ഗാന്ധിനഗര്‍: രാഹുലിന്റെ യാത്ര ഭാരതത്തെ വിഭജിക്കാനെന്ന് ബിജെപി നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗുജറാത്തിലെ ജനങ്ങള്‍ക്ക് വെള്ളമെത്തിക്കുന്ന സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് തടസ്സം നിന്ന മേധാപട്കറെപോലുള്ളവരാണ് യാത്രയുടെ ഭാഗമാകുന്നതെന്നും ഹാര്‍ദിക് പട്ടേല്‍ ആഞ്ഞടിച്ചു. ആം ആദ്മി പാര്‍ട്ടി ഗുജറാത്തില്‍ തമാശയാണ്. ബിജെപി വന്‍ഭൂരിപക്ഷത്തില്‍ ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തും. വരുന്ന പതിനഞ്ച് വര്‍ഷം മുന്‍നിര്‍ത്തിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ബിജെപി നടപ്പാക്കുന്നത്. പട്ടേല്‍ പ്രക്ഷോഭം അടഞ്ഞ അധ്യായമാണെന്നും ഹാര്‍ദിക് പട്ടേല്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രധാനമന്ത്രിയും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോദിയില്‍ ഗുജറാത്തിലെ ജനങ്ങള്‍ക്ക് പരിപൂര്‍ണവിശ്വാസമുണ്ട്. അദ്ദേഹത്തിന്റെ വികസനനയങ്ങള്‍ക്കും ജനക്ഷേമപദ്ധതികള്‍ക്കും ജനം വോട്ട് നല്‍കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായം ബിജെപിയുടെ വന്‍ വിജയം ഉറപ്പാക്കും. നിലവിലുള്ള സംവരണത്തെ ബാധിക്കാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗുജറാത്തിലെ പട്ടേലുകളുടെ പലപ്രശ്നങ്ങളും പരിഹരിച്ചു. പട്ടേല്‍ സമുദായം ഒറ്റക്കെട്ടായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഗുജറാത്തിലെ പട്ടേലുകളുള്പ്പെടെ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ നടപടി വളരെയേറെ സഹായമായിട്ടുണ്ട്. ഈ തീരുമാനം ചരിത്രപരമാണ്. അന്‍പതിലധികം സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ഇത് പ്രയോജനപ്പെടും. ഈ തീരുമാനം ബിജെപിക്ക് വളരെയധികം ഗുണം ചെയ്യും.
2017ലെ തെരഞ്ഞെടുപ്പില്‍ വിഷയം വ്യത്യസ്തമായിരുന്നു. പട്ടേല്‍ സമരം ഇരുപത് മണ്ഡലങ്ങളെ നേരിട്ടും മറ്റ് പല മണ്ഡലങ്ങളെ പരോക്ഷമായും സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പട്ടേലുകള്‍ക്ക് മാത്രമല്ല, മറ്റു പല സമുദായങ്ങള്‍ക്കും സംവരണ ആനു കൂല്യങ്ങള്‍ ലഭിക്കും. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ പൂര്‍ണ വിശ്വാസ മുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിരംഗാം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഹാര്‍ദ്ദിക് പട്ടേലിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കണ്ടുമുട്ടിയത്. നെറ്റിയില്‍ തിലകം ചാര്‍ത്തി, ഭാരത് മാതാ കീ ജയ് വിളികളോടെയാണ് ഗ്രാമവാസികള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഗ്രാമവാസികള്‍ക്കൊപ്പം അല്പനേരം. ഗുജറാത്തിന്റെ വികസനത്തിന് വോട്ട് അഭ്യര്‍ത്ഥിച്ചശേഷം വീണ്ടും അടുത്ത ഗ്രാമത്തിലേക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: