ഗാന്ധിനഗര്‍: ഗോധ്രയിലെ രാമഭക്തരുടെ വികാരങ്ങളെ അയോധ്യയിലെ രാമക്ഷേത്രം മാനിക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോധ്രയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയ് ശ്രീറാം വിളിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്ത യോഗി, ഗോധ്രയിലെ വിശുദ്ധ ശക്തിപീഠമായ പാവഗഢ് സനാതന ഹിന്ദു ധര്‍മ്മത്തിന്റെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്തില്‍ എല്ലാ ദിവസവും ഭീകരാക്രമണങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍, ഇന്ന് എല്ലാവരും സുരക്ഷിതരാണ്. ഇരുപത് വര്‍ഷം മുമ്പ് ഗോധ്രയില്‍ രാമഭക്തര്‍ ജീവത്യാഗം ചെയ്തു. ഗോധ്രയിലെ രാമഭക്തരുടെ വികാരങ്ങളെ അയോധ്യയിലെ രാമക്ഷേത്രം മാനിക്കുന്നു. പരിവര്‍ത്തനത്തിന്റെ നാടാണ് ഗോധ്ര. അതിനാല്‍, ബിജെപിയുടെ വിജയം മാത്രം പോരാ, വിജയം അതുല്യമായിരിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കൂറ്റന്‍ റാലിയില്‍ പങ്കെടുത്ത ഗോധ്രയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ യോഗി പ്രതികൂലസാഹചര്യങ്ങളില്‍ നിന്ന് ഗുജറാത്ത് മുന്നേറിയെന്നും രാജ്യത്തിന് നേതൃത്വം നല്‍കിയെന്നും കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ ബിജെപിയുടെ താരപ്രചാരകരിലൊരാളാണ് യോഗി ആദിത്യനാഥ്. ഗോധ്രയിലെ ബിജെപി സ്ഥാനാര്‍ത്ഥി ചന്ദ്രസിങ് റൗളിന് വോട്ട് അഭ്യര്‍ത്ഥിച്ചായിരുന്നു റാലി. റാലി ആരംഭിക്കുന്നതിന് മുമ്പ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയില്‍ യോഗി ആദിത്യനാഥ് പുഷ്പാര്‍ച്ചന നടത്തി. സ്ത്രീകളുള്‍പ്പെടെ ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. ജയ്ശ്രീറാം മുഴക്കിയാണ് ജനക്കൂട്ടം യോഗിയെ സ്വീകരിച്ചത്. ആവേശഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് ഏറെ പാടുപെടേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: