തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവിരുദ്ധസമരക്കാരുടെ അക്രമസമരങ്ങള്‍ക്കു പിന്നില്‍ സര്‍ക്കാര്‍ പിന്തുണയുണ്ടെന്ന വാദത്തിന് ശക്തിയേറുന്നു. വിഴിഞ്ഞത്ത് ഞായറാഴ്ച സമരക്കാരുടെ വ്യാപക ആക്രമണം ഉണ്ടാകുമെന്ന് പോലീസിനും സര്‍ക്കാരിനും മുന്‍കൂട്ടി അറിയാമായിരുന്നിട്ടും 38 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുന്ന അവസ്ഥ ബോധപൂര്‍വം സൃഷ്ടിക്കുകയായിരുന്നു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് പ്രതിരോധം സൃഷ്ടിക്കാന്‍ ബോധപൂര്‍വം ആക്രമണത്തിന് സര്‍ക്കാര്‍ തന്നെ പച്ചക്കൊടി കാട്ടുകയായിരുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.
അദാനിയുടെ ഹര്‍ജിയില്‍ പലതവണ ഹൈക്കോടതി തുറമുഖനിര്‍മാണം തടസപ്പെടുത്തുന്നതിനെതിരെ രംഗത്തുവന്നിരുന്നു. ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്ന് അസന്നിഗ്ധമായി പറയുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കത്ത് നല്കിയ ശേഷം ശനിയാഴ്ച ടോറസ് വാഹനങ്ങളില്‍ നിര്‍മാണ സാമഗ്രികള്‍ എത്തിച്ചത്. എന്നാല്‍ അതിരാവിലെ എത്തിയ ലോറികള്‍ വിഴിഞ്ഞം സിഐ സ്ഥലത്ത് മണിക്കൂറുകള്‍ തടഞ്ഞിടുകയും തുറമുഖവിരുദ്ധസമരസമിതിക്കാര് തടിച്ചുകൂടുന്നതിനുവേണ്ട സമയമൊരുക്കുകയും ചെയ്തു. തുടര്‍ന്നാണ് വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടാവുകയും വാഹനങ്ങള്‍ തിരിച്ചുവിടുകയും ചെയ്തത്. ഇതിനുശേഷമാണ് തുറമുഖനിര്‍മാണത്തെ അനുകൂലിക്കുന്ന പ്രാദേശിക കൂട്ടായ്മയുടെ സമരപന്തലിനു നേരെ ആക്രമണമുണ്ടായത്. പോലീസ് സാന്നിധ്യത്തിലായിരുന്നു ആക്രമണം. ഇതിനുശേഷമാണ് വ്യാപകമായി പ്രദേശവാസികളുടെ വീടുകള്‍ക്കുനേരെ പാതിരിമാരുടെ നേതൃത്വത്തില്‍ ആക്രമണമുണ്ടായത്. ആക്രമണകാരികള്‍ ഓരോ വീടുകള്‍ കയറി സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ആക്രമിക്കുമ്പോഴും പോലീസ് അകമ്പടി സേവിക്കുകയായിരുന്നു. ഉന്നതരുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത് അരങ്ങേറിയതെന്ന് വ്യക്തം.
ആക്രമണത്തെ തടയാതിരുന്ന പോലീസ് ഒന്നാംപ്രതി യായി ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെയും 96 പേരെയും കണ്ടാലറിയാവുന്ന 1000 പേരെയും പ്രതിയാക്കി കേസുകള്‍ എടുക്കുകയായിരുന്നു. ഈ കേസ് എടുക്കുന്ന വേളയില്‍ തന്നെ ക്രമസമാധാനചുമതലയുള്ള എഡിജിപി കൊച്ചി കമ്മീഷണര്‍ക്കും കൊച്ചി റൂറല്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, കൊല്ലം റൂറല്‍, തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിമാരോട് അതത് സ്ഥലത്തുനിന്നും അടിയന്തരമായി വിഴിഞ്ഞത്തേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 15 പ്ലാറ്റൂണ്‍ സേനയെയാണ് തലസ്ഥാനത്തേക്ക് അയയ്ക്കാന്‍ നിര്‍ദേശിച്ചത്. കലാപത്തെ നേരിടാനുള്ള എല്ലാ ഉപകരണങ്ങളോടെയും ശനിയാഴ്ച രാത്രി തന്നെ സേനകള്‍ തിരിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദേശം അട്ടിമറിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി സ്റ്റേഷന് ആക്രമണം കഴിഞ്ഞ് പോലീസുകാരെ മണിക്കൂറുകള്‍ ബന്ദിയാക്കി കഴിഞ്ഞിട്ടായിരുന്നു വന്‍പോലീസ് സന്നാഹം സ്ഥലത്തെത്തിയത്. സ്റ്റേഷന് ആക്രമണത്തിനു മുന്നില്‍ അക്രമകാരികള്‍ സ്റ്റേഷനു ചുറ്റുമുള്ള സിസി ടിവികള്‍ തിരിച്ചുവയ്ക്കുകയും തകര്‍ക്കുകയും ചെയ്തശേഷമാണ് ആക്രമണം നടത്തിയത്. ഗൂഢാലോചന നടത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമമുണ്ടായി എന്ന് വ്യക്തമായിട്ടും 38 പോലീസുകാര്‍ ആശുപത്രിയിലായിട്ടും പ്രതികളുമായി ചര്‍ച്ച നടത്തി കസ്റ്റഡിയിലെടുത്ത നാലു പ്രതികളെ വീട്ടില്‍ പറഞ്ഞുവിടുകയായിരുന്നു. സ്റ്റേഷന് ആക്രമണത്തിലെ പ്രതികള്‍ ഇപ്പോഴും കണ്ടാലറിയാവുന്ന 3000 പേര് മാത്രമാണ്. സമരസമിതി കണ്‍വീനറുടെ പേരു പോലും പ്രതിപട്ടികയിലില്ല.
തിങ്കളാഴ്ച ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞതാവട്ടെ പ്രശ്നപരിഹാരത്തിനാണ് പോലീസ് ശ്രമിക്കുന്നതെന്നും കേന്ദ്രസേനയെ വിളിച്ചാലും നിലവിലെ സ്ഥിതിക്കു മാറ്റമുണ്ടാവില്ലെന്നുമായിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് രംഗത്തുവരികയും ചെയ്തു. നിലവില്‍ വിഴിഞ്ഞം തുറമുഖനിര്‍മാണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന സ്ഥിതി വിശേഷം ഉണ്ടെന്നു സ്ഥാപിക്കാന്‍ സര്‍ക്കാരിന് തന്നെ താല്പര്യമുണ്ടെന്നു സൂചിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവവികാസങ്ങള്‍.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: