ട് (അഥവാ നെതര്‍ലാന്റ്സ്)
ഹോളണ്ട്(നെതര്‍ലാന്റ്സ്) സെനഗലിനെ രണ്ട് ഗോളിന് തോല്പിച്ചതോടെ ഏഴ് പോയിന്റുകളോടെയാണ് പ്രീക്വാര്‍ട്ടറില്‍ എത്തിയത്. ഇക്വഡോറുമായി 1-1 സമനില, ഖത്തറിനെതിരെ 2-0 ന് വിജയം എന്നിവയായിരുന്നു ഹോളണ്ടിന്റെ മറ്റ് പ്രകടനങ്ങള്‍. സെനഗല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ എത്തി. ഇക്വഡോറിനെ 2-1നും ഖത്തറിനെ 3-1നും സെനഗല്‍ തോല്പിച്ചു.
ഗ്രൂപ്പ് ബി- ഇംഗ്ലണ്ട്, യുഎസ്എ
ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ബിയിലെ ഒന്നാമന്മാര്. ഇറാനെ 6-2നും അമേരിക്കക്കെതിരെ ഗോള്‍ രഹിത സമനിലയും വെയ്ല്സിനെതിരെ 3-0നുള്ള വിജയവുമായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടനങ്ങള്‍. അമേരിക്ക ഇറാനെ 1-0ന് തോല്പിച്ചു. വെയ്ല്സിനെതിരെ 1-1നും ഇംഗ്ലണ്ടിനെതിരെ ഗോള്‍രഹിത സമനിലയും നേടി.
ഗ്രൂപ്പ് സി- അര്‍ജന്റീന, പോളണ്ട്
മെസ്സി നയിക്കുന്ന അര്‍ജന്റീന മെക്സിക്കോയെയും പോളണ്ടിനെയും 2-0ന് തോല്‍പ്പിച്ചാണ് ഗ്രൂപ്പില്‍ ഒന്നാമതെത്തിയത്. പോളണ്ടും മെക്സിക്കോയും നാല് പോയിന്റ് വീതം നേടി രണ്ടാമതെത്തിയെങ്കിലും ഗോള്‍ വ്യത്യാസത്തിന് പോളണ്ട് അവസാന 16ല്‍ ഇടംപിടിച്ചു.
ഗ്രൂപ്പ് ഡി- ഫ്രാന്‍സ്, ആസ്ത്രേല്യ
കൈലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സ് ആസ്ത്രേല്യയെയും ഡെന്മാര്ക്കിനെയും തകര്‍ത്താണ് ഒന്നാമതെത്തിയത്. എന്നാല്‍ അവസാന ഗെയിമില്‍ സെനഗലുമായി തോല്‍വി ഏറ്റുവാങ്ങി നാണംകെട്ടിരുന്നു. ആസ്ത്രേല്യ ടൂണിഷയെയും ഡെന്മാര്ക്കിനെയും തോല്പിച്ച് ഗ്രൂപ്പിലെ രണ്ടാമന്മാരായി.
ഗ്രൂപ്പ് ഇ- ജപ്പാന്, സ്പെയിന്
സ്പെയിനെയും ജര്‍മ്മനിയെയും തോല്പിച്ചാണ് ജപ്പാന് ഒന്നാമതെത്തിയത്. ജര്‍മ്മനിയ്ക്കും സ്പെയിനും ഒരേ പോയിന്റ് നിലയാണെങ്കിലും ഗോള്‍മികവില്‍ സ്പെയിന് കടന്നു.
ഗ്രൂപ്പ് എഫ്- മൊറോക്കോ, ക്രൊയേഷ്യ
മൊറോക്കോ ബെല്‍ജിയത്തെയും കാനഡയെയും തകര്‍ത്താണ് ഗ്രൂപ്പില്‍ ഒന്നാമന്മാരായത്. ക്രൊയേഷ്യ കാനഡയെ തോല്പിക്കുകയും ബെല്‍ജിയവും മൊറോക്കോയുമായി സമനിലയിലാവുകയും ചെയ്തു.
ഗ്രൂപ്പ് ജി- ബ്രസീല്‍
ബ്രസീല്‍ ഗ്രൂപ്പ് ജിയില്‍ നിന്നും അവസാന 16ല്‍ എത്തിക്കഴിഞ്ഞു. ആദ്യ രണ്ട് കളയില്‍ സ്വിറ്റ്സര്‍ലന്റിനെയും (1-0) സെര്‍ബിയെയും (2-0) തോല്പിച്ചാണ് ബ്രസീല്‍ കയറിയത്. ഇനി കാമറൂണുമായി ഒരു കളി ബാക്കിയുണ്ട്. നെയ്മറിന്റെ പരുക്ക് ബ്രസീലിന്റെ തലവേദനയാണ്.
ഗ്രൂപ്പ് എച്ച്- പോര്‍ച്ചുഗല്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ അവസാന 16ല്‍ ഇടംപിടിച്ചു. ഉറുഗ്വേയെ 2-0ന് തോല്പിച്ചും ഘാനയെ 3-2ന് തോല്പിച്ചും തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ പോര്ച്ചുഗല്എത്തിക്കഴിഞ്ഞു. ഇനി തെക്കന്‍ കൊറിയയുമായി ഒരു മത്സരം ബാക്കിയുണ്ട്.
ഗ്രൂപ്പ് ജി, എച്ച് എന്നിവയില്‍ നിന്ന് ഇനി ഓരോ ടീമുകള്‍ കൂടി എത്താനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: