കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വിഷ പാമ്പുകളെ പ്രദര്‍ശിപ്പിച്ചെന്ന പരാതിയില്‍ വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡിഎഫ്ഒ യുടെ നിര്‍ദേശപ്രകാരം താമരശ്ശേരി റേഞ്ച് ഓഫീസറാണ് കേസെടുത്തത്. പാമ്പുകളെ പ്രദര്‍ശിപ്പിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കാരണങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് സര്‍വീസ് ഡിപ്പാട്ട്‌മെന്റും, ക്ലിനിക്കല്‍ നഴ്‌സിങ് എജ്യുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വാവ സുരേഷ് ക്ലാസെടുത്തത്. ക്ലാസ് എടുക്കുന്നതിനിടെ മൈക്ക് പോഡിയത്തില്‍ പാമ്പിനെ വയ്‌ക്കുകയായിരുന്നു. സംഭവത്തില്‍ ആശുപത്രിക്കെതിരേയും വാവ സുരേഷിനെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ക്ലാസ് എടുക്കാനായി ജീവനുളള പാമ്പുകളെയാണ് വാവ സുരേഷ് കൊണ്ടുവന്നിരുന്നത്. നിരവധി തവണ വാവ സുരേഷിന് പാമ്പു കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയം നീലംപേരൂരില്‍ വെച്ച് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റിരുന്നു. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളോജിലേക്കും മാറ്റി. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന വിദഗ്‌ദ്ധ സംഘത്തിന്റെ ചികിത്സയ്‌ക്ക് ശേഷമാണ് വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: