കണ്ണൂര്‍: കേരളത്തിലും കമ്മ്യൂണിസത്തിന്റെ അന്ത്യം ആസന്നമാണന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ പറഞ്ഞു. കണ്ണൂരില്‍ കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന വാര്‍ഷികത്തില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സിപിഎം ഭരണകൂടത്തിന്റെ സ്വജനപക്ഷപാതവും അഴിമതിയും ഈ പതനത്തിന് ആക്കംകൂട്ടും. ഉദ്യോഗസ്ഥ-ജുഡീഷ്യറി-നിയമപാലന രംഗങ്ങളിലെല്ലാം കമ്മ്യൂണിസത്തിന്റെ ഏകാധിപത്യമാണ് കേരളത്തില്‍ നടപ്പാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ബെംഗളൂരുവിലേക്ക് പോകേണ്ടിവന്നു. വ്യവസായം, നിക്ഷേപം, തൊഴില്‍ അവസരങ്ങള്‍ എന്നിവയൊന്നുമില്ലാത്ത കേരളത്തില്‍, ഉള്ള സര്‍ക്കാര്‍ ജോലിയില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നു. രാജ്യത്തെ മികച്ച നൂറ് സര്‍വകലാശാലകളില്‍ ഒന്നു പോലും കേരളത്തില്‍ നിന്നല്ല. വൈസ് ചാന്‍സിലര്‍മാരെ നിയമിക്കാനും കമ്മ്യൂണിസം അടിച്ചേല്‍പ്പിക്കാനുമാണ് സര്‍ക്കാറിന് താല്പര്യം.
വികസന പദ്ധതികളെ എതിര്‍ത്തതാണ് കമ്മ്യൂണിസ്റ്റ് ചരിത്രം. വികസനം ഉണ്ടായാല്‍ ദാരിദ്ര്യം നീങ്ങും. ദാരിദ്ര്യം നിലനിന്നാലെ കമ്മ്യൂണിസം നിലനില്‍ക്കൂ. ജയകൃഷ്ണന് മാസ്റ്ററെ പോലെയുള്ളവരെ ഇല്ലാതാക്കി ദേശീയപ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് വ്യാമോഹിച്ച കമ്മ്യൂണിസ്റ്റുകള്‍ സ്വയം ഇല്ലാതായിരിക്കുന്നു. ഭാരതീയ സംസ്ക്കാരത്തിനും പൈതൃകത്തിനും എല്ലാ കാലത്തും കമ്മ്യൂണിസ്റ്റുകള്‍ എതിരായിരുന്നു. ശബരിമലയിലെ ആചാര ലംഘനത്തിനടക്കം കൂട്ടു നിന്നത് ഇതിനുദാഹരണമാണ്, അദ്ദേഹം പറഞ്ഞു
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ ആമുഖ ഭാഷണം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, ദേശീയ സമിതിയംഗം സി.കെ. പദ്മനാഭന്, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: