അഹമ്മദാബാദ്: ഇക്കുറി ഗുജറാത്തില്‍ തരംഗമായി മാറിയത് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ജാംനഗറില്‍ സ്ഥാനാര്‍ത്ഥിയായ ഭാര്യ റിവാബയുമാണ്. കച്ച്-സൗരാഷ്ട്ര മേഖലകള്‍ ഈ ദമ്പതികള്‍ ഇളക്കിമറിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് പോലും റിവാബയുടെയും ജഡേജയുടെയും പ്രചാരണം തലവേദനയായി. ഡിസംബര്‍ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന ജാംനഗറില്‍ റിവാബ ജയം ഉറപ്പിച്ച് കഴിഞ്ഞു.
1.ജാം നഗര്‍ നോര്‍ത്ത്.
2017ല്‍ ബിജെപി സ്ഥാനാര്‍ത്ഥി മെറുബ ജഡേജ 40963 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് ജാം നഗര്‍ നോര്‍ത്ത്. ഇവിടെ റിവാബയുടെ ഭൂരിപക്ഷം എത്രയെന്നേ അറിയേണ്ടു.
2.മോര്‍ബി
ബിജെപി ഏറ്റവുമധികം അഗ്നി പരീക്ഷ നേരിടുന്ന മണ്ഡലം മോര്ബിയാണ്. അവിടെ തൂക്കുപാലം തകര്‍ന്നു വീണ് 135 പേരുടെ ജീവന് നഷ്ടമായതിനെ രാഷ്ട്രീയവോട്ടാക്കി മാറ്റാന്‍ ആം ആദ്മിയും കോണ്‍ഗ്രസും ശ്രമിച്ചിരുന്നു. 1995 മുതല്‍ അഞ്ച് തവണ തുടര്‍ച്ചയായി ബിജെപിയുടെ അമൃത്യ കാന്തിലാല്‍ ജയിച്ച മണ്ഡലമാണിത്. എന്നാല്‍ ഒടുവിലത്തെ തെരഞ്ഞെടുപ്പ് നടന്ന 2017ല്‍ കോണ്‍ഗ്രസിന്റെ ബ്രിജേഷ് മെര്‍ജ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു. എന്നാല്‍ ഈ ബ്രിജേഷ് മെര്‍ജ പിന്നീട് ബിജെപിയിലേക്ക് മാറുകയും തുടര്‍ന്ന് 2020ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി വിജയം വരിയ്ക്കുകയും ചെയ്തു. ഇപ്പോള്‍ ഇവിടെ ബിജെപിയ്ക്ക് വേണ്ടി മെര്‍ജ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടി ജയന്തിലാല്‍ പട്ടേല്‍ മാറ്റുരയ്ക്കുന്നു. ദുരന്തം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി കയ്യടി വാങ്ങിയ നേതാവാണ് മെര്‍ജ.
3.കംബാലിയ
കംബാലിയ എന്ന മണ്ഡലത്തില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇസുദന്‍ ഗദ് വി മത്സരിക്കുന്ന മണ്ഡലമാണ്. ബിജെപിയ്ക്ക് വേണ്ടി കാലുബായ് ചാവ് ഡയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ വിക്രംഭായ് മാഡം 11,000വോട്ടുകള്‍ക്ക് 2017ല്‍ ജയിച്ച ഈ മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരം പ്രതീക്ഷിക്കുന്നു. ബിജെപിയുടെ ഒരു മുന്‍മന്ത്രിയും ഇവിടെ മത്സരിക്കുന്നുണ്ട്.
4.കട്ടാര്ഗം
ബിജെപിയുടെ വിനോദ് ഭായി മൊറാദിയ മത്സരിക്കുന്ന മണ്ഡലമാണ് കട്ടാര്ഗം. 2017ല്‍ 70,000ല്‍പരം വോട്ടുകള്‍ക്ക് ജയിച്ച വിനോദ് ഭായി മൊറാദിയ ജയിച്ചിരുന്നു. ഇവിടെ നേരിടുന്നത് ആം ആദ്മിയുടെ ഗുജറാത്ത് അധ്യക്ഷനായ ഗോപാല്‍ ഇറ്റാലിയയെ ആണ്. മോദിയ്ക്കെതിരെ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയ ഗോപാല്‍ ഇറ്റാലിയയ്ക്കെതിരെ ശക്തമായ അമര്‍ഷം ജനങ്ങള്‍ക്കിടയിലുണ്ട്.
5.വ്യാര
ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശമുള്ള മണ്ഡലമാണ് വ്യാര. ഇവിടെ ബിജെപി ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ ആണ് നിര്‍ത്തിയിരിക്കുന്നത്. മോഹന്‍ഭായ് കൊങ്കണിയെയാണ് ബിജെപി പരീക്ഷിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തില്‍ ശക്തമായ പ്രചാരണം ഇക്കുറി ബിജെപി അഴിച്ചുവിട്ടിട്ടുണ്ട്.
6.വരാച്ച റോഡ്
വരാച്ച റോഡ് മണ്ഡലത്തില്‍ ബിജെപിയുടെ കിഷോര്‍ കനാനി മൂന്നാം ജയം തേടി ഇറങ്ങുന്നു. ഇവിടെ 2017ല്‍ 13000ല്‍ പരം വോട്ടുകള്‍ക്ക് ഇദ്ദേഹം ജയിച്ചിരുന്നു. ആം ആദ്മിയുടെ അല്‍പേഷ് കതിരിയ ആണ് എതിരാളി.
7.പോര്‍ബന്തര്‍
ബിജെപിയുടെ ബാബുഭായി ബോകിരിയ 2000ല്‍ താഴെ വോട്ടുകള്‍ക്ക് 2017ല്‍ ജയിച്ച മണ്ഡലം. ഇവിടെ പ്രധാന എതിരാളി കോണ്‍ഗ്രസിന്റെ അര്ജുന് മോദ്വാദിയ.
തെരഞ്ഞെടുപ്പ് പണ്ഡിതര്‍ ഉറ്റുനോക്കുന്ന ഈ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 89 മണ്ഡലങ്ങളില്‍ ഡിസംബര്‍ ഒന്നിന് വോട്ടെടുപ്പ് നടക്കും. തെക്കന്‍ ഗുജറാത്തിലെയും കച്ച് സൗരാഷ്ട്ര പ്രദേശത്തെയും 19 ജില്ലകളില്‍ ചിതറിക്കിടക്കുന്നവയാണ് ഈ 89 മണ്ഡലങ്ങള്‍. ബിജെപിയും കോണ്‍ഗ്രസും 89 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ ആം ആദ്മി 88 മണ്ഡലങ്ങളില്‍ മാറ്റുരയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: